രാജ്യത്തെ നടുക്കിയ ആസിഫയുടെ കൊലപാതകം: സോഷ്യല്‍മീഡിയയില്‍ ആഹ്‌ളാദ പ്രകടനം നടത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകനെതിരെ പൊലീസ് കേസെടുത്തു

രാജ്യത്തെ നടുക്കിയ ആസിഫ എന്ന എട്ട് വയസുകാരിയുടെ മരണത്തെ അപമാനിച്ച് ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ട വിഷ്ണു നന്ദകുമാറിനെതിരെ പനങ്ങാട് പൊലീസ് കേസെടുത്തു. ജാമ്യമില്ല വകുപ്പ് ചുമത്തിയാണ് കേസ്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 (A) പ്രകാരം മതവിദ്വേഷം ഇളക്കി വിടാന്‍ ശ്രമിച്ച വകുപ്പ് ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. നിരവധി പേരുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്.

ലോകമനസാക്ഷിയെ ഞെട്ടിച്ച ക്രൂരമായ കൊലപാതകത്തെ ന്യായീകരിച്ച സംഘപരിവാര്‍ പ്രവര്‍ത്തകനായ വിഷ്ണുവിനെതിരെ ജനരോഷം ശക്തമായിരുന്നു. എറണാകുളം പാലാരിവട്ടം കൊട്ടക് മഹീന്ദ്ര ബാങ്ക് ശാഖയില്‍ അസിസ്റ്റന്റ് മാനേജരായിരുന്ന ഇയാളെ എത്രയും വേഗം പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ആളുകള്‍ സോഷ്യല്‍മീഡിയയില്‍ വലിയ പ്രക്ഷോഭമാണ് സംഘടിപ്പിച്ചത്. ഇതേത്തുടര്‍ന്ന് ബാങ്ക് അധികൃതര്‍ ഇയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.

‘ഇവളെയെല്ലാം ഇപ്പോഴേ കൊന്നത് നന്നായി, അല്ലെങ്കില്‍ ഭാവിയില്‍ ഇന്ത്യയ്‌ക്കെതിരെ ബോംബായി വന്നനെ’ എന്നാണ് വിഷ്ണു നന്ദകുമാര്‍ അഭിപ്രായപ്പെട്ടത്. ഇത് സോഷ്യല്‍ മീഡിയയിലും പുറത്തും വലിയ ജനരോഷത്തിനാണ് വഴിവച്ചത്. ഇയാളെ പുറത്താക്കണം എന്നാവശ്യപ്പെട്ട് ജനകീയ സമിതി പോസ്റ്ററുകള്‍ ഒട്ടിച്ചിരുന്നു. അതിനേക്കാള്‍ വലിയ രോഷമായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഉണ്ടായത്.

ബാങ്കിലെ നമ്പര്‍ തെരഞ്ഞുപിടിച്ച് പലരും ബാങ്കിലേക്ക് വിളിയാരംഭിച്ചു. ബാങ്കിന്റെ ആപ്പിലും പേജിലും റേറ്റിംഗ് കുറയ്ക്കുന്ന നടപടിയിലേക്കും ജനരോഷം നീങ്ങി. ഇതോടെ സ്ഥാപനത്തിന്റെ വിശ്വാസ്യത തകരുന്നു എന്നത് മനസിലാക്കി ബാങ്കിന്റെ മാനേജ്‌മെന്റ് വിഷ്ണുവിനെ പറഞ്ഞുവിടുകയായിരുന്നു.

ഇതേത്തുടര്‍ന്നാണ് മതവിദ്വേഷം ഇളക്കിവിടാന്‍ ശ്രമിച്ചു എന്ന കാരണം ചൂണ്ടിക്കാട്ടി ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. അതേസമയം കേസെടുത്തതറിഞ്ഞ് വിഷ്ണു നന്ദകുമാര്‍ ഒളിവില്‍ പോയിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

DONT MISS
Top