റോഡ് മൂവിയുമായി ഗപ്പി സംവിധായകന്‍ ജോണ്‍പോള്‍, നായകന്‍ സൗബിന്‍; നസ്‌റിയയുടെ സഹോദരന്‍ നവീന്‍ നസീം പ്രധാന വേഷത്തില്‍

റിലീസിന് ശേഷവും സാമൂഹ്യമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ ചര്‍ച്ചയായി മാറിയ സിനിമയാണ് ജോണ്‍പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്ത ഗപ്പി. അഞ്ച് സംസ്ഥാന അവാര്‍ഡുകള്‍ നേടിയ ഗപ്പിക്ക് ശേഷം റോഡ് മുവീയുമായി പ്രേക്ഷകരിലെത്തുകയാണ് സംവിധായകന്‍ ജോണ്‍പോള്‍. അമ്പിളി എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലൂടെ കൗതുകമുള്ളൊരു കഥ പറയുന്ന ചിത്രമായിരിക്കും. സുഡാനി ഫ്രം നൈജീരിയ്ക്ക് പിന്നാലെ നായകനിരയിലേക്ക് ഉയര്‍ന്ന സൗബിന്‍ ഷാഹിറാണ് അമ്പിളി എന്ന ടൈറ്റില്‍ റോളില്‍.

നസ്‌റിയാ നസിമിന്റെ സഹോദരന്‍ നവീന്‍ നസീം ബിഗ് സ്‌ക്രീനില്‍ അരങ്ങേറ്റം കുറിക്കുന്ന സിനിമ കൂടിയാണ് അമ്പിളി. പുതുമുഖം തന്‍വി റാം ആണ് നായിക. ഗപ്പി ഉള്‍പ്പെടെ മലയാള സിനിമയിലെ പുതുനിര ചിത്രങ്ങള്‍ ഒരുക്കിയ ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, എവി അനൂപ്, സിവി സാരഥി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. സുഡാനി ഫ്രം നൈജീരിയ തിയറ്ററുകളിലെത്തിച്ചതും ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റാണ്.

അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിലൂടെ കഥ പറഞ്ഞ ഗപ്പി തിയറ്ററിലെത്തി രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ജോണ്‍പോളിന്റെ പുതിയ ചിത്രം ഒരുങ്ങുന്നത്. രണ്ട് വര്‍ഷത്തോളമുള്ള തയ്യാറെടുപ്പുകള്‍ക്ക് ശേഷമാണ് ഹ്യൂമറിനും മ്യൂസിക്കിനും പ്രാധാന്യമുള്ള റോഡ് മുവീയുമായി ജോണ്‍പോള്‍ എത്തുന്നത്. ഗപ്പിയിലൂടെയാണ് ടൊവിനോ തോമസ് നായകതാരമായി മാറുന്നത്. ടൊവിനോയുടെ പിറന്നാള്‍ ദിവസം ആരാധകര്‍ മുന്‍കയ്യെടുത്ത് ഗപ്പി റീ റിലീസ് ചെയ്തിരുന്നു.

ഹൃദയത്തോട് ചേര്‍ത്തുവയ്ക്കാവുന്ന സിനിമകളെക്കുറിച്ച് സംസാരമുണ്ടാകുമ്പോള്‍ അക്കൂട്ടത്തിലേക്ക് ഗപ്പി കടന്നുവരുന്നത് കാണുമ്പോഴുള്ള ആഹ്ലാദം ചെറുതല്ലെന്ന് സംവിധായകന്‍ ജോണ്‍ പോള്‍ ജോര്‍ജ്ജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഉപാധികളില്ലാത്ത സ്‌നേഹത്തിന് മുന്നില്‍ അതിരുകളില്ലാത്ത ലോകം സാധ്യമാകുമെന്ന ആഗ്രഹത്തെയാണ് ഗപ്പിയില്‍ ആവിഷ്‌കരിക്കാന്‍ ശ്രമിച്ചത്. ജീവിക്കുന്ന കാലത്തോട് ചേര്‍ന്ന് നിന്നാണ് രണ്ടാമത്തെ സിനിമയും ചെയ്യാന്‍ ശ്രമിക്കുന്നത്. വെറുപ്പിന്റെ രാഷ്ട്രീയം പരക്കുന്ന കാലത്ത് കരുതലും സ്‌നേഹവുമായി തെളിച്ചമേകുന്ന ചില മനുഷ്യരുണ്ട്. അവരെക്കുറിച്ച് പറയാനാണ് അമ്പിളിയിലൂടെ ശ്രമിക്കുന്നതെന്നും ജോണ്‍ ജോര്‍ജ്ജ് കുറിച്ചു.


സംവിധായകനും താരങ്ങള്‍ക്കും ആശംസകള്‍ നേര്‍ന്നുകൊണ്ട് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ സോഷ്യല്‍മീഡിയില്‍ പങ്കുവെച്ചിട്ടുണ്ട്.

ദേശീയ ശ്രദ്ധയാകര്‍ഷിച്ച പരസ്യചിത്രങ്ങളൊരുക്കിയ ശരണ്‍ വേലായുധനാണ് ഛായാഗ്രാഹകന്‍. റിലീസിന് രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറവും പ്രേക്ഷകസ്വീകാര്യത നഷ്ടമാകാത്ത ഗപ്പിയിലെ ഗാനങ്ങളൊരുക്കിയ വിഷ്ണു വിജയ് ആണ് അമ്പിളിയുടെ സംഗീത സംവിധായകന്‍. ഗപ്പിയിലെ പാട്ടുകള്‍ക്ക് വിഷ്ണുവിന് സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നു.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയുടെ എഡിറ്ററായിരുന്ന കിരണ്‍ ദാസ് ആണ് എഡിറ്റര്‍. വിനേഷ് ബംഗ്ലാന്‍ കലാസംവിധാനവും മഷര്‍ ഹംസ കോസ്റ്റിയൂം ഡിസൈനിംഗും. ആര്‍ജി വയനാടന്‍ മേക്കപ്പും നിര്‍വഹിക്കുന്നു. പ്രേംലാല്‍ കെകെ ആണ് എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍. സൂരജ് ഫിലിപ്പ് ആണ് ലൈന്‍ പ്രൊഡ്യൂസര്‍. ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.

DONT MISS
Top