ആസിഫയുടെ കൊലപാതകം: പാര്‍ട്ടി നേതൃത്വം പറഞ്ഞതിനാലാണ് പ്രതികളെ പിന്തുണച്ചതെന്ന് രാജിവച്ച ബിജെപി മന്ത്രിമാര്‍; സര്‍ക്കാരിന്റെ നിലനില്‍പ്പിന് ഭീഷണിയായി പുതിയ വെളിപ്പെടുത്തല്‍

ശ്രീനഗര്‍: കശ്മീരില്‍ എട്ടുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ വിവാദത്തെത്തുടര്‍ന്ന് രാജിവച്ച ബിജെപി മന്ത്രിമാര്‍ പുതിയ വെളിപ്പെടുത്തലുമായി രംഗത്ത്. എട്ടുവയസുകാരി ആസിഫയെ കൊലപ്പെടുത്തിയ അക്രമികളെ പിന്തുണയ്ക്കുകയും കേസിലെ ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ പ്രതിഷേധിച്ച് നടന്ന പ്രകടനത്തില്‍ പങ്കെടുക്കുകയും ചെയ്തത് വിവാദമായതിനെത്തുടര്‍ന്നാണ് കശ്മീര്‍ മന്ത്രിമാര്‍ രാജിവച്ചത്. ബിജെപി അംഗങ്ങളായ ചൗധരി ലാല്‍ സിങും ചന്ദര്‍ പ്രകാശ് ഗംഗയുമാണ് രാജിവെച്ചത്.

എന്നാല്‍ പാര്‍ട്ടി നേതൃത്വം നിര്‍ദ്ദേശിച്ചതിനാലാണ് തങ്ങള്‍ പ്രതികളെ പിന്തുണച്ചതെന്നും റാലിയില്‍ പങ്കെടുത്തതെന്നുമാണ് രാജിവെച്ച മന്ത്രിമാര്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സത് ശര്‍മ്മയ്ക്ക് ഇരുവരും രാജിക്കത്ത് കൈമാറി. പ്രതികളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഹിന്ദു ഏക്താ മഞ്ച് സംഘടിപ്പിച്ച റാലിയിലാണ് ഇരുവരും പങ്കാളികളായത്. ചന്ദ്രപ്രകാശ് ഗംഗ വ്യാവസായ വകുപ്പും ലാല്‍ സിങ് വനം വകുപ്പുമാണ് കൈകാര്യം ചെയ്തിരുന്നത്. എന്നാല്‍ ബിജെപി മന്ത്രിമാരുടെ നിലപാട് സര്‍ക്കാരിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയായ സാഹചര്യത്തില്‍ മുഖ്യമന്ത്രി മെഹബൂബ മുഫതിയാണ് മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ടത്. ബിജെപി കേന്ദ്ര നേതാക്കളുമായി സംസാരിച്ച ശേഷമായിരുന്നു മെബബൂബ മുഫ്തിയുടെ തീരുമാനം.

എന്നാല്‍ പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെയാണ് തങ്ങള്‍ റാലിയില്‍ പങ്കെടുത്തതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ സത്ശര്‍മ്മയാണ് റാലിയില്‍ പങ്കെടുക്കാന്‍ തങ്ങളെ അയച്ചതെന്നും രാജിവച്ച മന്ത്രിമാര്‍ വെളിപ്പെടുത്തി. പാര്‍ട്ടിയുടെ പ്രതിച്ഛായ സംരക്ഷിക്കുന്നതിനു വേണ്ടി തങ്ങള്‍ ചെയ്ത ത്യാഗമാണ് മന്ത്രി സ്ഥാനം രാജി വെച്ചതെന്നും ഇരുവരും വ്യക്തമാക്കി.

കഴിഞ്ഞ ജനുവരി പത്തിനാണ് ജമ്മു പട്ടണത്തിന് അടുത്ത് കത്തുവ ജില്ലയിലെ രസാനയില്‍നിന്ന് എട്ട് വയസ്സുകാരിയെ കാണാതാകുന്നത്. വീടിനടുത്ത് കുതിരയെ തീറ്റാന്‍ പോയ ബക്കര്‍വാല്‍ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയെ കാണാതാവുകയുമായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം പ്രദേശത്തെ ക്ഷേത്രത്തില്‍നിന്നും കുട്ടിയുടെ മൃതദേഹം ഭീകരമായ മുറിവുകളോടെ കണ്ടെത്തി. കുട്ടി ക്രൂരമായ ബലാംത്സംഗത്തിന് ഇരയാകുകയും തല കല്ലുകൊണ്ട് ഇടിയേറ്റ് തകര്‍ന്ന നിലയിലുമായിരുന്നു.

ബ്രാഹ്മണര്‍ തിങ്ങി താമസിക്കുന്ന സ്ഥലമായ രസാന ഗ്രാമത്തില്‍നിന്ന് മുസ്‌ലിം നാടോടി സമൂഹമായ ബക്കര്‍വാളുകളെ അവിടെ നിന്ന് ഭയപ്പെടുത്തി ഓടിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പെണ്‍കുട്ടിയെ തട്ടികൊണ്ട് പോയതും ബലാത്സംഗം ചെയ്തതും. റവന്യൂവകുപ്പില്‍നിന്ന് വിരമിച്ച സഞ്ജിറാമാണ് ബലാംത്സംഗ കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരന്‍. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവുക, ബലാംത്സംഗം ചെയ്യുക, കൊല്ലുക എന്നീ പദ്ധതികള്‍ തയ്യാറാക്കിയത് സഞ്ജിറാമാണ്. ഇയാളെ കൂടാതെ മകന്‍ വിശാല്‍ ഗംഗോത്രയും, പ്രായപൂര്‍ത്തിയായിട്ടില്ലാത്ത മരുമകനും ഈ കൊടും കുറ്റകൃത്യത്തില്‍ പങ്കാളികളാണ്. എസ്പിഒ ഖജൂരിയയും സുഹൃത്ത് വിക്രമും ചേര്‍ന്നാണ് കുട്ടിയെ മയക്കുന്നതിനുള്ള മരുന്ന് വാങ്ങിക്കുന്നത്.

DONT MISS
Top