‘എങ്ക വീട്ടുമാപ്പിളൈ’, ആര്യയ്ക്കും ചാനലിനുമെതിരെ സോഷ്യല്‍ മീഡിയയുടെ രോഷം


‘എങ്ക വീട്ടുമാപ്പിളൈ’ എന്ന പരിപാടി തുടങ്ങിയപ്പോള്‍ത്തന്നെ അവസാന എപ്പിസോഡുകള്‍ എങ്ങനെ സത്യസന്ധമായി അണിയറക്കാര്‍ അവതരിപ്പിക്കും എന്ന ആശങ്ക പ്രേക്ഷകര്‍ക്കുണ്ടായിരുന്നു. എന്നാല്‍ യാതൊരു കൂസലുമില്ലാതെ അണിയറക്കാര്‍ പരിപാടി മുന്നോട്ടുകൊണ്ടുപോയി. ആര്യയും ചാനലിന്റെ താത്പര്യം അനുസരിച്ച് ‘തുള്ളി’ എന്നുപറയുന്നതാകും ശരി.

അവസാനം ആര്യയെ വിവാഹം കഴിക്കാനായി മത്സരിച്ചവരെല്ലാം ഓരോരുത്തരായി പുറത്തായി. പതിനാറ് പേരായിരുന്നു ആദ്യം വനിതകളായി ഉണ്ടായിരുന്നതെങ്കില്‍ അവസാനം അത് മൂന്നായി ചുരുങ്ങി. എന്നാല്‍ പിന്നീട് ഈ മൂന്ന് വനിതകളെ പുറത്താക്കി ഒരാളെ മാത്രം കണ്ടെത്താന്‍ പരിപാടിയുടെ അണിയറക്കാര്‍ തുനിഞ്ഞില്ല.

ഈ മൂന്നുപേരാട് നിങ്ങളെ ഞാന്‍ വഞ്ചിക്കുന്നു എന്നത് മനോഹരമായ ഭാഷയില്‍ ആര്യ പറഞ്ഞതിങ്ങനെ- “ഒരാളെ ഞാന്‍ തെരഞ്ഞെടുത്താല്‍ മറ്റ് രണ്ട് പേര്‍ക്ക് വിഷമമാകും. അതുപോലെ അവരുടെ കുടുംബവും വിഷമിക്കും. ആ മാതാപിതാക്കള്‍ അവരുടെ മക്കളുടെ വിവാഹം കാണാനാണ് വന്നിരിക്കുന്നത്. വിവാഹ സംബന്ധമായ എല്ലാം നടന്നുകഴിഞ്ഞ ഈ വേദിയില്‍വച്ച് ഒരാളെ തെരഞ്ഞെടുത്താല്‍ അത് മറ്റുള്ളവരെ വിഷമിപ്പിക്കും. അവരേയും അവരുടെ കുടുംബങ്ങളേയും വേദനിപ്പിക്കാന്‍ എനിക്കാവില്ല”.

“തുടക്കത്തില്‍ ഇത് വളരെ എളുപ്പമാണ് എന്നുകരുതിയാണ് ഷോയ്ക്ക് വന്നത്. എന്നാല്‍ ഒരാളെ തെരഞ്ഞെടുത്ത് മറ്റുള്ളവരെ വേദനിപ്പിക്കാനാകില്ല. മൂന്ന് പേരെയും ഞാന്‍ ഒരുപോലെ സ്‌നേഹിക്കുന്നുവന്നെ് മൂന്നുപേര്‍ക്കും അറിയാം. ഭാവിയില്‍ ഇവരിലൊരാളെ ഞാന്‍ വിവാഹം കഴിച്ചുവെന്നുംവരാം. ഇവിടെവച്ചത് സാധിക്കില്ല”, ആര്യ പറഞ്ഞു.

ഇത്രയുമായപ്പോള്‍ മുതല്‍ സോഷ്യല്‍ മീഡിയയില്‍ പരിഹാസ ശരങ്ങള്‍ പാറിപ്പറന്നുതുടങ്ങി. പരിപാടി പ്രദര്‍ശിപ്പിച്ച കളേഴ്‌സ് തമിഴ് ചാനലും ആര്യയും കാണിച്ചത് വലിയ വഞ്ചനാണെന്ന് സോഷ്യല്‍ മീഡിയ വിളിച്ചുപറഞ്ഞു. അതിനിടെ തൊട്ടുമുന്‍പ് നടന്ന റൗണ്ടില്‍ പുറത്തായ അബര്‍ നദി എന്ന പെണ്‍കുട്ടി വികാര ഭരിതയായി സംസാരിച്ചത് പ്രേക്ഷകരെ വീണ്ടും സങ്കടത്തിലാഴ്ത്തി.

“ആരേയും വിവാഹം കഴിക്കാത്തത് ഞെട്ടിച്ചു. എന്നെ എലിമിനേറ്റ് ചെയ്യുമ്പോള്‍ ഒന്നും തോന്നിയില്ലേ? ഞാന്‍ എന്നും നിനക്കായി ഇവിടെയുണ്ടാകും. ഐ ലവ് യു”, അബര്‍നദി ആര്യയോട് പറഞ്ഞു.

ഇങ്ങനെ പരിപാടി ശ്രദ്ധിച്ചിരുന്നവരേയും സ്ഥിരം പ്രേക്ഷകരേയും നിരാശരാക്കിയാണ് എങ്ക വീട്ടുമാപ്പിളൈ അവസാനിച്ചത്. ഇതേക്കുറിച്ച് ആര്യ പിന്നീട് പ്രതികരണമൊന്നും നടത്തിയതുമില്ല.

DONT MISS
Top