തൃശ്ശൂരില്‍ പാറമടയില്‍ മുങ്ങിമരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ അടിയന്തര ധനസഹായം 20,000 രൂപ അനുവദിച്ചു

തൃശ്ശൂര്‍: കുന്നംകുളത്തിനടുത്ത് പാറമടയില്‍ മുങ്ങിമരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ 20,000 രൂപ വീതം അടിയന്തര ധനസഹായം അനുവദിച്ചു. ഇന്നലെയാണ് അഞ്ഞൂര്‍കുന്നില്‍ പാറമടയില്‍ കുളിക്കാനിറങ്ങിയ അമ്മയും മകളും ഉള്‍പ്പടെ നാല്‌പേര്‍ മുങ്ങിമരിച്ചത്. അഞ്ഞൂര് സ്വദേശി സീത മകള്‍ പ്രതിക, അയല്‍വാസികളായ സന, ഹാഷിം എന്നിവരാണ് മരിച്ചത്.

സീതയുടെ അയല്‍വാസിയായ മുഹമ്മദ് ബുഷ്‌റ ദമ്പതികളുടെ മകള്‍ ആണ് മരിച്ച സന. ഇവരുടെ വീട്ടില്‍ വിരുന്നിനെത്തിയതാണ് ഏഴ് വയസുകാരന്‍ ഹാഷിം. കുട്ടികള്‍ വെള്ളത്തില്‍ വീണപ്പോള്‍ രക്ഷിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത് എന്നാണ് കരുതുന്നത്.

ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് സീതയും മകളും മറ്റ് രണ്ട് കുട്ടികളും കുളിക്കാനും അലക്കാനുമായി പാറമടയിലേക്ക് പോയത്. സന്ധ്യയായിട്ടും ഇവരെ കാണാതായതോടെ നാട്ടുകാരും ബന്ധുക്കളും നടത്തിയ അന്വേഷണത്തില്‍ പാറമടയ്ക്കടുത്ത് വച്ച് മൊബൈല്‍ ഫോണ്‍ കണ്ടെത്തി. പൊലീസും മുങ്ങല്‍ വിദഗ്ദരും എത്തി നടത്തിയ തെരച്ചിലിലാണ് മൃദദേഹങള്‍ കണ്ടെത്തിയത്.

മൃതദേഹം കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കുന്നംകുളം പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.  തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. കടുത്ത ജലക്ഷാമം ഉള്ള പ്രദേശത്ത് വര്‍ഷങ്ങള്‍ ആയി ജനങ്ങള്‍ പാറമടയാണ് ഉപയോഗിക്കുന്നത്.

DONT MISS
Top