ആര്‍സിസിയില്‍ ചികിത്സയിലിരിക്കെ വനിതാ ഡോക്ടര്‍ മരിച്ച സംഭവം: ഭര്‍ത്താവിന്റെ വീഡിയോ വിവാദമായതോടെ ആര്‍സിസിയോട് വിശദീകരണം തേടി സര്‍ക്കാര്‍

തിരുവനന്തപുരം: ആര്‍സിസിയില്‍ ചികിത്സയിലിരിക്കെ വനിതാ ഡോക്ടര്‍ മരിച്ച സംഭവത്തില്‍ സര്‍ക്കാര്‍ വിശദീകരണം തേടി. ആര്‍സിസിയിലെ ഡോക്ടര്‍മാരുടെ അനാസ്ഥ കാരണമാണ് തന്റെ ഭാര്യ മരിച്ചതെന്നാരോപിച്ച് ഡോക്ടര്‍ റജി ജേക്കബ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോ വിവാദമായിരുന്നു. താനും ഭാര്യയും മകളും ഡോക്ടര്‍മായിരുന്നിട്ടും തങ്ങള്‍ക്ക് പോലും നല്ല ചികിത്സ ലഭ്യമാകാതിരിക്കുമ്പോള്‍ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കുമെന്നും ഡോക്ടര്‍ റജി ജേക്കബ് ചോദിച്ചിരുന്നു.

റജി ജേക്കബിന്റെ ആരോപണം വിവാദമായതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ആര്‍സിസി ഡയറക്ടര്‍ പോള്‍ സെബാസ്റ്റിയന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. റജി ജേക്കബിന്റെ വീഡിയോ വളരെ വേഗം വൈറലാവുകയും ഇത് മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും ചെയ്തതോടെ ആര്‍സിസി ഡയറക്ടര്‍ ഇത് സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഈ അന്വേഷണം നടന്നു കൊണ്ടിരിക്കവെയാണ് വിഷയം കൂടുതല്‍ വിവാദമായതും സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ വിശദീകരണം ആവശ്യപ്പെട്ടതും.

മേരി റജി എന്ന തന്റെ ഭാര്യ മരണപ്പെടാന്‍ കാരണം ആര്‍സിസിയിലെ ഡോക്ടര്‍മാരുടെ നിരുത്തരവാദപരമായ പെരുമാറ്റമായിരുന്നുവെന്ന് റജി ജേക്കബ് വീഡിയോയില്‍ ആരോപിക്കുന്നു. ഡോക്ടര്‍മാരുടെ ഗുരുതരമായ അനാസ്ഥയാണ് തന്റെ ഭാര്യ മരണപ്പെടാന്‍ കാരണം. ആര്‍സിസിയെ മുഴുവനായി അടച്ചാക്ഷേപിക്കുകയല്ല ഉദ്ദേശമെന്നും എന്നാല്‍ തന്റെ ഭാര്യയെ ചികിത്സിച്ച ഡോക്ടര്‍മാരുടെ അനാസ്ഥ ചൂണ്ടിക്കാണിക്കുകയാണ് ലക്ഷ്യമെന്നും റജി ജേക്കബ് പറയുന്നു.

തിരുവനന്തപുരം ആര്‍സിസി ക്യാന്‍സര്‍ ചികിത്സാ രംഗത്തെ മികച്ച സ്ഥാപനമാണെന്നതില്‍ യാതൊരു സംശയവുമില്ലെന്നും അനേകം നല്ല ഡോക്ടര്‍മാര്‍ ഉള്ള ആശുപത്രിയാണെന്നും പറയുമ്പോഴും രോഗികളുടെ ജീവന്‍ നിസ്സാരമായി കരുതുന്ന ചിലര്‍ ഡോക്ടര്‍മാര്‍ വൈദ്യോകത്തിന് തന്നെ തീരാകളങ്കമാണെന്നും റജി ജേക്കബ് ആരോപിക്കുന്നു.

സെപ്റ്റംബറിലാണ് മേരി റജിക്ക് ലിംഫോമ ഉണ്ടെന്ന് കണ്ടെത്തിയത്. ആ സമയം മുതല്‍ ആര്‍സിസിയില്‍ ചികിത്സ തേടുന്നുണ്ട്. എന്നാല്‍ ആര്‍സിസിയില്‍ ആദ്യം നടത്തിയ ലാപ്രോസ്‌കോപ്പി ശസ്ത്രക്രിയതന്നെ പരാജയമായിരുന്നുവെന്ന് റജി പറയുന്നു. ഡോക്ടര്‍ ചന്ദ്രമോഹനാണ് ശസ്ത്രക്രിയ ചെയ്തത്. ശസ്ത്രകിയയ്ക്കു ശേഷം തന്റെ ഭാര്യ പിന്നീടുള്ള മൂന്ന് ആഴ്ചകളോളം വേദന കൊണ്ട് പുളയുകയായിരുന്നുവെന്നും റജി പറയുന്നു.

ഈ വേദനയുടെ കാര്യം ഓര്‍മ്മിപ്പിച്ച് പലതവണ ഡോക്ടറെ വിളിച്ചെങ്കിലും അദ്ദേഹം വരാന്‍ തയ്യാറായില്ലെന്നും പകരം ജൂനിയേഴ്‌സിനെ അയക്കുകയാണ് ചെയ്തതെന്നും റജി ജേക്കബ് ആരോപിക്കുന്നു. പിന്നീട് വേദനയ്ക്ക് മാറ്റമില്ലാത്തതിനാല്‍ മറ്റൊരു സ്വകാര്യ മെഡിക്കല്‍ കോളെജില്‍ കാണിക്കുകയായിരുന്നു. അവിടെവച്ച് ആദ്യത്തെ ശസ്ത്രക്രിയയില്‍ ഇട്ടിരുന്ന സ്റ്റിച്ച് മുഴുവന്‍ അഴിച്ചുമാറ്റിയതോടെയാണ് വേദന മാറിയത്.

തുടര്‍ചികിത്സയ്ക്കായി വീണ്ടും ആര്‍സിസിയില്‍ എത്തിയെങ്കിലും തങ്ങള്‍ക്ക് വേണ്ട പരിചരണം ലഭിച്ചില്ലെന്നും റജി പറയുന്നു. ഇല്ലാത്ത അസുഖങ്ങള്‍ പലതും ഉണ്ടെന്ന് പറഞ്ഞ് ചികിത്സിക്കുകയാണ് ചെയ്തത്. ഒടുവില്‍ രോഗി കൂടുതല്‍ അപകടാവസ്ഥയിലായതോടെ കിഡ്‌നി തകരാറുകളൊന്നുമില്ലാത്ത മേരി ജേക്കബിനെ ഡയാലിസിസ് ചെയ്യണമെന്നും അതിനാല്‍ ഉടന്‍ ഇവിടെ നിന്ന് മാറ്റണമെന്നും ആവശ്യപ്പെടുകയായരുന്നു.

ഇതേത്തുടര്‍ന്ന് മറ്റൊരു ഹോസ്പിറ്റലിലേക്ക് മാറ്റി. അവിടുത്തെ ക്രിട്ടിക്കല്‍ കെയറില്‍ മികച്ച ചികിത്സയാണ് ലഭിച്ചത്. അവിടെ നിന്നാണ് ആര്‍സിസിയിലെ ചികിത്സയില്‍ സംഭവിച്ച അപാകതകള്‍ മനസിലാകുന്നതെന്നും റജി പറയുന്നു. പക്ഷേ നല്ല ചികിത്സ ലഭിച്ചപ്പോഴേയ്ക്കും വൈകിപ്പോയിരുന്നുവെന്നും നേരത്തെ സംഭവിച്ച ചികിത്സാപ്പിഴവുകള്‍ കാരണം 18ാം തീയതി തന്റെ ഭാര്യ മരിച്ചുവെന്നും റജി ജേക്കബ് വീഡിയോയില്‍ ആരോപിക്കുന്നു.

ഡോക്ടര്‍മാരുടെ ഗുരുതരമായ അനാസ്ഥയിലൂടെയാണ് തനിക്ക് ഭാര്യയെ നഷ്ടപ്പെട്ടത്. നഷ്ടപ്പെട്ടത് ഇനി തിരിച്ചു കിട്ടില്ല. പക്ഷേ തന്റെ വീഡിയോ കണ്ട് ഏതെങ്കിലും ഡോക്ടര്‍ക്ക് മനംമാറ്റമുണ്ടാകുകയോ ഏതെങ്കിലും രോഗിക്ക് ഭേദപ്പെട്ട ചികിത്സ ലഭിക്കുകയോ ചെയ്താന്‍ തനിക്കതു മതിയെന്നും റജി ജേക്കബ് പറഞ്ഞു.

DONT MISS
Top