കരിങ്കൊടി ഭയന്ന് യാത്ര ഹെലികോപ്റ്ററിലാക്കി; മോദിയ്ക്ക് നേരെ കറുത്ത ബലൂണ്‍ പറത്തി തമിഴകത്തിന്റെ പ്രതിഷേധം

ചെന്നൈ: കാവേരി വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി യ്‌ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ അവസാനിക്കുന്നില്ല. ചെന്നൈയിലെത്തിയ പ്രധാനമന്ത്രിയ്ക്ക് നേരെ കരിങ്കൊടി പ്രതിഷേധം ശക്തമായതോടെ യാത്ര ഹെലികോപ്റ്ററിലാക്കിയ മോദിയ്ക്ക് നേരെ പ്രതിഷേധക്കാര്‍ കറുത്ത ബലൂണുകള്‍ പറത്തുകയായിരുന്നു. കറുത്ത ബലൂണുകള്‍ക്കൊപ്പം കറുത്ത തുണികള്‍ കൂടി കെട്ടിയാണ് ഇത് ആകാശത്തേയ്ക്ക് പറത്തി വിട്ടത്.

പ്രധാനമന്ത്രിയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്നത്. ഡിഎംകെയുടെ നേതൃത്വത്തിലാണ് പ്രധാനമന്ത്രിയ്‌ക്കെതിരെ കരിങ്കൊടി പ്രതിഷേധം നടക്കുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി ഡിഎംകെ നേതാവ് കരുണാനിധിയുടെ വീടിന് മുന്നില്‍ കരിങ്കൊടി ഉയര്‍ത്തി. സോഷ്യല്‍ മീഡിയയിലും മോദിയ്‌ക്കെതിരെ ക്യാംപെയിനുകള്‍ ശക്തമായി നടക്കുകയാണ്. ഗോബാക്ക് മോദി എന്ന ഹാഷ്ടാഗ് ഉപയോഗിച്ചാണ് മോദിയ്‌ക്കെതിരെയുള്ള സോഷ്യല്‍ മീഡിയയിലെ പ്രതിഷേധം ശക്തമാകുന്നത്.

പ്രതിരോധ മന്ത്രാലത്തിന്റെ സെെനിക പ്രദര്‍ശനം ഡിഫന്‍സ് എക്‌സ്പോയുടെ ഉദ്ഘാടനം, തമിഴ്‌നാട് കാന്‍സര്‍ ഇന്‍സ്റ്റിറ്റിറ്റ്യൂട്ടിന്റെ വജ്രജൂബിലി ആഘോഷം എന്നീ പരിപാടികളില്‍ പങ്കെടുക്കുന്നതിനാണ് മോദി ചെന്നെെയിലെത്തിയത്.കാവേരി വിഷയം ചൂണ്ടിക്കാട്ടി സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലാണ് ഡിഎംകെ പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധം നടത്തിയത്.

പ്രധാനമന്ത്രിയ്‌ക്കെതിരെ പ്രതിഷേധവുമായി എത്തിയ രാഷ്ട്രീയ നേതാക്കളെയും കലാ സാംസ്‌കാരിക പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ഭാരതിരാജ, വെട്രിമാരന്‍, ഗൗതമന്‍, ആമിര്‍, തുടങ്ങി നിരവധി നേതാക്കളെ അറസ്റ്റ് ചെയ്തി നീക്കുകയായിരുന്നു. പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.

പലയിടങ്ങളിലും പൊലീസ് റോഡ് ബ്ലോക്ക് ചെയ്തിരിക്കുകയാണ്. പ്രതിഷേധം കനത്തതിനെ തുടര്‍ന്ന്  മോദി വ്യോമ മാര്‍ഗമാണ് രണ്ട് പരിപാടികളിലും പങ്കെടുക്കാനെത്തിയത്. ചെന്നെെ വിമാനത്താവളത്തിലെത്തിയ മോദിയ്‌ക്കെതിരെ വിമാനത്താവള പരിസരത്തും വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്.

DONT MISS
Top