കോണ്‍ഗ്രസുമായി ബന്ധം ആകാമോ? മോദി ഭരണം ഫാസിസ്റ്റ് ഭരണമോ? സീതാറാം യെച്ചൂരി തുടരുമോ ? പാര്‍ട്ടി കോണ്‍ഗ്രസിന്റെ പശ്ചാത്തലത്തില്‍ സിപിഐഎമ്മില്‍ ഉയരുന്ന ചോദ്യങ്ങള്‍

സിപിഐഎമ്മിന്റെ 22 -മത് പാര്‍ട്ടി കോണ്‍ഗ്രസിന്റെ കൊടി ഉയരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഹൈദരാബാദിലെ ആര്‍ടിസി കല്യാണമണ്ഡപത്തില്‍ ഒരുക്കിയിരിക്കുന്ന മുഹമ്മദ് അമീന്‍ നഗറില്‍ ഏപ്രില്‍ 18 മുതല്‍ 22 വരെ നടക്കുന്ന പ്രതിനിധി സമ്മേളനം കേന്ദ്ര കമ്മിറ്റി അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തിന്റെ കരടില്‍ എന്തൊക്കെ ഭേദഗതി വരുത്തും എന്നതാണ് ഈ പാര്‍ട്ടി കോണ്‍ഗ്രസിനെ ശ്രദ്ധേയമാക്കുക.

രൂപികൃതമായതിന് ശേഷം സിപിഐഎം അതിന്റെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന കാലഘട്ടത്തില്‍ ചേരുന്ന പാര്‍ട്ടി കോണ്‍ഗ്രസ് എടുക്കുന്ന ഓരോ തീരുമാനവും പാര്‍ട്ടിയുടെ ഭാവിയില്‍ നിര്‍ണ്ണായക സ്വാധീനം ആകും ചെലുത്തുക.

കോണ്‍ഗ്രസ് ബന്ധത്തിന് പാര്‍ട്ടി കോണ്‍ഗ്രസ് പച്ച കൊടി കാണിക്കുമോ ?

2018 ജനുവരി 19 മുതല്‍ 21 വരെ കൊല്‍ക്കത്തയില്‍ ചേര്‍ന്ന കേന്ദ്ര കമ്മിറ്റി യോഗം തയ്യാറക്കിയ രാഷ്ട്രീയ പ്രമേയത്തിന്റെ കരടില്‍ പാര്‍ട്ടിയുടെ രാഷ്ട്രീയ ലൈനിനെകുറിച്ച് വിശദീകരിച്ചിരിക്കുന്നത് ഇങ്ങനെ. ‘ എല്ലാ മതനിരപേക്ഷ, ജനാധിപത്യ കക്ഷികളെയും അണിനിരത്തി ബിജെപിയെയും അതിന്റെ സഖ്യകക്ഷികളെയും പരാജയപ്പെടുത്തുകയെന്നതാണ് മുഖ്യദൗത്യം. എന്നാല്‍, കോണ്‍ഗ്രസുമായി ധാരണയോ തിരഞ്ഞെടുപ്പു സഖ്യമോ ഇല്ലാതെയാണ് ഇതു ചെയ്യേണ്ടത്’ 2.115 (ii)

അടവ് നയത്തെ കുറിച്ച് രാഷ്ട്രീയ പ്രമേയത്തിന്റെ കരട് വിശദീകരിക്കുന്നത് ഇങ്ങനെ ‘ബിജെപി വിരുദ്ധ വോട്ടുകള്‍ പരമാവധി ഒന്നിപ്പിക്കാന്‍ ഉചിതമായ തിരഞ്ഞെടുപ്പ് അടവുനയം മേല്‍പറഞ്ഞ രാഷ്ട്രീയ ലൈനിന്റെ അടിസ്ഥാനത്തില്‍ സ്വീകരിക്കണം’ 2.115 (viii).

മൂന്ന് പോളിറ്റ് ബ്യുറോ യോഗങ്ങളും രണ്ട് കേന്ദ്ര കമ്മിറ്റി യോഗങ്ങളും ചര്‍ച്ച ചെയ്ത ശേഷം ആണ് വോട്ടെടുപ്പിലൂടെ ഈ രാഷ്ട്രീയലൈന്‍ കരട് രാഷ്ട്രീയ പ്രമേയത്തില്‍ സ്ഥാനം പിടിച്ചത്. എന്നാല്‍ ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയത്തെ നേരിടാന്‍ കോണ്‍ഗ്രസ് കൂടി ഉള്‍പ്പെടുന്ന എല്ലാ ജനാധിപത്യ മതേതര പാര്‍ട്ടികളുടെയും വിശാല മതേതര ബദല്‍ ആവശ്യമാണ് എന്ന നിലപാടിലാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ബംഗാള്‍ ഘടകവും. തെരെഞ്ഞെടുപ്പ് പരാജയത്തിന് ശേഷം മാണിക് സര്‍ക്കാറും ഈ നിലപാടില്‍ എത്തി എന്നാണ് സൂചന. കോണ്‍ഗ്രസുമായി സഖ്യമുള്ള പ്രാദേശിക പാര്‍ട്ടികളുമായി കൂട്ടുകെട്ടാവാമെന്ന കാരാട്ട്പക്ഷ നിലപാടും കരടില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കേന്ദ്ര കമ്മിറ്റി അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തിന്റെ കരട് അത് പോലെ പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ചാല്‍ 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സപിഐഎമ്മിന് ആര്‍ക്ക് ഒപ്പം സഖ്യത്തില്‍ ഏര്‍പ്പെടാം എന്ന ചോദ്യം അവശേഷിക്കും. കോണ്‍ഗ്രസ് ഇല്ലാത്ത ഇടത് മതേതര ബദല്‍ എന്ന പരീക്ഷണം പാര്‍ട്ടിക്ക് ഗുണം ചെയ്യില്ല എന്നാണ് യെച്ചൂരിയുടെ നിലപാടിനെ അനുകൂലിക്കുന്ന നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. ബിഹാറിലേയും തമിഴ്‌നാട്ടിലെയും രാഷ്ട്രീയ സഖ്യ പരീക്ഷണങ്ങള്‍ ഇതിന് ഉദാഹരണമായി ഈ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

2015 ലെ ബിഹാര്‍ തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മിന് പുറമെ സിപിഐ(എംഎല്‍)മായി മാത്രമാണ് സിപിഐഎം സഖ്യത്തില്‍ ഏര്‍പ്പെട്ടത്. ബിഹാര്‍ നിയമസഭാ തെരെഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടിയേറ്റിട്ടും പാര്‍ട്ടിക്ക് ഒരു സീറ്റും ലഭിച്ചില്ല. തമിഴ്‌നാട്ടില്‍ ഡിഎംകെ – കോണ്‍ഗ്രസ് സഖ്യത്തോട് ഒപ്പം നിന്നിരുന്നു എങ്കില്‍ നിയമസഭയില്‍ അംഗങ്ങള്‍ ഉണ്ടാകുമായിരുന്നു എന്നും യെച്ചൂരിയുടെ വിശ്വസ്തര്‍ പറയുന്നു. അത് കൊണ്ട് തന്നെ കോണ്‍ഗ്രസ് ഇല്ലാത്ത ഇടത് മതേതര ബദല്‍ എന്ന അടവ് നയം പാര്‍ട്ടിക്ക് അപകടകരം ആണെന്നാണ് ഇവരുടെ വാദം.

കേരള ഘടകം കോണ്‍ഗ്രസ് ബന്ധത്തെ ശക്തമായി എതിര്‍ക്കുകയാണ്. കോണ്‍ഗ്രസ് ബന്ധത്തെ എതിര്‍ത്തിരുന്ന തമിഴ്‌നാട്, ആന്ധ്ര ഘടകങ്ങളുടെ മുന്‍ നിലപാടില്‍ മാറ്റം ഉണ്ടായാല്‍ കേന്ദ്ര കമ്മിറ്റി അംഗീകരിച്ച രാഷ്ട്രീയ അടവ് നയത്തില്‍ കാര്യമായ ഭേദഗതി ഉണ്ടാകും എന്ന് ഉറപ്പ്. എന്നാല്‍ അങ്ങനെ ഒന്ന് ഉണ്ടാകില്ല എന്ന പ്രതീക്ഷയില്‍ തന്നെ ആണ് പോളിറ്റ് ബ്യുറോയിലും കേന്ദ്ര കമ്മിറ്റിയിലും ഭൂരിപക്ഷം ഉള്ള കാരാട്ട് വിഭാഗക്കാര്‍ പറയുന്നത്.

മോദി സര്‍ക്കാര്‍ സ്വേച്ഛാധിപത്യ സര്‍ക്കാരോ ഫാസിസ്റ്റ് സര്‍ക്കാരോ?

പാര്‍ട്ടി കോണ്‍ഗ്രസില്‍ സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് വിഭാഗങ്ങള്‍ തമ്മില്‍ ഉള്ള മറ്റൊരു പ്രത്യശാസ്ത്ര തര്‍ക്ക വിഷയം ആര്‍എസ്എസിന്റെയും മോദി സര്‍ക്കാരിന്റെയും ഫാസിസ്റ്റ് സ്വഭാവത്തെ കുറിച്ചാകും. നരേന്ദ്ര മോദി സര്‍ക്കാരിനെ കുറിച്ച് കേന്ദ്ര കമ്മിറ്റി പാസ്സാക്കിയ രാഷ്ട്രീയ പ്രമേയത്തിന്റെ കരടില്‍ ഉള്ള പരാമര്‍ശങ്ങള്‍ ഇങ്ങനെ ‘പാര്‍ലമെന്ററി ജനാധിപത്യത്തിനു കടിഞ്ഞാണിട്ടു കൊണ്ടും ഭരണഘടനാ സ്ഥാപനങ്ങളെയും ജനാധിപത്യാവകാശങ്ങളെയും അട്ടിമറിച്ചുകൊണ്ടും സ്വേച്ഛാധിപത്യം കെട്ടിപ്പടുത്തുകൊണ്ടിരിക്കുന്നു’. ‘കഴിഞ്ഞ നാലുവര്‍ഷത്തോളം കാലമായി മോദി ഗവണ്‍മെന്റിന്റെ വാഴ്ചയിന്‍കീഴില്‍ വലതുപക്ഷ, സ്വേച്ഛാധിപത്യ, വര്‍ഗീയ ആക്രമണങ്ങളാണ് നടന്നുവരുന്നത്’. ‘ഹിന്ദുത്വവും കോര്‍പ്പറേറ്റ് ശക്തിയും തമ്മിലുള്ള കൂട്ടായ്മ സ്വേഛാധിപത്യത്തിലേക്കുള്ള നീക്കത്തിന് ഇന്ധനം പകര്‍ന്നുകൊണ്ടിരിക്കുകയാണ്’.

‘ഫാസിസ്റ്റ് സ്വഭാവമുള്ള രാഷ്ട്രീയ സ്വയം സേവക് സംഘം മാര്‍ഗനിര്‍ദ്ദേശം നല്‍കുകയും മേധാവിത്വം വഹിക്കുകയും ചെയ്യുന്നതിനാല്‍, ബിജെപി ഒരു സാധാരണ ബൂര്‍ഷ്വാ പാര്‍ട്ടിയല്ല. ബിജെപി അധികാരത്തിലിരിക്കുമ്പോള്‍, ഭരണകൂടാധികാരത്തിന്റെ ഉപകരണങ്ങളിലും ഭരണകൂട സംവിധാനത്തിലും ആര്‍എസ്എസിന് ഇടപെടാന്‍ അവസരം കിട്ടുന്നു. ബിജെപിയെ പ്രവര്‍ത്തിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് ഫാസിസ്റ്റ് സ്വാഭാവമുള്ള ആര്‍എസ്എസാണ്’.

പോളിറ്റ് ബ്യുറോ അംഗങ്ങള്‍ ആയ പ്രകാശ് കാരാട്ടും, എസ് രാമചന്ദ്രന്‍ പിള്ളയുമാണ് കരട് രാഷ്ട്രീയ പ്രമേയത്തില്‍ ദേശീയ സാഹചര്യങ്ങളെ കുറിച്ചുള്ള ഭാഗം എഴുതിയിരിക്കുന്നത്. ഫാസിസ്റ്റ് സ്വാഭാവമുള്ള ആര്‍എസ്എസ് നിയന്ത്രിക്കുന്ന മോദി സര്‍ക്കാരിനെ സ്വേച്ഛാധിപത്യ സര്‍ക്കാര്‍ എന്നാണ് കരട് രാഷ്ട്രീയ പ്രമേയം വിശദീകരിക്കുന്നത്. സ്വേച്ഛാധിപത്യ സര്‍ക്കാര്‍ എന്നത് ഫാസിസ്റ്റ് സര്‍ക്കാര്‍ എന്ന് ഭേദഗതി ചെയ്യണം എന്ന നിരവധി നിര്‍ദേശങ്ങള്‍ പാര്‍ട്ടിക്ക് ലഭിച്ചിട്ടുള്ളത്. അത് പോലെ ആര്‍എസ്എസ് ഫാസിസ്റ്റ് സ്വഭാവം ഉള്ളതല്ല, മറിച്ച് ഫാസിസ്റ്റ് കക്ഷി തന്നെ ആണ് എന്ന് ഭേദഗതി ചെയ്യണം എന്ന നിര്‍ദേശങ്ങളും പാര്‍ട്ടി കോണ്‍ഗ്രസിന്റെ പരിഗണനയ്ക്ക് വരും.

ജനറല്‍ സെക്രട്ടറി സ്ഥാനത്ത് സീതാറാം യെച്ചൂരി തുടരുമോ?

വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസില്‍ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട സീതാറാം യെച്ചൂരി ഹൈദരബാദ് പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം ആ സ്ഥാനത്ത് ഉണ്ടാകുമോ എന്ന് തീര്‍ത്ത് പറയാന്‍ ആരും തയ്യാറല്ല. കോണ്‍ഗ്രസ് ബന്ധമാകാം എന്ന തന്റെ രാഷ്ട്രീയ നയം ബംഗാളില്‍ കേന്ദ്ര കമ്മിറ്റി വോട്ടിനിട്ട് തള്ളിയതിനെ തലേന്ന് പോളിറ്റ് ബ്യുറോയില്‍ സ്ഥാനം ഒഴിയാന്‍ സന്നദ്ധന്‍ ആണെന്ന് യെച്ചൂരി അറിയിച്ചിരുന്നു. എന്നാല്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരാന്‍ പാര്‍ട്ടി നിര്‍ദേശിക്കുക ആയിരുന്നു.

സീതാറാം യെച്ചൂരിക്ക് മുമ്പ് സിപിഐഎമ്മിന്റെ രണ്ട് ജനറല്‍ സെക്രട്ടറിമാര്‍ക്ക് മാത്രമാണ് തങ്ങളുടെ നിലപാട് പാര്‍ട്ടിയെ കൊണ്ട് അംഗീകരിപ്പിക്കാന്‍ കഴിയാതെ പോയത്. സുന്ദരയ്യയ്ക്കും ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിനും. രാഷ്ട്രീയ ലൈന്‍ സംബന്ധിച്ച നിലപാട് കേന്ദ്ര കമ്മിറ്റിയും പോളിറ്റ് ബ്യുറോയും തള്ളിയതിനെ തുടര്‍ന്ന് അടിയന്തിരാവസ്ഥ കാലത്ത് സുന്ദരയ്യ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചിരുന്നു. ജ്യോതി ബസുവിനെ പ്രധാനമന്ത്രിയാക്കണം എന്ന ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിംഗ് സുര്‍ജീത്തിന്റെ നിര്‍ദേശം സിപിഐഎം കേന്ദ്ര കമ്മിറ്റി തള്ളിയെങ്കിലും സുര്‍ജിത്ത് ആ സ്ഥാനത്ത് തുടരുകയാണ് ഉണ്ടായത്.

കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ച യെച്ചൂരിയുടെ നിലപാട് പോളിറ്റ് ബ്യുറോയും കേന്ദ്ര കമ്മിറ്റിയും തള്ളിയെങ്കിലും പാര്‍ട്ടി നിര്‍ദേശത്തെ തുടര്‍ന്ന് അദ്ദേഹം ആ സ്ഥാനത്ത് തുടര്‍ന്നു. എന്നാല്‍ പാര്‍ട്ടി കോണ്‍ഗ്രസ് കൂടി തള്ളിയാല്‍ യെച്ചൂരി പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരുമോ എന്ന ആശങ്ക സപിഐഎം നേതൃത്വത്തിലെ പലര്‍ക്കുമുണ്ട്. യെച്ചൂരി ഒഴിയുകയാണെങ്കില്‍ ആര് ആയിരിക്കും പിന്‍ഗാമി?. സര്‍വ്വ സമ്മതന്‍ ആയി മാണിക് സര്‍ക്കാര്‍ വരുമോ, അതോ കാരാട്ട് പക്ഷത്തെ ബൃന്ദ കാരാട്ട് സിപിഐന്റെ ആദ്യ വനിത ജനറല്‍ സെക്രട്ടറി ആകുമോ ?

DONT MISS
Top