അപ്രഖ്യാപിത ഹര്‍ത്താല്‍; സര്‍ക്കാര്‍ കയ്യുംകെട്ടി നോക്കി നിന്നതിന്റെ ഫലമാണ് സംസ്ഥാനത്ത് വ്യാപകമായി അക്രമം ഉണ്ടാകാന്‍ കാരണമെന്ന് കുമ്മനം

കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: അപ്രഖ്യാപിത ഹര്‍ത്താലിന്റെ മറവില്‍ സംസ്ഥാനത്ത് അക്രമം അഴിച്ചുവിട്ടത് ദേശദ്രോഹ ശക്തികളായിരുന്നുവെന്ന് കുമ്മനം രാജശേഖരന്‍. ഇക്കാര്യം സംസ്ഥാന സര്‍ക്കാരിനും പൊലീസിനും അറിവുണ്ടായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ കയ്യുംകെട്ടി നോക്കി നിന്നതിന്റെ ഫലമാണ് സംസ്ഥാനത്ത് വ്യാപകമായി അക്രമം ഉണ്ടാകാന്‍ കാരണം. ഹര്‍ത്താലിന് രണ്ട്ദിവസം മുമ്പ് മുതല്‍ തയ്യാറെടുപ്പും മുന്നൊരുക്കങ്ങളും ആസൂത്രണവും നടന്നിരുന്നുവെന്നും കുമ്മനം പറഞ്ഞു.

അക്രമ പ്രവര്‍ത്തനങ്ങളുടെ ഉറവിടം കണ്ടെത്തണം. പൊലീസ് സേനയില്‍ നുഴഞ്ഞു കയറിയിട്ടുള്ള ചില തീവ്രവാദികളും ഹര്‍ത്താല്‍ അനുകൂലികള്‍ക്ക് സഹായകമായി നിലപാടാണ് സ്വീകരിച്ചത്. ഇത് പൊലീസ് സേനക്കാകെ നാണക്കേടും അപകീര്‍ത്തിയും വരുത്തിവെച്ചു. അധികാരികളുടെ അനാസ്ഥയും അക്രമം വ്യാപകമാകാന്‍ കാരണമായി. ഹര്‍ത്താലിന്റെ മറവില്‍ നടന്ന അക്രമത്തെപ്പറ്റി ഉന്നതതല അന്വേഷണം നടത്തണം. അറസ്റ്റിലായവര്‍ക്കെതിരെ തീവ്രവാദ വിരുദ്ധ നിയമ പ്രകാരം കേസെടുക്കണം. ഇവരെ പൊതുപ്രവര്‍ത്തകരായി കണക്കാക്കരുത്. അവര്‍ തീവ്രവാദികളാണെന്നും കുമ്മനം പറഞ്ഞു.

ദേശീയ സുരക്ഷാ നിയമ പ്രകാരം കേസെടുക്കുകയും എന്‍ഐഎയ്ക്ക് കേസ് കൈമാറുകയും ചെയ്യണം. കശ്മീരിലുണ്ടായ നീച സംഭവത്തോടുള്ള പ്രതികരണമായി ഹര്‍ത്താലിനെ കാണാനാകില്ല. ഹിന്ദു വിഭാഗങ്ങളുടെ കടകളും വീടുകളും തെരഞ്ഞു പിടിച്ച് അക്രമിച്ചതിന് പിന്നില്‍ ഗൂഡോദേശ്യമാണ്. അടഞ്ഞു കിടന്ന കടകളാണ് കുത്തി തുറന്ന് മോഷണം നടത്തിയത്. തീവ്രവാദ പ്രവര്‍ത്തനങ്ങളോട് സര്‍ക്കാരിന്റെയും പൊതു സമൂഹത്തിന്റേയും പ്രതികരണം അറിയുകയായിരുന്നു ഹര്‍ത്താലിന്റെ ലക്ഷ്യം.

വലിയ ആസൂത്രണത്തോടെ കലാപം നടത്താനുള്ള ശ്രമമായിരുന്നു ഇന്നലത്തേത്. ഇതിനെ തടയാന്‍ ശ്രമിക്കാത്ത ആഭ്യന്തര വകുപ്പ് വന്‍ പരാജയമാണ്. ബിജെപിയെ നേരിടാന്‍ തീവ്രവാദികളെ ഇരു മുന്നണികളും പ്രോത്സാഹിപ്പിച്ചതിന്റെ ഫലമാണ് കേരളം ഇന്ന് അനുഭവിക്കുന്നത്. അക്രമത്തിനിരയായവര്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കണം. അക്രമികള്‍ക്ക് പിന്തുണ നല്‍കിയത് കോണ്‍ഗ്രസ്, സിപിഐഎം നേതാക്കളാണ്. അതിന്റെ തെളിവാണ് മലപ്പുറത്തെ സിപിഐഎം നേതാവിന്റെ ശബ്ദ സന്ദേശം പുറത്തു വന്നത്. ഇതേപ്പറ്റിയെല്ലാം അന്വേഷണം നടത്തണം  എന്നും കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.

DONT MISS
Top