ലക്ഷദ്വീപില്‍ നിന്നുള്ള സിന്‍ജാറിന് പ്രാദേശിക ഭാഷാ പുരസ്‌കാരവും നവാഗത സംവിധായകന് ഇന്ദിരാഗാന്ധി അവാര്‍ഡും; ഇരട്ടി മധുരവുമായി കോഴിക്കോടുകാരന്‍ സന്ദീപ് പാമ്പള്ളി

മലയാള സിനിമയ്ക്ക് അഭിമാനമായാണ് അറുപത്തഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം നടന്നത്. മലയാളികള്‍ക്ക് വിഷുസമ്മാനമായി ഒരുപിടി ദേശീയ അവാര്‍ഡുകള്‍ ലഭിച്ചപ്പോള്‍ ലക്ഷദ്വീപില്‍ നിന്നുള്ള സിന്‍ജാറിന് ലഭിച്ച പ്രാദേശിക ഭാഷാ പുരസ്‌കാരവും മലയാള സിനിമയുടെ അഭിമാനമാകുകയാണ്. മലയാളിയായ കോഴിക്കോടുകാരന്‍ സന്ദീപ് പാമ്പള്ളി തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് ‘സിന്‍ജാര്‍’.

നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി അവാര്‍ഡിനും അര്‍ഹനായിരിക്കുകയാണ് ‘സിന്‍ജാര്‍’ എന്ന ചിത്രത്തിലൂടെ സന്ദീപ് പാമ്പള്ളി. മികച്ച സംവിധായകന്‍, മികച്ച ചിത്രം തുടങ്ങി പല അന്തരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകള്‍ക്കും അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുള്ള വ്യക്തിയാണ് പാമ്പള്ളി എന്നറിയപ്പെടുന്ന സന്ദീപ് പാമ്പള്ളി. ബെല്‍ജിയം, ലണ്ടന്‍ എന്നിവിടങ്ങളിലും ഇന്ത്യയൊട്ടാകെ പല അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിലും പാമ്പള്ളിയുടെ ഷോര്‍ട്ട് ഫിലിമുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

നവാഗത സംവിധായകന് ലഭിച്ച അംഗീകാരത്തിന്റെയും ചിത്രത്തിന് ലഭിച്ച ദേശീയ പുരസ്‌കാരത്തിന്റെയും സന്തോഷത്തിലാണ് പാമ്പള്ളി. പൂര്‍ണ്ണമായും ലക്ഷദ്വീപില്‍ വെച്ച് ചിത്രീകരിച്ച സിനിമയാണ് ‘സിന്‍ജാര്‍’ എന്ന് സംവിധായകന്‍ പാമ്പള്ളി റിപ്പോര്‍ട്ടറോട് പറഞ്ഞു. മൂന്ന് വര്‍ഷം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കിയത്. ലക്ഷദ്വീപിലെ ജെസരി എന്ന പ്രാദേശിക ഭാഷയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രണ്ട് വര്‍ഷം മുന്‍പ് അവാര്‍ഡിനര്‍ഹമായ തന്റെ ഷോര്‍ട്ട്ഫിക്ഷന്റെ പ്രദര്‍ശനത്തിനായാണ് ആദ്യമായി ലക്ഷദ്വീപില്‍ എത്തുന്നത്. അന്ന് അവിടുത്തെ പ്രാദേശിക ഭാഷയോട് തോന്നിയ സ്‌നേഹമാണ് ഇങ്ങനെയൊരു ചിത്രം നിര്‍മ്മിക്കാന്‍ കാരണമെന്ന് പാമ്പള്ളി പറഞ്ഞു.

ഇറാഖിലെ സിഞ്ചാര്‍ പ്രവിശ്യ പിടിച്ചടക്കിയാണ് ഐഎസ് ഭീകരര്‍ ഇസ്ലാമിക് സ്റ്റേറ്റ് ആദ്യമായി രൂപീകരിക്കുന്നത്. ആയിരക്കണക്കിന് സ്ത്രീകളും കുട്ടികളുമാണ് അവിടെ പീഡനങ്ങള്‍ക്കിരയാവുകയും കൊല്ലപ്പെടുകയും ചെയ്തിട്ടുള്ളത്. ഇപ്പോഴും പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി ലൈംഗികത്തൊഴിലാളികളായി പാര്‍പ്പിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈയൊരു യാഥാര്‍ത്ഥ്യത്തിന്റെ പശ്ചാത്തലത്തില്‍ നിന്നാണ് ‘സിന്‍ജാര്‍’ എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്. ഐഎസ് ഭികരര്‍ക്കിടയില്‍ നിന്ന് രക്ഷപ്പെട്ട് പോകുന്ന രണ്ട് ലക്ഷദ്വീപ് പെണ്‍കുട്ടികളുടെ കഥ പറയുന്ന ചിത്രമാണ് ‘സിന്‍ജാര്‍’.

ലക്ഷദ്വീപ് പ്രദേശിക ഭാഷയിലെ ആദ്യത്തെ ചിത്രമാണ് ‘സിന്‍ജാര്‍’. സൃന്ദ, മൈഥിലി, മുസ്തഫ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. സേതുലക്ഷ്മിയമ്മ, ദിലീപ് മുന്‍ഷി എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. അതോടൊപ്പം നിരവധി നവാഗതരായ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു. ദിലീപ് സിംഗാണ് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

സെവന്‍ത് ഡെ എന്ന മലയാളചിത്രത്തിന്റെ നിര്‍മ്മാതാവായിരുന്ന ഷിബു ജി സുശീലനാണ് ‘സിന്‍ജാര്‍’ നിര്‍മ്മിച്ചിരിക്കുന്നത്. അദ്ദേഹം ഈ വര്‍ഷം ചെയ്ത ഡോക്യുമെന്ററിക്ക് ഇന്ത്യന്‍ പനോരമയുടെ സെലക്ഷനുണ്ടായിരുന്നു.

DONT MISS
Top