വ്യാജ ഹര്‍ത്താല്‍; വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിനുകളെ പൊലീസ് വിളിച്ചു വരുത്തും

ഫയല്‍ചിത്രം

കോഴിക്കോട്: കത്വ പീഡനത്തില്‍ പ്രതിഷേധിച്ച് സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിനുകളെ പൊലീസ് വിളിച്ചു വരുത്തും. കോഴിക്കോട് നടക്കാവ് പോലീസ് തൃശൂര്‍ സ്വദേശിയോട് സ്‌റ്റേഷനില്‍ ഹാജരാകന്‍ നിര്‍ദേശിച്ചു. ഐടി ആക്ട് പ്രകാരമാണ് പൊലീസിന്റെ നടപടി.

ഹര്‍ത്താലിന് പിന്നില്‍ പ്രവര്‍ത്തിച്ചയാളെ കൊച്ചിയില്‍ ഇന്നലെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു. ക്രൈംബ്രാഞ്ചിന്റെ ഹൈടെക് സെല്ലാണ് കൊച്ചി സ്വദേശിയാണ് സോഷ്യല്‍ മീഡിയയിലൂടെ ഹര്‍ത്താലിന് അഹ്വാനം ചെയ്തുള്ള പോസ്റ്റ് ആദ്യം ഇട്ടതെന്നും ഇതാണ് പിന്നീട് വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടതെന്നും കണ്ടെത്തിയത്. ഇയാളെ ഉടന്‍ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്യുമെന്നാണ് വിവരം.

കൊച്ചി സ്വദേശിയെ കൂടാതെ ഹര്‍ത്താല്‍ ആഹ്വാനം പ്രചരിപ്പിച്ച മറ്റ് 20 പേര്‍ കൂടി നിരീക്ഷണത്തിലാണ്. കൊച്ചി സ്വദേശിയുടെ പക്കല്‍ നിന്ന് വര്‍ഗീയ ചേരിതിരിവിന് കാരണമാകുന്ന രീതിയിലുള്ള ലഘുലേഖകളും കണ്ടെത്തിയിട്ടുണ്ട്.

ഹര്‍ത്താലില്‍ മലബാര്‍ മേഖലയില്‍ വ്യാപക അക്രമമുണ്ടായിരുന്നു. രണ്ടായിരത്തോളം പേര്‍ക്കെതിരേ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ക്രമസമാധാന വിഷയം പരിഗണിച്ച് കേരളത്തിന്റെ വിവിധ ഇടങ്ങളില്‍ പൊലീസ് കര്‍ഫ്യൂവും പ്രഖ്യാപിച്ചിരുന്നു.

DONT MISS
Top