ഗോദയില്‍ സുശീലും രാഹുലും പൊന്നണിഞ്ഞു, സ്വര്‍ണനേട്ടം 14 ആയി

ഗോള്‍ഡ് കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണക്കൊയ്ത്ത് തുടരുന്നു. എട്ടാം ദിനം ഇന്ത്യ രണ്ട് സ്വര്‍ണം കരസ്ഥമാക്കി. ഗോദയില്‍ നിന്നായിരുന്നു രണ്ട് സ്വര്‍ണവും. പുരുഷന്‍മാരുടെ ഗുസ്തിയില്‍ 57 കിലോ വിഭാഗത്തില്‍ രാഹുല്‍ അവാരെയും 74 കിലോ ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ സുശീല്‍ കുമാറുമാണ് പൊന്നണിഞ്ഞത്.

ഇതോടെ ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണനേട്ടം 14 ആയി ഉയര്‍ന്നു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ തുടര്‍ച്ചയായ മൂന്നാം സ്വര്‍ണമാണ് 34 കാരനായ സുശീല്‍ സ്വന്തമാക്കിയിരിക്കുന്നത്. നേരത്തെ 2010, 14 വര്‍ഷങ്ങളിലും സുശീല്‍ കോമണ്‍വെല്‍ത്ത് സ്വര്‍ണം നേടിയിരുന്നു. 2014 ലെ ഗ്ലാസ്‌ഗോ ഗെയിംസില്‍ സ്വര്‍ണം നേടിയ ശേഷം സുശീല്‍ സ്വന്തമാക്കുന്ന ആദ്യ പ്രധാന കിരീടമാണിത്. ദക്ഷിണാഫ്രിക്കയുടെ യൊഹാസ് ബോത്തയെ അനായാസം മലര്‍ത്തിയടിച്ചാണ് സുശീല്‍ സ്വര്‍ണം നേടിയത്.

നേരത്തെ പുരുഷന്‍മാരുടെ 57 കിലോ വിഭാഗത്തില്‍ രാഹുല്‍ അവാരെ സ്വര്‍ണം നേടിയിരുന്നു. കാനഡയുടെ സ്റ്റീവന്‍ തക്കഹാഷിയെയാണ് പരാജയപ്പെടുത്തിയത്.

എട്ടാം ദിനം രണ്ട് സ്വര്‍ണവും ഒന്നു വീതം വെള്ളിയും വെങ്കലവും ഉള്‍പ്പെടെ നാല് മെഡലുകളാണ് ഇന്ത്യ കരസ്ഥമാക്കിയിരിക്കുന്നത്. വനിതകളുടെ ഷൂട്ടിംഗ് 50 മീറ്റര്‍ പ്രോണില്‍ തേജസ്വിനി യാദവ് വെള്ളി നേടിയപ്പോള്‍ വനിതകളുടെ ഗുസ്തിയില്‍ ബബിത കുമാരി വെങ്കലം കരസ്ഥമാക്കി. 14 സ്വര്‍ണവും ആറ് വെള്ളിയും ഒന്‍പത് വെങ്കലവും ഉള്‍പ്പെടെ 29 മെഡലുകളുമായി മെഡല്‍പ്പട്ടികയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്.

DONT MISS
Top