തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും ജനങ്ങള്‍ക്ക് നീതി വേണം; പ്രധാനമന്ത്രിയുടെ ചെന്നൈ സന്ദര്‍ശനത്തിനിടെ കമല്‍ഹാസന്റെ ട്വിറ്റര്‍ വീഡിയോ

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദി ചെന്നൈയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ ട്വിറ്ററില്‍ ഓപ്പണ്‍ വീഡിയോയുമായി നടന്‍ കമല്‍ഹാസന്‍. കാവേരി ബോര്‍ഡ് രൂപീകരിക്കാതെ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോകുന്നത് കര്‍ണ്ണാടക തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുകൊണ്ടാണെന്ന് വീഡിയോയില്‍ കമല്‍ഹാസന്‍ ആരോപിക്കുന്നു.

നര്‍മ്മദാ ജലബോര്‍ഡ് രൂപീകരിച്ചതിനെപറ്റി പറയുന്ന കമല്‍ഹാസന്‍ ജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പിനേക്കാള്‍ പ്രധാനം ജലമാണെന്നും പറയുന്നു. തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും ജനങ്ങള്‍ക്ക് നീതി നേടികൊടുക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്നും കമല്‍ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയ്ക്ക് അദ്ദേഹം ഒരു തുറന്ന കത്തെഴുതുകയും ചെയ്തിട്ടുണ്ട്.

കാവേരി വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാടില്‍ തമിഴകത്ത് പ്രതിഷേധം ശക്തമാകുന്നതിനിടയിലാണ് കമല്‍ഹാസന്‍ രംഗത്തെത്തിയിരിക്കുന്നത്. സംസ്ഥാനത്ത് ഇന്ന്  സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രിയ്ക്കെതിരെ ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തിയത്. ഡിഎംകെയുടെ നേതൃത്വത്തിലാണ് പ്രധാനമന്ത്രിയ്ക്ക് നേരെയുള്ള കരിങ്കൊടി പ്രതിഷേധം

പ്രതിരോധ മന്ത്രാലത്തിന്റെ സെെനിക പ്രദര്‍ശനം ഡിഫന്‍സ് എക്‌സ്പോയുടെ ഉദ്ഘാടനം, തമിഴ്‌നാട് കാന്‍സര്‍ ഇന്‍സ്റ്റിറ്റിറ്റ്യൂട്ടിന്റെ വജ്രജൂബിലി ആഘോഷം എന്നീ പരിപാടികളില്‍ പങ്കെടുക്കുന്നതിനാണ് മോദി ചെന്നെെയിലെത്തിയത്.  പ്രധാനമന്ത്രിയ്‌ക്കെതിരെ പ്രതിഷേധവുമായി എത്തിയ രാഷ്ട്രീയ നേതാക്കളെയും കലാ സാംസ്‌കാരിക പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരിക്കുകയാണ്. ഭാരതിരാജ വെട്രിമാരന്‍ ഗൗതമന്‍ ആമിര്‍ തുടങ്ങി നിരവധി നേതാക്കളെ അറസ്റ്റ് ചെയ്തി നീക്കുകയായിരുന്നു.

DONT MISS
Top