ഗുജറാത്ത് വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പ്രണേഷ്‌കുമാറിന്റെ പിതാവിന്റെ മരണം; അപകടത്തിന് കാരണമായ മൂന്ന് വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുത്തു

ആലപ്പുഴ: ഗുജറാത്ത് വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പ്രാണേഷ് കുമാറിന്റ പിതാവ് ഗോപിനാഥ പിള്ളയുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിന് കാരണമായ മൂന്ന് വാഹനങ്ങള്‍ പോലീസ് പിടിച്ചെടുത്തു. ബുധനാഴ്ച രാവിലെ ദേശീയ പാതയില്‍ ചേര്‍ത്തല വയലാര്‍ ജംഗ്ഷനില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ ഗോപിനാഥപിള്ള വെള്ളിയാഴ്ചയാണ് മരിച്ചത്.

പ്രാണേഷ് കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് നിയമ പോരാട്ടം നടത്തുന്നതിനിടെയാണ് ഗോപിനാഥപിള്ളയുടെ അപകട മരണം. മരണത്തില്‍ ദുരുഹത ഉയര്‍ന്ന സാഹചര്യത്തിലാണ് പോലിസ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു അന്വേഷണം നടത്തിയത്. ഇതേത്തുടര്‍ന്ന് അപകടത്തിനു കാരണമായ മൂന്ന് വാഹനങ്ങള്‍ പിടിച്ചെടുത്തു. എറണാകുളം രജിസ്‌ട്രേഷനിലുള്ള രണ്ട് മിനിലോറിയും ത്യശൂര്‍ രജിസ്‌ടേഷനിലുള്ള ടാങ്കറുമാണ് പട്ടണക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ജില്ലാ പൊലിസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ ചേര്‍ത്തല ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. അതേ സമയം ഗോപിനാഥപിള്ളയുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ ദുരൂഹതയൊന്നുമില്ലെന്ന് ഒപ്പമുണ്ടായിരുന്ന സഹോദരന്‍ പറഞ്ഞു. എട്ട് വര്‍ഷം മുന്‍പ് ഗുജറാത്തില്‍ വെച്ചായിരുന്നു പ്രണേഷ് കുമാര്‍ കൊല്ലപ്പെട്ടത്.

DONT MISS
Top