മികച്ച നടിയ്ക്കിത് മരണാനന്തര ബഹുമതി; മോമിലെ തിളക്കമാര്‍ന്ന പ്രകടനത്തിന് പുരസ്‌കാരത്തിനര്‍ഹയായി ശ്രീദേവി

സിനിമാ ലോകത്തിന് സന്തോഷവും അഭിമാനവുമായി ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം നടക്കുമ്പോള്‍ ബോളിവുഡിന്റെ എക്കാലത്തേയും നക്ഷത്രം ശ്രീദേവിക്ക് മരണാനന്തര ബഹുമതിയാവുകയാണ് ദേശീയ അവാര്‍ഡ്. മോം എന്ന ചിത്രത്തിലെ തിളക്കമാര്‍ന്ന അഭിനയത്തിലൂടെ ശ്രീദേവിയാണ് ഇത്തവണത്തെ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

നാലാം വയസ്സില്‍ അഭിനയം തുടങ്ങി ഒടുവില്‍ 54ാം വയസ്സില്‍ അഭിനയവും ജീവിതവുംതന്നെ അവസാനിക്കുമ്പോഴും ശ്രീദേവി സിനിമാ പ്രേക്ഷകര്‍ക്കുള്ളില്‍ നിത്യവസന്തമായി മരിക്കാതെ ജീവിക്കുന്നു. സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നീണ്ട 50 വര്‍ഷങ്ങള്‍ ഇത്ര ശോഭയോടെ നിലനിന്ന മറ്റൊരു നടി ഇല്ലെന്നുതന്നെ വേണം പറയാന്‍.

അഭിനയപ്രതിഭ എന്ന വാക്കിനെ അര്‍ത്ഥവത്താക്കുന്ന കഴിവിനുടമ തന്നെയായിരുന്നു ശ്രീദേവി. ശ്രീദേവിയുടെ അവസാന ചിത്രമാണ് മോം. ഒരുതരത്തില്‍ ഏറെക്കാലത്തെ ഇടവേളയ്ക്കു ശേഷം ശക്തമായൊരു തിരിച്ചുവരവു കൂടിയാണ് ചിത്രത്തിലൂടെ താരം നടത്തിയത്. നീണ്ട പതിനാല് വര്‍ഷങ്ങള്‍ സിനിമാ മേഖലയില്‍ നിന്ന് മാറിനിന്ന ശേഷം പിന്നീടൊരു തിരിച്ചുവരവ് പലപ്പോഴും അസാധ്യമാകാറുണ്ട്. സാങ്കേതിക വിദ്യകളുടെയുടെ അഭിനയ രീതികളുടെയും വരെ വ്യത്യസ്ഥത സ്വാഭാവിക അഭിനയത്തെ പ്രതികൂലമായി ബാധിക്കാമെന്നിരിക്കെ എവിടെയാണോ താന്‍ അവസാനിപ്പിച്ചത് അതേ മെയ്‌വഴക്കത്തോടെ അതേ അനായാസതയോടെയാണ് ശ്രീദേവി തന്റെ അവസാന ചിത്രത്തിലും മികച്ച പ്രകടനം കാഴ്ച വെച്ചത്.

ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം ശ്രീദേവി വീണ്ടും നായികയായെത്തിയ ചിത്രമാണ് മോം. രവി ഉദ്യാവാര്‍ സംവിധാനം ചെയ്യുന്ന സസ്‌പെന്‍സ് ത്രില്ലറായ ‘മോം’ താരത്തിന്റെ ശക്തമായ തിരിച്ചുവരവാണ്. നവാസുദ്ദീന്‍ സിദ്ദിഖിയും അക്ഷയ് ഖന്നയും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചത് എആര്‍ റഹ്മാന്‍ ആണ്.

ശ്രീദേവിയുടെ മുന്നൂറാമത്തെ ചിത്രമെന്ന് പ്രത്യേകത കൂടിയുണ്ട് മോമിന്. ചിത്രത്തില്‍ താരത്തിന്റെ മകളുടെയും ഭര്‍ത്താവിന്റെയും വേഷത്തില്‍ അഭിനയിച്ചിരുന്നത് പാകിസ്താന്‍ താരങ്ങളായ സജല്‍ അലിയും അദ്‌നാന്‍ സിദ്ദിഖും ആയിരുന്നു. എന്നാല്‍ ഉറി ആക്രമണത്തിന് ശേഷമുണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചിത്രത്തിന്റെ പ്രചരണ പരിപാടികളില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലേക്ക് വരാന്‍ താരങ്ങള്‍ക്ക് കഴിഞ്ഞിരുന്നില്ല.

തന്റെ ചിത്രം തിയേറ്ററുകളില്‍ നിറഞ്ഞോടുമ്പോഴും തനിക്കൊപ്പം അഭിനയിച്ച പാക് താരങ്ങള്‍ പ്രതിസന്ധികള്‍ നേരിട്ടപ്പോള്‍ അവരെയോര്‍ത്ത് പൊതുവേദിയില്‍ വച്ച് കരഞ്ഞ ശ്രീദേവിയുടെ മുഖം ഇപ്പോഴും പ്രേക്ഷകരുടെ മനസ്സില്‍ നിന്ന് മാഞ്ഞിട്ടുണ്ടാവില്ല. അഭിനയകലയിലെ പ്രതിഭയായിരിക്കുമ്പോഴും സഹജീവികളോട് സ്‌നേഹമുള്ള വ്യക്തിത്വത്തിനുടമയാണെന്നും ശ്രീദേവി പലപ്പോഴും തെളിയിച്ചിട്ടുണ്ട്.

വിട പറഞ്ഞത് ഇന്ത്യയിലെ എക്കാലത്തെയും മികച്ച താരമായിരുന്നു. ഇന്ന് സിനിമാ ലോകത്തിന് മുഴുവന്‍ ആഹഌദമേകി അറുപത്തിയഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപനം നടക്കുമ്പോള്‍ ശ്രീദേവിയുടെ പേരുയര്‍ന്നുകേട്ട പുരസ്‌കാരവേദി ഒരു കണ്ണീരോര്‍മ്മയ്ക്കു കൂടി കാരണമാകുന്നു. ശ്രീദേവിക്കിത് മരണാനന്തര ബഹുമതിയാകുന്നു.

DONT MISS
Top