ബംഗളുരുവും-ഈസ്റ്റ് ബംഗാളും നേര്‍ക്കുനേര്‍; പ്രഥമ ഇന്ത്യന്‍ സൂപ്പര്‍കപ്പില്‍ ഇന്ന് കലാശപ്പോരാട്ടം

ഭുവനേശ്വര്‍: പ്രഥമ ഇന്ത്യന്‍ സൂപ്പര്‍കപ്പ് കലാശപ്പോരാട്ടത്തില്‍ ബംഗളുരു എഫ്‌സിയും ഈസ്റ്റ് ബംഗാളും ഇന്ന് നേര്‍ക്കുനേര്‍. ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയത്തില്‍ വൈകിട്ട് നാലിനാണ് മത്സരം. സെമിയില്‍ ഐഎസ്എല്‍ ടീമായ എഫ്‌സി ഗോവയെ പരാജയപ്പെടുത്തിയാണ് ഈസ്റ്റ് ബംഗാള്‍ എത്തിയതെങ്കില്‍ ഐലീഗ് ടീമായ മോഹന്‍ബഗാനെതിരെ ആവേശോജ്ജ്വല വിജയം നേടിയ ആത്മവിശ്വാസത്തിലാണ് ബംഗളുരുവിന്റെ കുതിപ്പ്.

ഐഎസ്എല്ലില്‍ തങ്ങളുടെ അരങ്ങേറ്റത്തില്‍ തന്നെ രണ്ടാം സ്ഥാനക്കാരായാണ് ബംഗളുരു സൂപ്പര്‍ കപ്പിന് യോഗ്യത നേടിയത്. ഫൈനലില്‍ ചെന്നൈയോടേറ്റ തോല്‍വി സൂപ്പര്‍കപ്പ് നേട്ടത്തോടെ മറക്കാനായിരിക്കും ബംഗളുരുവിന്റെ ശ്രമവും. സുനില്‍ ഛേത്രിയും മിക്കുവും നയിക്കുന്ന മുന്നേറ്റ നിര മികച്ച ഫോമിലാണ്. അതിനൊപ്പം അവരുടെ ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിംഗ് സന്ധുവും നിലവാരം പുലര്‍ത്തുന്നു. സെമിയില്‍ മോഹന്‍ബഗാനുമായുള്ള മത്സരത്തില്‍ ബംഗളുരുവിന്റെ വീറും വാശിയും പ്രകടമായതാണ്. 2-4 നായിരുന്നു ബംഗളുരുവിന്റെ ജയം.

ആദ്യപകുതിയില്‍ ഒരു ഗോളിന് പിന്നിട്ട നിന്ന ബംഗളുരുവിന് കടുത്ത ആഘാതം ഏല്‍പ്പിച്ചുകൊണ്ടാണ് അവരുടെ പ്രതിരോധതാരം നിഷുകുമാര്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയത്. പക്ഷെ പിന്നീട് കണ്ടത് മറ്റൊരു ബംഗളുരുവിനെയായിരുന്നു. തളര്‍ന്നുപോയിടത്തുനിന്ന് റോക്കയുടെ കുട്ടികള്‍ തുടങ്ങി, മുന്നേറ്റങ്ങള്‍ക്ക് വേഗത കൂടി, പത്തുപേരായി ചുരുങ്ങിയതിന്റെ യാതൊരു ക്ഷീണവും അവരിലുണ്ടായില്ല. മിക്കുവിന്റെ ഹാട്രിക്ക്, നായകന്‍ സുനില്‍ ഛേത്രിയുടെ എണ്ണം പറഞ്ഞ ഒരു ഗോള്‍. മോഹന്‍ ബഗാന് ഒരു തിരിച്ചുവരവിനുള്ള സമയം അവര്‍ നല്‍കിയില്ല. എതിര്‍ വലയില്‍ ഒരു ഗോള്‍ കൂടി അടിച്ചുകയറ്റിയെങ്കിലും തോല്‍വി ഒഴിവാക്കാന്‍ ബഗാന് സാധിക്കുമായിരുന്നില്ല.

അതേസമയം ഐലീഗില്‍ നാലാം സ്ഥാനക്കാരായാണ് ഈസ്റ്റ് ബംഗാള്‍ സൂപ്പര്‍ കപ്പിന് യോഗ്യത നേടിയത്. സൂപ്പര്‍കപ്പ് സെമിയില്‍ ഗോവയോട് ഒരു ഗോളിനായിരുന്നു ജയം. അല്‍ അംന, കറ്റ്‌സുമി യൂസ, ഡുഡു എന്നിവര്‍ക്കൊപ്പം പ്രതിരോധത്തില്‍ എഡ്വേര്‍ഡും, ഗുര്‍വിന്ദറുമാണ് അവരുടെ പ്രധാന താരങ്ങള്‍. ബംഗളുരു പരിശീലകന്‍ ആല്‍ബേര്‍ട്ട് റോക്ക കളിക്കാരോട് കരുതിയിരിക്കാന്‍ ആവശ്യപ്പെടുന്നതും ഈ താരങ്ങളെ തന്നെയാണ്. അടുത്തൊന്നും പ്രധാനപ്പെട്ട ഒരു കിരീടങ്ങളും നേടാനായിട്ടില്ല എന്നതാണ് ഈസ്റ്റ് ബംഗാളിനെ അലട്ടുന്ന പ്രധാന പ്രശ്‌നം. ഗോള്‍ അവസരങ്ങള്‍ അനുകൂലമാക്കുന്നതില്‍ പലപ്പോഴും മുന്നേറ്റ നിര പരാജയപ്പെടുകയും ചെയ്യുന്നു.

എന്നാല്‍ ടൂര്‍ണമെന്റില്‍ കാട്ടിയ മികവ് ഫൈനലിലും ആവര്‍ത്തിക്കുമെന്ന് പരിശീലകന്‍ ഖാലിദ് ജമീല്‍ പറഞ്ഞു. ആത്മവിശ്വാസത്തോടെ കളിക്കണം. ബംഗളുരു എല്ലാ അര്‍ത്ഥത്തിലും കരുത്തന്മാരുടെ ടീമാണ് അവരുടെ മുന്നേറ്റത്തേക്കാള്‍ കരുതിയിരിക്കേണ്ടത് മധ്യനിരയിലെ ലെനി റോഡ്രിഗസിനെയാണ്, ജമീല്‍ കൂട്ടിച്ചേര്‍ത്തു. എതിരാളികളെ കുറച്ചുകാണാന്‍ ബംഗളുരു പരിശീലകന്‍ ആല്‍ബര്‍ട്ട് റോക്കയും തയ്യാറല്ല. ഇന്നത്തെ മത്സരത്തില്‍ അമ്പത് ശതമാനം മാത്രമാണ് തങ്ങള്‍ക്ക് സാധ്യതയെന്നാണ് റോക്കയുടെ പക്ഷം. ബംഗാളിന്റെ വിദേശ താരങ്ങളായ കറ്റ്‌സുമി യൂസയെയും, അംനയെയും പ്രത്യേകം കരുതിയിരിക്കണം. മുന്‍കരുതലുകള്‍ ആവശ്യമാണ്, ആത്മവിശ്വാസത്തോടെ കളിക്കുക. ഇത് ഫൈനലാണ് വിജയിക്കാനുള്ള എല്ലാ ശ്രമങ്ങളും ഞങ്ങള്‍ പുറത്തെടുക്കും, റോക്ക പറഞ്ഞു. ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയത്തില്‍ വൈകിട്ട് നാലിനാണ് മത്സരം.

DONT MISS
Top