‘ദിവസം രണ്ട് കിലോവരെ ചീത്തവിളികള്‍ കേള്‍ക്കാറുണ്ട്’; ആരോഗ്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി മോദി

പ്രധാനമന്ത്രി നരേന്ദ്ര മോദി

ലണ്ടന്‍: വിമര്‍ശനങ്ങള്‍ തനിക്ക് സ്വര്‍ണഖനി പോലെയാണെന്ന് പ്രധാനമന്ത്രി. ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ സെന്‍ട്രല്‍ ഹാളില്‍ നടന്ന ‘ഭാരത് കേ ബാത്, സബ്‌കേ സാത്’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്കെതിരെയുള്ള പ്രതിപക്ഷത്തിന്റെ തുടര്‍ച്ചയായ വിമര്‍ശനങ്ങളെ പരിഹസിച്ചുകൊണ്ടാണ് മോദിയുടെ പ്രതികരണം.

തന്റെ ആരോഗ്യത്തിന് പിന്നിലെ രഹസ്യം എന്താണെന്ന ചോദ്യത്തിന് വിമര്‍ശനങ്ങളാണെന്നായിരുന്നു മോദിയുടെ മറുപടി. കഴിഞ്ഞ 20 വര്‍ഷങ്ങളായി എനിക്ക് പ്രത്യേക തരം ആഹാരക്രമം ഉണ്ട്. നിത്യവും 2 കിലോ വരെ ചീത്തവിളികള്‍ എനിക്ക് കിട്ടുന്നു. അതാണ് എന്റെ ആരോഗ്യത്തിന്റെ രഹസ്യം, മോദി പറഞ്ഞു. നിറഞ്ഞ കയ്യടികളോടെയായിരുന്നു പ്രധാനമന്ത്രിയുടെ ഈ മറുപടിയെ സദസ്സ് സ്വീകരിച്ചത്.

വിമര്‍ശനങ്ങളാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനമെന്നും മോദി കൂട്ടിച്ചേര്‍ത്തു. വിമര്‍ശനങ്ങളെ ഞാന്‍ ഭയക്കുന്നില്ല. വിമര്‍ശനങ്ങള്‍ തുടരണം, അത് നമ്മെ എപ്പോഴൂം ജാഗരൂകരായിക്കാന്‍ സഹായിക്കും. പക്ഷെ ഇപ്പോള്‍ വിമര്‍ശനങ്ങള്‍ ആരോപണങ്ങളായി തരംതാഴ്ന്നിരിക്കുന്നു, മോദി ചൂണ്ടിക്കാട്ടി.

രാജ്യത്തെ പല പ്രശ്‌നങ്ങളിലും പ്രധാനമന്ത്രി മൗനം പാലിക്കുന്നതില്‍ പ്രതിപക്ഷ പാര്‍ട്ടികളുടേതടക്കം രൂക്ഷ വിമര്‍ശനമാണ് മോദിക്ക് നേരിടേണ്ടി വന്നത്. ഏറ്റവും ഒടുവിലായി കഠ്‌വ, ഉന്നാവോ സംഭവങ്ങളിലും വളരെ വൈകിയാണ് മോദി പ്രതികരിച്ചതും. അതേസമയം പീഡനത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും, മുന്‍ സര്‍ക്കാരിന്റെ കാലത്ത് നടന്ന പീഡനങ്ങളുടെ എണ്ണവുമായി ഒരു താരതമ്യത്തിന് താന്‍ തയ്യാറല്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

DONT MISS
Top