എട്ടുവയസുകാരിയുടെ കൊലപാതകത്തില്‍ ബിജെപിക്കാരനായ ജീവനക്കാരന്റെ ആഹ്ലാദപ്രകടനം സോഷ്യല്‍ മീഡിയയില്‍; കയ്യോടെ പിരിച്ചുവിട്ട് കൊട്ടക് മഹീന്ദ്ര ബാങ്ക്


രാജ്യത്തെ നടുക്കിയ കൊലപാതകം പോലും ന്യായീകരിക്കുന്ന ക്രൂരത ചില മലയാളികളിലും കാണപ്പെടുന്നത് സോഷ്യല്‍ മീഡിയയിലും പുറത്തും വന്‍ രോഷം സൃഷ്ടിക്കുന്നു. എറണാകുളം പാലാരിവട്ടം കൊട്ടക് മഹീന്ദ്ര ബാങ്ക് ശാഖയില്‍ ജോലി ചെയ്തിരുന്ന സംഘപരിവാര്‍ പ്രവര്‍ത്തകനെ ഇക്കാരണത്താല്‍ ബാങ്ക് കയ്യോടെ പുറത്താക്കി. മനുഷ്യര്‍ ചെയ്യാനറയ്ക്കുന്ന രീതിയില്‍ കശ്മീരിലെ കുഞ്ഞിന്റെ കൊലപാതകത്തെ ന്യായീകരിക്കുകയായിരുന്നു ഈ സ്വയംപ്രഖ്യാപിത രാജ്യസ്‌നേഹി.

ഇവളെയെല്ലാം ഇപ്പോഴേ കൊന്നത് നന്നായി, അല്ലെങ്കില്‍ ഇന്ത്യയ്‌ക്കെതിരെ ബോംബായി വേന്നനെ എന്നാണ് കൊട്ടാക് മഹീന്ദ്ര ബാങ്കിലെ ജീവനക്കാരനായ വിഷ്ണു നന്ദകുമാര്‍ അഭിപ്രായപ്പെട്ടത്. ഇത് സോഷ്യല്‍ മീഡിയയിലും പുറത്തും വലിയ ജന രോഷത്തിനാണ് വഴിവച്ചത്. പാലാരിവട്ടം ശാഖയിലെ അസിസ്റ്റന്റ് മാനേജര്‍കൂടിയായിരുന്നു ഇയാള്‍. ഇയാളെ പുറത്താക്കണം എന്നാവശ്യപ്പെട്ട് ജനകീയ സമിതി പോസ്റ്ററുകള്‍ ഒട്ടിച്ചിരുന്നു. അതിനേക്കാള്‍ വലിയ രോഷമായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഉണ്ടായത്.

ബാങ്കിലെ നമ്പര്‍ തെരഞ്ഞുപിടിച്ച് പലരും ബാങ്കിലേക്ക് വിളിയാരംഭിച്ചു. ബാങ്കിന്റെ ആപ്പിലും പേജിലും റേറ്റിംഗ് കുറയ്ക്കുന്ന നടപടിയിലേക്കും ജനരോഷം നീങ്ങി. ഇതോടെ സ്ഥാപനത്തിന്റെ വിശ്വാസ്യത തകരുന്നു എന്നത് മനസിലാക്കി ബാങ്കിന്റെ മാനേജ്‌മെന്റ് വിഷ്ണുവിനെ പറഞ്ഞുവിടുകയായിരുന്നു. ഇതോടെ വിഷയം നല്ലരീതിയില്‍ കൈകാര്യം ചെയ്ത് ജനരോഷം ശമിപ്പിക്കാനും സല്‍പേര് നിലനിര്‍ത്താനും ബാങ്കിന് കഴിഞ്ഞു.

DONT MISS
Top