കൊല്ലം പുത്തൂരില്‍ നവജാത ശിശുവിന്റെ മൃതദേഹം തെരുവുപട്ടികള്‍ കടിച്ചുകീറിയ നിലയില്‍

കൊല്ലം: പുത്തൂരില്‍ നവജാത ശിശുവിന്റെ മൃതദേഹം തെരുവുപട്ടികള്‍ കടിച്ചുകീറിയ നിലയില്‍ കണ്ടെത്തി. മൃതശരീരത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.

കുടുംബശ്രീ പ്രവര്‍ത്തകരാണ് തെരുവുനായ്ക്കള്‍ കടിച്ചുവലിച്ച നിലയില്‍ കുഞ്ഞിന്റെ ശരീരാവയവങ്ങള്‍ കണ്ടെത്തിയത്. ഇവരാണ് പുത്തൂര്‍ പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് പുത്തൂര്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയതില്‍ നിന്ന് നവജാത ശിശുവിന്റെ കാലിന്റെയും കൈവിരലുകളുടെയും ഭാഗങ്ങള്‍ കണ്ടെത്തുകയായിരുന്നു.

മൃതശരീരത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. കുഞ്ഞിനെ പ്രസവശേഷം ജീവനോടെ ഉപേക്ഷിച്ചതാണോ അതോ മരണശേഷം മൃതദേഹം ഉപേക്ഷിച്ചതാണോ എന്നത് സംബന്ധിച്ച് അന്വേഷണം നടത്തുകയാണ്. കൊട്ടാരക്കര ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ഏത് സാഹചര്യത്തിലാണ് പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ചത് എന്നത് സംബന്ധിച്ച് വ്യക്തത ലഭിച്ചിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്. സമീപപ്രദേശത്ത് ആരെങ്കിലും ഗര്‍ഭിണികളായിരുന്നവോ എന്നും ആരുടെയെങ്കിലും കുട്ടികള്‍ മരണപ്പെട്ടിട്ടുണ്ടോ എന്നതുമൊക്കെ സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

DONT MISS
Top