മലബാര്‍ മെഡിക്കല്‍ കൊളെജിലെ പത്ത് വിദ്യാര്‍ത്ഥികളുടെ പ്രവേശനം സുപ്രിം കോടതി ശരിവെച്ചു

സുപ്രിംകോടതി (ഫയല്‍)

ദില്ലി: കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളെജിലെ പത്ത് വിദ്യാര്‍ത്ഥികളുടെ പ്രവേശനം സുപ്രിം കോടതി ശരിവെച്ചു. പ്രവേശനം ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പ്രവേശനം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രിം കോടതി റദ്ദാക്കി. ഹൈക്കോടതി വിധിക്കെതിരെ വിദ്യാര്‍ത്ഥികള്‍ നല്‍കിയ അപ്പീലിലാണ് സുപ്രിം കോടതിയുടെ വിധി. ജസ്റ്റിസുമാരായ എകെ സിക്രി, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിദ്യാര്‍ത്ഥികളുടെ പ്രവേശനം സാധുവാണെന്ന് വിധിച്ചിരിക്കുന്നത്.

2016-17 അധ്യയന വര്‍ഷം സ്‌പോട്ട് അഡ്മിഷനിലൂടെ കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളെജില്‍ പ്രവേശനം ലഭിച്ച 10 വിദ്യാര്‍ത്ഥികളാണ് അഡ്മിഷന്‍ അസാധുവാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രിം കോടതിയെ സമീപിച്ചത്. ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി പ്രവേശനം അസാധുവാക്കിയത്. പ്രവേശനം റദ്ദാക്കിയ പ്രവേശന മേല്‍നോട്ട സമിതിയുടെ തീരുമാനം ഹൈക്കോടതി ശരിവെക്കുകയായിരുന്നു. പ്രവേശനം റദ്ദാക്കണമെന്ന് പ്രവേശന മേല്‍നോട്ട സമിതി ശക്തമായി വാദിച്ചിരുന്നു. പ്രവേശനത്തിനുള്ള രേഖകള്‍ ഓണ്‍ലൈനായി അപേക്ഷിക്കാത്ത ഈ വിദ്യാര്‍ത്ഥികളും കോളെജും തമ്മില്‍ ഒത്ത് കളിക്കുകയായിരുന്നു എന്നായിരുന്നു പ്രവേശന മേല്‍നോട്ട സമിതിയുടെ വാദം.

പ്രവേശനം ലഭിച്ച 10 വിദ്യാര്‍ത്ഥികളും രേഖകള്‍ പ്രവേശന മേല്‍നോട്ട സമിതി അംഗീകരിച്ച കോളെജിന്റെ പ്രോസ്‌പെക്ടസ് പ്രകാരമുള്ള സമയ പരിധിക്കുള്ളില്‍ നല്‍കിയിട്ടില്ലെന്ന് ഹൈക്കോടതിയില്‍ മലബാര്‍ മെഡിക്കല്‍ കോളെജ് മാനേജ്‌മെന്റ് വ്യക്തമാക്കിയിട്ടുള്ളതായി പ്രവേശന മേല്‍നോട്ട സമിതി ചൂണ്ടിക്കാട്ടിയിരുന്നു. ഇടുക്കിയിലെ അല്‍ അസര്‍ മെഡിക്കല്‍ കോളെജില്‍ ഓണ്‍ലൈന്‍ ആയി പ്രവേശനത്തിന് അപേക്ഷിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഹൈക്കോടതി ആദ്യം അനുകൂല വിധി നല്‍കിയെങ്കിലും പിന്നീട് പിന്‍വലിച്ച കാര്യവും പ്രവേശന മേല്‍നോട്ട സമിതി സുപ്രിം കോടതിയില്‍ ചൂണ്ടിക്കായിട്ടിയിരുന്നു.

എന്നാല്‍ പ്രവേശന മേല്‍നോട്ട സമിതി അംഗീകരിച്ച കോളെജിന്റെ പ്രോസ്‌പെക്ടസ് പ്രകാരമുള്ള സമയപരിധിക്ക് ഉള്ളില്‍ പ്രവേശനത്തിന് ആവശ്യമുള്ള അപേക്ഷയും രേഖകളും കോളെജിന് കൈമാറിയിരുന്നെന്ന് വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടി. സ്‌പോട്ട് അഡ്മിഷന്‍ ആയതിനാല്‍ റെഗുലര്‍ അഡ്മിഷന്‍ പോലെ ഓണ്‍ലൈന്‍ അപേക്ഷ വേണ്ടെന്നും വിദ്യാര്‍ത്ഥികള്‍ വാദിച്ചു.

നേരത്തെ വാദത്തിനിടെ സ്വകാര്യ മെഡിക്കല്‍ മാനേജ്‌മെന്റുകള്‍ക്കെതിരെ കോടതി രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. മാനേജ്‌മെന്റുകള്‍ പണം വാങ്ങി തോന്നുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കുകയാണെന്നും അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് ഇതിലൂടെ അവസരം നിഷേധിക്കപ്പെടുകയാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

അടുത്തിടെ കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളെജുകൡലെ 2016-17 അധ്യയനവര്‍ഷത്തെ വിദ്യാര്‍ത്ഥികളുടെ പ്രവേശനം ചട്ടവിരുദ്ധമാണെന്ന് കണ്ട് സുപ്രിം കോടതി റദ്ദാക്കിയിരുന്നു. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, യുയു ലളിത് എന്നിവരടങ്ങിയ ബെഞ്ചാണ് പ്രവേശനം സാധുവാക്കാന്‍ സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സ് റദ്ദാക്കുകയും പ്രവേശനം നേടിയ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും പുറത്താക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തത്.

DONT MISS
Top