കോണ്‍ഗ്രസുമായുള്ള സഖ്യം: വിവാദം ഉണ്ടാകുമ്പോഴാണ് രാഷ്ട്രീയം നന്നായി പഠിക്കാന്‍ സാധാരണ പ്രവര്‍ത്തകര്‍ പ്രേരിപ്പിക്കപ്പെടുകയെന്ന് തോമസ് ഐസക്‌

തോമസ് ഐസക്

കൊച്ചി: വിവാദം ഉണ്ടാകുമ്പോഴാണ് രാഷ്ട്രീയം നന്നായി പഠിക്കാന്‍ സാധാരണ പ്രവര്‍ത്തകര്‍ പ്രേരിപ്പിക്കപ്പെടുകയെന്ന് ധനമന്ത്രി തോമസ് ഐസക്. സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ നിലപാടിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസുമായുള്ള സഖ്യവുമായി ബന്ധപ്പെട്ട് നടന്ന ആശയസംവാദവും തീരുമാനവും സിപിഐ(എം)ന്റെ ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും ശക്തിയേയും വിളിച്ചോതുന്നുണ്ടെന്ന് പറഞ്ഞ ഐസക് ശത്രുക്കളും നിരീക്ഷകരും കരുതുന്നതുപോലെ ഇത് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുകയല്ല, മറിച്ച് പുതിയ കടമകള്‍ ഏറ്റെടുക്കാനുള്ള കരുത്തു നല്‍കുകയാണ് ചെയ്യുകയെന്നും ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം-

പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ ലൈന്‍ എന്ത്?

1) ബിജെപിയെ തോല്‍പ്പിക്കുകയാണ് ലക്ഷ്യം. ഇതിന് മതനിരപേക്ഷ ജനാധിപത്യ ശക്തികളെ അണിനിരത്തണം.

2) എന്നാല്‍ ഇതിനായി കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യം പാടില്ല.

3) മറ്റു മതനിരപേക്ഷ പാര്‍ട്ടികളും കോണ്‍ഗ്രസുമായും പാര്‍ലമെന്റില്‍ പ്രശ്‌നങ്ങളില്‍ ഏകോപിച്ചു പ്രവര്‍ത്തിക്കും.

4) വര്‍ഗ്ഗീയതയ്‌ക്കെതിരെ പാര്‍ലമെന്റിനു പുറത്തും എല്ലാ മതനിരപേക്ഷ പാര്‍ട്ടികളുമായി സഹകരിക്കും.

5) എന്നാല്‍ ബിജെപി സര്‍ക്കാരിന്റെയും മേല്‍പ്പറഞ്ഞ പാര്‍ട്ടികളുടെ അടക്കം സംസ്ഥാന സര്‍ക്കാരുകളുടെയും നവലിബറല്‍ നയങ്ങള്‍ക്കെതിരെ ശക്തമായ സമരം ഉയര്‍ത്തിക്കൊണ്ടുവരും. ഇതുവഴി മറ്റു ബൂര്‍ഷ്വാ പാര്‍ട്ടികളിലെ ബഹുജനങ്ങളെ ഇടതുപക്ഷത്തേയ്ക്ക് ആകര്‍ഷിക്കും.

6) ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കുന്നതിനുള്ള തെരഞ്ഞെടുപ്പ് അടവുകള്‍ ഉചിതമായ സമയത്തു തീരുമാനിക്കും. പക്ഷെ കോണ്‍ഗ്രസുമായി സഖ്യമോ മുന്നണിയോ ഉണ്ടാവില്ല.

ഇത്രയേ കാര്യമുള്ളൂവെങ്കില്‍ പിന്നെ എന്തിനായിരുന്നു ഇത്ര വലിയ തര്‍ക്കമെന്നു ചോദിക്കുന്നവരുണ്ട്. ഇതിന് ഒരു ചരിത്ര പശ്ചാത്തലമുണ്ട്. കഴിഞ്ഞ കാല്‍നൂറ്റാണ്ടു കാലത്തെ തെരഞ്ഞെടുപ്പു മുന്നണി ബന്ധങ്ങളുടെ നീക്കിബാക്കിയെക്കുറിച്ച് വിശദമായ ചര്‍ച്ച പാര്‍ട്ടി നടത്തിയിരുന്നു. ഇതിനു പശ്ചാത്തലമൊരുക്കിയത് കഴിഞ്ഞ ഒരു ദശകത്തില്‍ പാര്‍ട്ടിക്കുണ്ടായ തെരഞ്ഞെടുപ്പു തിരിച്ചടികളും ശക്തിക്ഷയവുമാണ്. ഇതിന് ഒരു മുഖ്യകാരണമായി കണ്ടത് കോണ്‍ഗ്രസിനെ അല്ലെങ്കില്‍ ബിജെപിയെ തോല്‍പ്പിക്കുന്നതിനു വേണ്ടി ദേശീയതലത്തിലും പ്രാദേശികതലത്തിലും മാറി മാറി പങ്കാളിയായ തെരഞ്ഞെടുപ്പു മുന്നണികളിലാണ്. ഇവ പാര്‍ട്ടിയുടെ വ്യക്തിത്വവും വിശ്വാസ്യതയും ദുര്‍ബലമാക്കി. ബംഗാളിലെ ഭരണത്തിലെ പാളിച്ചകളും അവിടുത്തെ തകര്‍ച്ചയ്ക്കു കാരണമായി.

മേല്‍പ്പറഞ്ഞ വിശകലനത്തിന്റെ അടിസ്ഥാനത്തില്‍ ബിജെപിയുടെ വര്‍ഗ്ഗീയതയെ എതിര്‍ക്കുന്നതിന് കോണ്‍ഗ്രസുമായി ഐക്യമോ ധാരണയോ വേണ്ടെന്ന് കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിച്ചു. നവലിബറല്‍ നയങ്ങള്‍ക്കെതിരെ വിവിധ ജനവിഭാഗങ്ങളുടെ സമരങ്ങള്‍ക്കു രൂപം നല്‍കുകയും അതുവഴി ഇടതുപക്ഷ ജനാധിപത്യ ബദല്‍ രാഷ്ട്രത്തിനു മുന്നില്‍ ഉയര്‍ത്തുകയുമാണ് വേണ്ടതെന്ന് തീരുമാനിച്ചു. ഈ നയത്തിന്റെ വിജയമാണ് മഹാരാഷ്ട്ര, രാജസ്ഥാന്‍, ഹിമാചല്‍പ്രദേശ് തുടങ്ങിയ പല മേഖലകളിലും ഉയര്‍ന്നുവന്ന കര്‍ഷക സമരങ്ങളും ദേശവ്യാപകമായ പണിമുടക്കങ്ങളും സാമൂഹ്യ ചൂഷണത്തിനെതിരായ പ്രക്ഷോഭങ്ങളും മറ്റും.

പക്ഷെ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ രാജ്യത്തെ ഫാസിസ്റ്റ് പ്രവണതകള്‍ കൂടുതല്‍ ശക്തിപ്രാപിച്ചു. ഇവയ്‌ക്കെതിരായി നവലിബറല്‍ നയങ്ങള്‍ക്കെതിരെ നിലപാടെടുക്കുന്നവരെ മാത്രം അണിനിരത്തിയാല്‍ മതിയോ എന്നൊരു പ്രശ്‌നം നാള്‍ക്കുനാള്‍ ഗൗരവമായി തീര്‍ന്നു. മുന്‍കാലത്തേതില്‍ നിന്നു വ്യത്യസ്തമായി പ്രാദേശിക പാര്‍ട്ടികള്‍വരെ നവലിബറല്‍ നയങ്ങളുടെ വക്താക്കളാണ്. പക്ഷെ കോണ്‍ഗ്രസാവട്ടെ നവലിബറലിസത്തിന്റെ ഉപജ്ഞാതാക്കളും ഇന്നും ഭരണവര്‍ഗ്ഗങ്ങളുടെ ദേശീയ പാര്‍ട്ടിയുമാണ്. ഇടതുപക്ഷത്തിന്റെ വ്യക്തിത്വം, അതായത് നവലിബറല്‍ നയങ്ങള്‍ക്കെതിരായ സമരങ്ങള്‍ ശക്തിപ്പെടുത്തിക്കൊണ്ട് എങ്ങനെ വര്‍ഗ്ഗീയ ഫാസിസ്റ്റു പ്രവണതകള്‍ക്കെതിരെയുള്ള പ്രതിരോധം ഉയര്‍ത്താം? ഇതിനു ലളിതമായ ഉത്തരമില്ല.

കേന്ദ്രകമ്മിറ്റിയിലെ ഭൂരിപക്ഷം ബിജെപിയെ തോല്‍പ്പിക്കുന്നതിനു വേണ്ടിയുള്ള അടവുകള്‍ക്കു രൂപം നല്‍കുമ്പോള്‍ കോണ്‍ഗ്രസുമായി സഖ്യമോ ധാരണയോ പാടില്ലെന്ന നിലപാടാണ് എടുത്തത്. കോണ്‍ഗ്രസുമായി ധാരണയെന്നു പറഞ്ഞു തുടങ്ങിയ തെരഞ്ഞെടുപ്പ് അടവ് ബംഗാളില്‍ സഖ്യമായി മാറിയ അനുഭവം ഉണ്ടല്ലോ. ഇത്തരം പാളിച്ച ഇന്നു രാജ്യത്തു വളര്‍ന്നുകൊണ്ടിരിക്കുന്ന നവലിബറല്‍ നയങ്ങള്‍ക്കെതിരായ സമരങ്ങളെ ദുര്‍ബലപ്പെടുത്തുകയും പാര്‍ട്ടിയെ ക്ഷയിപ്പിക്കുകയും ചെയ്യും എന്നതായിരുന്നു അവരുടെ ഭയം.

എന്നാല്‍ ഇപ്പോഴേ ഒരു വര്‍ഷം കഴിഞ്ഞു വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ ധാരണപോലും പാടില്ലെന്നു പറയുന്നതു വളര്‍ന്നു വരുന്ന ബിജെപി വിരുദ്ധ വികാരത്തെ ദുര്‍ബലപ്പെടുത്തുകയും വര്‍ഗ്ഗീയതയുടെ വളര്‍ച്ച മുഖ്യ ആശങ്കയായി തീര്‍ന്നിട്ടുള്ള മതനിരപേക്ഷ ശക്തികളില്‍ നിന്നു പാര്‍ട്ടിയെ ഒറ്റപ്പെടുത്തുകയും ചെയ്യും എന്നാണ് കേന്ദ്ര കമ്മിറ്റി ന്യൂനപക്ഷത്തിന്റെ നിലപാട്. കോണ്‍ഗ്രസുമായി സഖ്യമോ ധാരണയോ പാടില്ലെന്ന വ്യവസ്ഥ പാടില്ലെന്ന് അവര്‍ ശഠിച്ചു.

ഈ തര്‍ക്കമാണ് കോണ്‍ഗ്രസിന്റെ മുന്നില്‍ വന്നത് ഓരോ സംസ്ഥാനവും അവരുടെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഈ പ്രശ്‌നം ചര്‍ച്ച ചെയ്തു. അവിടെ പ്രകടിപ്പിക്കപ്പെട്ട വാദങ്ങളും വികാരങ്ങളും കണക്കിലെടുത്തുകൊണ്ട് തുടക്കത്തില്‍ പറഞ്ഞ നിലപാടുകളില്‍ എത്തിച്ചേര്‍ന്നു. കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യം പാടില്ല. എന്നാല്‍ ധാരണ പോലും പാടില്ലെന്ന ഭാഗം ഒഴിവാക്കി. പക്ഷെ ധാരണയെന്നാല്‍ എന്തൊക്കെയാവാം എന്ന് കൃത്യമായി നിര്‍വ്വചിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് അടവിന്റെ കാര്യം തെരഞ്ഞെടുപ്പു കാലത്ത് അന്തിമരൂപം നല്‍കും.

ഈ ആശയസംവാദവും തീരുമാനവും സിപിഐ(എം)ന്റെ ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും ശക്തിയേയും വിളിച്ചോതുന്നുണ്ട്. വിവാദങ്ങള്‍ ഉണ്ടാകുമ്പോഴാണ് രാഷ്ട്രീയം നന്നായി പഠിക്കുവാന്‍ സാധാരണ പ്രവര്‍ത്തകര്‍ പ്രേരിപ്പിക്കപ്പെടുക. അതുകൊണ്ട് നാലുവട്ടം പോളിറ്റ്ബ്യൂറോയിലും മൂന്നുവട്ടം കേന്ദ്രകമ്മിറ്റിയിലും നടന്ന ചര്‍ച്ചകള്‍, കരടുപ്രമേയം സംബന്ധിച്ച് എല്ലാ ഘടകങ്ങളിലും നടന്ന ചര്‍ച്ചകള്‍, അവര്‍ അയച്ചുതന്ന 8500 ല്‍പ്പരം ഭേദഗതികള്‍, ഇനി നടക്കാന്‍ പോകുന്ന താഴെ ബ്രാഞ്ചുവരെയുള്ള റിപ്പോര്‍ട്ടിങ് എല്ലാം ചേരുമ്പോള്‍ ഈ രാഷ്ട്രീയ പ്രമേയം വലിയൊരു ഉള്‍പ്പാര്‍ട്ടി വിദ്യാഭ്യാസമായി മാറുന്നു. ശത്രുക്കളും നിരീക്ഷകരും കരുതുന്നതുപോലെ ഇതു പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുകയല്ല. പുതിയ കടമകള്‍ ഏറ്റെടുക്കാനുള്ള കരുത്തു നല്‍കുകയാണ് ചെയ്യുക, ഐസക് കൂട്ടിച്ചേര്‍ത്തു.

DONT MISS
Top