ആദ്യലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ജേതാക്കളായത് ഉറൂഗ്വ; ഫൈനലില്‍ തകര്‍ത്തത് അര്‍ജന്റീനയെ

ഫയല്‍ ചിത്രം

പതിമ്മൂന്നു രാജ്യങ്ങളാണ് ആദ്യ ലോകകപ്പില്‍ പങ്കെടുത്തത്. ഇവരെ നാലു ഗ്രൂപ്പുകളായിത്തിരിച്ചായിരുന്നു മല്‍സരങ്ങള്‍. ഓരോ ഗ്രൂപ്പിലും ഏറ്റവും കൂടുതല്‍ പോയിന്റു നേടുന്ന നാലു ടീമുകള്‍ക്ക് സെമിഫൈനലിലേക്ക് യോഗ്യത ലഭിക്കും. എല്ലാ മല്‍സരങ്ങളും ഉറൂഗ്വേന്‍ തലസ്ഥാനമായ മോണ്ടിവീഡിയോയിലെ എസ്‌റ്റോണിയോ പോസിറ്റോ സ്‌റ്റേഡിയത്തിലായിരുന്നു. സംഭവബഹുലമായിരുന്നു ആദ്യ ലോകകപ്പ്.

1930 ജൂലൈ പതിമ്മൂന്നിന് ലോകകായിക ചരിത്രത്തില്‍ പുതിയൊധ്യായത്തിന് തുടക്കം കുറിച്ചു കൊണ്ട് ലോകകപ്പ് ഫുട്‌ബോള്‍ അരങ്ങേറി. മെക്‌സിക്കോയും ഫ്രാന്‍സും തമ്മിലായിരുന്നു ലോകകപ്പു ചരിത്രത്തിലെ ആദ്യമല്‍സരം. ഈ മല്‍സരത്തില്‍ ഫ്രാന്‍സ് 4-1ന് ജയിച്ചു. കളിയുടെ പത്തൊമ്പതാം മിനിറ്റില്‍ മെക്‌സിക്കന്‍ വലകുലുക്കിയ ഫ്രാന്‍സിന്റെ ലൂസിയന്‍ ലോറന്റ് ലോകകപ്പിലെ ആദ്യ ഗോളിനുടമയായി ചിരിത്രത്തില്‍ ഇടം പിടിച്ചു.

ഗ്രൂപ്പ് മല്‍സരത്തില്‍ പരാഗ്വെയെ അമേരിക്ക 3- 0 ത്തിന് തോല്‍പ്പിച്ചു. മൂന്നുഗോളും സ്‌കോര്‍ചെയ്തത് ബെര്‍ട്ട് പാറ്റേനൗഡ് എന്ന കളിക്കാരനായിരുന്നു. അങ്ങനെ അദ്ദേഹം ലോകകപ്പിലെ ആദ്യത്തെ ഹാട്രിക്കിനുടമയായി. ആദ്യ സെല്‍ഫ് ഗോളിനും പ്രഥമ ലോകകപ്പ് സാക്ഷിയായി. ചിലിക്കെതിരെയുള്ളൊരു മല്‍സരത്തില്‍ സ്വന്തം വലയില്‍ പന്തെത്തിച്ച മെക്‌സിക്കോയുടെ മാന്വല്‍ റോസസ് സാഞ്ചസായിരുന്നു ആ ആദ്യദൗര്‍ഭാഗ്യവാന്‍.

അര്‍ജ്ജന്റീന, ഉറൂഗ്വേ, അമേരിക്ക, യുഗോസ്ലാവിയ എന്നിവര്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമിയിലെത്തി. സെമിയല്‍ അര്‍ജ്ജന്റീന, അമേരിക്കയേയും ഉറൂഗ്വേ, യുഗോസ്ലാവിയയേയും പരാജയപ്പെടുത്തി. 6-1 ആയിരുന്നു രണ്ടു മല്‍സരങ്ങളുടേയും ഫലം. 1930 ജൂലൈ മുപ്പതിനായിരുന്നു ഉറൂഗ്വേ- അര്‍ജ്ജന്റീന ഫൈനല്‍.

ഫൈലനിന് മുമ്പ് കൗതുകകരമായൊരു തര്‍ക്കമുണ്ടായി. കളിക്കാന്‍ ആരുടെ പന്ത് ഉപയോഗിക്കണമെതായിരുന്നു തര്‍ക്ക വിഷയം. ആദ്യപകുതിയില്‍ അര്‍ജ്ജന്റീനയുടെ പന്തും രണ്ടാം പകുതിയില്‍ ഉറൂഗ്വേയുടെ പന്തും ഉപയോഗിക്കാന്‍ ഒടുവില്‍ ധാരണയായി.

ആദ്യപകുതിയില്‍ അര്‍ജ്ജന്റീന 2-1ന് മുന്നിലായിരുന്നു. ഉറുഗ്വേയുടെ പന്തുപയോഗിച്ച രണ്ടാം പകുതിയില്‍ അവര്‍ മൂന്നു ഗോള്‍ തിരിച്ചടിച്ചു. അങ്ങനെ മല്‍സരം 4-2ന് ഉറൂഗ്വേ സ്വന്തമാക്കി. ഒപ്പം ആദ്യ ലോക കിരീടവും. അങ്ങനെ ലോകഫുട്‌ബോളിലെ ആദ്യ ചമ്പ്യന്മാര്‍ ഉറൂഗ്വേയായി. അവരുടെ നായകന്‍ ജോസ് നസാസി ഫിഫാ പ്രഡിഡന്റ് യുള്‍റിമേയില്‍ നിന്ന് കിരീടവും ഏറ്റുവാങ്ങി.

കിരീടം ലഭിച്ചില്ലെങ്കിലും എട്ടുഗോള്‍ നേടിയ അര്‍ജ്ജന്റീനയുടെ ഗില്ലാര്‍മോ സ്‌റ്റെബല്‍ ആയിരുന്നു ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോറര്‍. ഇദ്ദേഹം 1961-ല്‍ അന്തരിച്ചു. ഓന്നാം ലോകകപ്പില്‍ പങ്കെടുത്ത കളിക്കാരാരും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. ഏറ്റവും ഒടുവില്‍ മരിച്ചത് അര്‍ജ്ജന്റീനയുടെ സ്‌ട്രൈക്കറായിരുന്ന ഫ്രാന്‍സിസ്‌കോ വാറല്ലോ ആയിരുന്നു. 2006ല്‍ ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ആദ്യ ലോകകപ്പില്‍ കളിച്ച വാറല്ലോയ്ക്ക് 16 ലോകകപ്പുകള്‍ക്ക് കൂടി സാക്ഷ്യം വഹിക്കാനുള്ള ഭാഗ്യമുണ്ടായി.

DONT MISS
Top