വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ല; മഹാരാഷ്ട്രയില്‍ രണ്ടാംഘട്ട കര്‍ഷകസമരം ജൂണ്‍ ഒന്നിന് ആരംഭിക്കുമെന്ന് കിസാന്‍ സഭാ ജോയിന്റ് സെക്രട്ടറി

മുംബൈ: മഹാരാഷ്ട്രയില്‍ രണ്ടാംഘട്ട കര്‍ഷകസമരം ജൂണ്‍ ഒന്നിന് ആരംഭിക്കുമെന്ന് കിസാന്‍ സഭാ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി വിജു കൃഷ്ണന്‍. ഫെബ്രുവരിയില്‍ നടത്തിയ സമരത്തിനൊടുവില്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെടാത്തതിനാലാണ് തുടര്‍ പ്രക്ഷോഭത്തിന് കര്‍ഷകര്‍ ഒരുങ്ങുന്നത്. രാജ്യമാകെ കര്‍ഷകസമരങ്ങള്‍ വ്യാപിപ്പിക്കുമെന്നും വിജു കൃഷ്ണന്‍ റിപ്പോര്‍ട്ടറോട് പറഞ്ഞു.

കര്‍ഷക ആത്മഹത്യകള്‍ നിത്യസംഭവമായി മാറിയ മഹാരാഷ്ട്രയില്‍ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നടത്തിയ ലോംഗ് മാര്‍ച്ചിനൊടുവിലാണ് ആവശ്യങ്ങള്‍ അംഗീകരിച്ചുവെന്ന് സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് ഉറപ്പു നല്‍കിയത്. കര്‍ഷകരുടെ പ്രതിസന്ധികള്‍ പരിഹരിക്കുക, കടങ്ങള്‍ എഴുതി തള്ളുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു രണ്ടു ലക്ഷത്തിലധികം പേര്‍ അണിനിരന്ന ചരിത്ര സമരത്തിന് കര്‍ഷകര്‍ തുടക്കമിട്ടത്.

എന്നാല്‍ സമരം അവസാനിപ്പിക്കാന്‍ നല്‍കിയ ഉറപ്പുകളൊന്നും ഇതുവരെ പാലിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ലെന്ന് സമരത്തിന്റെ മുഖ്യസംഘാടകരിലൊരാളായ വിജു കൃഷ്ണന്‍ ചൂണ്ടിക്കാട്ടുന്നു. കേന്ദ്രസര്‍ക്കാര്‍ പിന്തുടരുന്ന കര്‍ഷക വിരുദ്ധ നയങ്ങളുടെ ഭാഗമാണ് രാജ്യത്ത് കര്‍ഷകര്‍ അനുഭവിക്കുന്ന പ്രതിസന്ധികള്‍ക്ക് കാരണം. ജൂണ്‍ ഒന്നിന് രണ്ടാംഘട്ട സമരം ആരംഭിക്കാനാണ് കിസാന്‍ സഭ ആലോചിക്കുന്നത്.

മധ്യപ്രദേശ്, രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകരെയും സമരത്തില്‍ പങ്കാളികളാക്കും. രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി ലോംഗ് മാര്‍ച്ച് ഡല്‍ഹിയിലേക്ക് നടത്തുന്നതിനെക്കുറിച്ചും കിസാന്‍ സഭ ആലോചിക്കുന്നുണ്ട്. ബിജെപി സര്‍ക്കാരിനെതിരെയുള്ള പ്രക്ഷോഭങ്ങളില്‍ മുഖ്യപങ്കു വഹിക്കാന്‍ കഴിയുക കര്‍ഷകര്‍ക്കാണെന്നും വിജു കൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

DONT MISS
Top