വരാനിരിക്കുന്ന ലോകകപ്പ് എന്റെ സ്വപ്‌നമാണ്, പരുക്കില്‍ നിന്ന് മോചിതനായി ഉടന്‍ തിരിച്ചെത്തും: നെയ്മര്‍

നെയ്മര്‍

സാവോ പോളോ: പരുക്കില്‍ നിന്ന് ഉടന്‍ മോചിതനാകുമെന്നും വരുന്ന ലോകകപ്പില്‍ ബ്രസീലിന് വേണ്ടി കളിക്കുമെന്നും നെയ്മര്‍. മെയ് 17 ന് നടക്കുന്ന അവസാനഘട്ട പരിശോധനയും പൂര്‍ത്തയാക്കി പൂര്‍ണ സജ്ജനായി താന്‍ തിരിച്ചെത്തുമെന്നും ഇരുപത്തിയാറുകാരനായ നെയ്മര്‍  പ്രതീക്ഷ പ്രകടിപ്പിച്ചു.  സാവോ പോളയില്‍  മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.

‘മുന്‍പത്തെക്കാളും ശക്തനായി തന്നെ ഞാന്‍ റഷ്യയിലെത്തും. കരിയറില്‍ എന്റെ ആദ്യ സര്‍ജറിയാണിത്. ഇത്തരമൊരു അവസ്ഥയിലൂടെ ഇതിന് മുന്‍പ് ഞാന്‍ കടന്നുപോയിട്ടില്ല. ഇതുവരെ നടത്തിയ പരിശോധനകളില്‍ നല്ല പുരോഗതിയുണ്ട്. മെയ് 17 ന് നടക്കാനിരിക്കുന്ന അവസാനഘട്ട പരിശോധനയിലും വിജയിച്ച് എത്രയും പെട്ടെന്ന് പരിശീലനത്തിന് ഇറങ്ങാനാകുമെന്ന് തന്നെയാണ് പ്രതീക്ഷ,’ നെയ്മര്‍ പറഞ്ഞു.

‘എല്ലാ ദിവസവും ചികിത്സയുണ്ട്. പരിശീലനം ആരംഭിച്ചാല്‍ മുന്‍പത്തേതിനേക്കാള്‍ കഠിനപ്രയത്‌നം നടത്തും. കാരണം വരാനിരിക്കുന്നത് ലോകകപ്പാണ്, അത് എന്റെ സ്വപ്‌നമാണ്. ഈയൊരവസരത്തിനുവേണ്ടി കഴിഞ്ഞ നാല് വര്‍ഷമായി ഞാന്‍ കാത്തിരിക്കുകയായിരുന്നു,’ താരം കൂട്ടിച്ചേര്‍ത്തു. ജൂണ്‍ 17-ാം തീയതി സിറ്റ്‌സര്‍ലന്‍ഡിനോടാണ് ബ്രസീലിന്റെ ആദ്യ മത്സരം.

ഫ്രഞ്ച് ലീഗില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ഒളിമ്പിക് മാഴ്സെയ്ക്കെതിരേയുള്ള മത്സരത്തില്‍ പിഎസ്ജിക്ക് വേണ്ടി കളിക്കുമ്പോഴാണ് താരത്തിന് കാലിന് പരുക്കേറ്റത്. മത്സരത്തില്‍ പിഎസ്ജി മൂന്നുഗോളിന് മുന്നിട്ട് നില്‍ക്കവെ എഴുപത്തിയേഴാം മിനിറ്റിലായിരുന്നു നെയ്മര്‍ പരുക്കേറ്റ് വീണത്. മാഴ്സേ താരം ബൗനാസാറിന്റെ ഫൗള്‍ ആയിരുന്നു പരുക്കിന് കാരണം. സ്ട്രെച്ചറില്‍ ഗ്രൗണ്ട് വിട്ടുപോയ താരം ഒന്നുരണ്ടാഴ്ചയ്ക്കുള്ളില്‍ മടങ്ങിവരുമെന്നായിരുന്നു ആരാധകരുടേയും ടീമിന്റേയും പ്രതീക്ഷ. ആദ്യ പരിശോധനാഫലങ്ങളും പരുക്ക് സാരമില്ല എന്ന രീതിയിലായിരുന്നു. പക്ഷെ പിന്നീട് നടന്ന് വിദഗ്ധ പരിശോധനയില്‍ ശസ്ത്രക്രിയയും രണ്ടു മാസത്തെ വിശ്രമത്തിനും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതോടെ ഫ്രഞ്ചുകപ്പ് ക്വാര്‍ട്ടര്‍, ചാമ്പ്യന്‍സ് ലീഗ് പ്രീ-ക്വാര്‍ട്ടര്‍, ഫ്രഞ്ച് ലീഗ് തുടങ്ങി സീസണിലെ ശേഷിക്കുന്ന മത്സരങ്ങളും നെയ്മര്‍ക്ക് നഷ്ടമാകുകയായിരുന്നു.

DONT MISS
Top