പൊതുജനത്തിന് ബാങ്കുകളിലുള്ള വിശ്വാസത്തിന് ഉലച്ചില്‍ തട്ടി; പെട്ടെന്നുണ്ടായ പ്രതിഭാസം എന്ന രീതിയിലാണ് കറന്‍സിക്ഷാമത്തെക്കുറിച്ച് ജെയ്റ്റിലി പ്രതികരിച്ചതെന്ന് തോമസ് ഐസക്ക്

തോമസ് ഐസക്ക്

പൊതുജനത്തിന് ബാങ്കുകളിലുള്ള വിശ്വാസത്തിന് ഉലച്ചില്‍ തട്ടിയിരിക്കുന്നതായി ധനകാര്യ മന്ത്രി തോമസ് ഐസക്ക്. രാജ്യത്ത് അനുഭവപ്പെടുന്ന കറന്‍സി ക്ഷാമത്തെക്കുറിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഓരോ ദിവസവും പുറത്തുവരുന്ന ബാങ്ക് തട്ടിപ്പുകളുടെ കഥയും വന്‍കിടക്കാരുടെ കിട്ടാക്കടം എഴുതി തള്ളലുകളും ആരിലും ആശങ്കയുളവാക്കുന്നതാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

എന്തോ പെട്ടെന്നുണ്ടായ പ്രതിഭാസം എന്ന രീതിയിലാണ് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി കറന്‍സിക്ഷാമത്തെ കുറിച്ച് പ്രതികരിച്ചത്. എന്നാല്‍ അങ്ങനെയല്ല കാര്യങ്ങള്‍ . കഴിഞ്ഞ ഒരു മാസത്തിലേറെയായി ഈ പ്രതിഭാസം പ്രത്യക്ഷപ്പെട്ടിട്ട്. നോട്ടു വിതരണത്തിലെ പ്രാദേശിക അസന്തുലിതാവസ്ഥ കൊണ്ടുണ്ടായ താല്‍ക്കാലിക പ്രതിഭാസം മാത്രമാണ് ഇതെന്നാണ് മന്ത്രി പറഞ്ഞത്. പക്ഷെ യാഥാര്‍ഥ്യം അതല്ല, ഇത്തരം അസന്തുലിതാവസ്ഥകള്‍ പരിഹരിക്കുന്നതിന് എത്രയോ കാലങ്ങളായി രാജ്യത്ത് നിലനില്‍ക്കുന്ന കീഴ്‌വഴക്കങ്ങളും നടപടിക്രമങ്ങളും ഉണ്ട് . അവ കൊണ്ട് പരിഹരിക്കാന്‍ പറ്റാത്തവിധം ബാങ്കുകളുടെ കൈവശം നോട്ടുകള്‍ ഇല്ലാത്ത അവസ്ഥ സംജാതമായിരിക്കുന്നുവെന്നും ധനമന്ത്രി പറഞ്ഞു.

ഐസക്കിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

നോട്ടുകളെല്ലാം എവിടെ പോകുന്നു? ഒന്നുകില്‍ ബാങ്കുകളിലേക്ക് അല്ലെങ്കില്‍ ബാങ്കുകള്‍ അല്ലാത്ത ഇടപാടുകാരുടെ കൈയ്യിലേക്ക് . ഇതില്‍ ബാങ്കുകളുടെ പക്കല്‍ നോട്ടില്ലാത്തത് കൊണ്ടാണല്ലോ എ ടി എമ്മുകള്‍ അടയ്ക്കേണ്ടി വരുന്നത്. അതുകൊണ്ട് നോട്ടുക്ഷാമത്തിന്‍റെ അര്‍ത്ഥം ഇടപാടുകാര്‍ തങ്ങള്‍ക്കു ലഭിക്കുന്ന നോട്ടുകള്‍ കൂടുതല്‍ കൈയ്യില്‍ സൂക്ഷിക്കുന്നു അല്ലെങ്കില്‍ പൂഴ്ത്തിവയ്ക്കുന്നു എന്നതാണ് . എന്തിന് അവര്‍ ഇങ്ങനെ ചെയ്യണം? എന്തുകൊണ്ട് തിരികെ ബാങ്കില്‍ ഇടുന്നില്ല?

പൊതുജനത്തിന് ബാങ്കുകളിലുള്ള വിശ്വാസത്തിന് ഉലച്ചില്‍ തട്ടിയിരിക്കുന്നു. ഓരോ ദിവസവും പുറത്തുവരുന്ന ബാങ്ക് തട്ടിപ്പുകളുടെ കഥയും വന്‍കിടക്കാരുടെ കിട്ടാക്കടം എഴുതി തള്ളലുകളും ആരിലും ആശങ്കയുളവാക്കുന്നതാണ്. അപ്പോഴാണ്‌ എഫ് ആര്‍ ഡി ഐ ആക്ടിന്‍റെ വരവ്. ഒരു അടിയന്തിരഘട്ടം വന്നാല്‍ ബാങ്ക് ഡിപ്പോസിറ്റുകള്‍ പിന്‍വലിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനും ബാങ്ക് പൊളിഞ്ഞാല്‍ ഡിപ്പോസിറ്റ് നഷ്ടപരിഹാരത്തിന് പരിധി കല്‍പ്പിക്കുന്നതിനുമാണ് ഈ നിയമം ലക്ഷ്യമിടുന്നത്.

എന്തോ പെട്ടെന്നുണ്ടായ പ്രതിഭാസം എന്ന രീതിയിലാണ് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലി കറന്‍സിക്ഷാമത്തെ കുറിച്ച് പ്രതികരിച്ചത്. എന്നാല്‍ അങ്ങിനെയല്ല കാര്യങ്ങള്‍ . കഴിഞ്ഞ ഒരു മാസത്തിലേറെയായി ഈ പ്രതിഭാസം പ്രത്യക്ഷപ്പെട്ടിട്ട്. തങ്ങള്‍ പലതവണ കേന്ദ്ര സര്‍ക്കാരിനോട് ഇത് സംബന്ധിച്ച് പരാതിപ്പെട്ടിട്ടുണ്ടെന്ന് തെലുങ്കാന ധനമന്ത്രി പ്രസ്താവിക്കുകയുണ്ടായി. ഇപ്പോള്‍ ദേശവ്യാപകമായി മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിച്ചിരിക്കുന്നു.

കേന്ദ്രധനമന്ത്രി അഭിപ്രായപ്പെട്ടത് നോട്ടു വിതരണത്തിലെ പ്രാദേശിക അസന്തുലിതാവസ്ഥ കൊണ്ടുണ്ടായ താല്‍ക്കാലിക പ്രതിഭാസം മാത്രമാണ് ഇതെന്നാണ്. പക്ഷെ യാഥാര്‍ഥ്യം അതല്ല, ഇത്തരം അസന്തുലിതാവസ്ഥകള്‍ പരിഹരിക്കുന്നതിന് എത്രയോ കാലങ്ങളായി രാജ്യത്ത് നിലനില്‍ക്കുന്ന കീഴ്വഴക്കങ്ങളും നടപടിക്രമങ്ങളും ഉണ്ട് . അവ കൊണ്ട് പരിഹരിക്കാന്‍ പറ്റാത്തവിധം ബാങ്കുകളുടെ കൈവശം നോട്ടുകള്‍ ഇല്ലാത്ത അവസ്ഥ സംജാതമായിരിക്കുന്നു.

ഇപ്പോള്‍ പരിഹാരമായി കണ്ടിരിക്കുന്നത് കൂടുതല്‍ നോട്ടുകള്‍ അച്ചടിക്കുക എന്നതാണ് . ഇപ്പോള്‍ അച്ചടിച്ചുകൊണ്ടിരിക്കുന്നതിന്‍റെ അഞ്ചിരട്ടി നോട്ടുകള്‍ ദിനംപ്രതി അച്ചടിക്കാന്‍ ആണ് തീരുമാനം. ഇപ്പോള്‍ തന്നെ നോട്ടു നിരോധനത്തിന് മുന്‍പുണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ നോട്ടുകള്‍ പ്രചാരത്തിലുണ്ട്. പുതിയ നോട്ടുകള്‍ കൂടി വരുമ്പോള്‍ നോട്ടു നിരോധനത്തിന് മുന്‍പുണ്ടായിരുന്നതിനേക്കാള്‍ 20-25 % കൂടുതല്‍ നോട്ടുകള്‍ സമ്പദ് ഘടനയില്‍ ഉണ്ടാകും. കാശുരഹിത സമ്പദ് ഘടനയെകുറിച്ചുള്ള ഗീര്‍വാണങ്ങള്‍ക്ക് വന്ന ഗതികേട് നോക്കിക്കേ.

സമ്പദ്ഘടനയില്‍ ആവശ്യമുള്ള പണത്തെ നിര്‍ണ്ണയിക്കുന്നത് സാമ്പത്തീക ഇടപാടുകളുടെ വലുപ്പമാണ്. പക്ഷെ പണത്തിന്റെ ലഭ്യതയെ നിര്‍ണ്ണയിക്കുന്നത് എത്ര നോട്ടുകള്‍ പ്രചാരത്തിലുണ്ട് എന്നത് മാത്രമല്ല. എത്ര വേഗം അത് പ്രചരിക്കുന്നു , കൈമാറ്റം ചെയ്യപ്പെടുന്നു എന്നത് കൂടിയാണ് . ബാങ്കുകളില്‍ ഇട്ടാല്‍ പെട്ടെന്ന് തിരിച്ചെടുക്കാന്‍ പറ്റുമോ എന്ന സംശയം മൂലം ആളുകള്‍ നോട്ടുകള്‍ കയ്യില്‍ തന്നെ സൂക്ഷിക്കുന്നു. തന്മൂലം നോട്ടുകളുടെ പ്രചരണവേഗത കുറയുന്നു . നോട്ടിന് ക്ഷാമം നേരിടുന്നു . പോരാത്തതിന് നോട്ടുകളുടെ ആവശ്യവും കൂടുന്നുണ്ട്. കര്‍ണ്ണാടക തെരഞ്ഞെടുപ്പ് തന്നെ ഒരു പ്രധാന കാരണം. തെലുങ്കാന -ആന്ധ്ര -മഹാരാഷ്ട്ര നോട്ടുകള്‍ അങ്ങോട്ട്‌ വലിയുന്നുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. പിന്നെ ഇപ്പോള്‍ ഉത്സവകാലവുമാണല്ലോ. പക്ഷെ ഇതൊക്കെ എപ്പോഴും ഉണ്ടാകാറുണ്ട് .

ആശങ്കയുണര്‍ത്തുന്ന പുതിയ ഘടകം ബാങ്കുകളുടെ ആരോഗ്യത്തെ കുറിച്ച് പടരുന്ന സംശയങ്ങള്‍ ആണ്. തല്‍ക്കാലം ഒരു പരിഹാരമാര്‍ഗ്ഗമേയുള്ളൂ . എത്രയും പെട്ടെന്ന് കൂടുതല്‍ നോട്ടുകള്‍ അച്ചടിച്ച് ബാങ്കുകളില്‍ എത്തിക്കുക.

DONT MISS
Top