ബാഡ്മിന്റണ്‍ റാങ്കിംഗ്: കെ ശ്രീകാന്ത് ലോക ഒന്നാം നമ്പറില്‍


ദില്ലി: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം കിഡംബി ശ്രീകാന്ത് പുരുഷ വിഭാഗം ബാഡ്മിന്റണ്‍ ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തി. നിലവിലെ ലോകചാമ്പ്യന്‍ ഡെന്‍മാര്‍ക്കിന്റെ വിക്ടര്‍ അക്‌സെല്‍സനെ മറികടന്നാണ് ശ്രീകാന്ത് കരിയറില്‍ ആദ്യമായി ലോക ഒന്നാം നമ്പര്‍ സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത്.

ലോക ബാഡ്മിന്റണ്‍ ഫെഡറേഷന്‍ ഇന്ന് പുറത്തിറക്കിയ റാങ്കിംഗ് പട്ടികയിലാണ് ശ്രീകാന്ത് ഒന്നാം സ്ഥാനം അലങ്കരിച്ചിരിക്കുന്നത്. 76, 895 പോയിന്റോടെയാണ് ശ്രീകാന്തിന്റെ നേട്ടം. പ്രകാശ് പദുകോണിന് ശേഷം ആദ്യമായാണ് ഒരിന്ത്യന്‍ പുരുഷതാരം ഒന്നാം റാങ്ക് സ്വന്തമാക്കുന്നത്.

2015 ല്‍ സൈന നെഹ്‌വാള്‍ വനിതാ വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തെത്തിയ ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം ലോകഒന്നാം റാങ്കില്‍ എത്തുന്നത്. പി ഗോപീചന്ദ് പരിശീലകനായിരിക്കെയാണ് രണ്ട് പേരും ഒന്നാം റാങ്ക് കരസ്ഥമാക്കിയത് എന്നതും ശ്രദ്ധേയമാണ്.

ഗോള്‍ഡ് കോസ്റ്റില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്ന ശ്രീകാന്തിന് റാങ്കിംഗിലെ ഈ നേട്ടം കൂടുതല്‍ ആത്മവിശ്വാസം നല്‍കും. നേരത്തെ ടീം ഇനത്തില്‍ ശ്രീകാന്ത് ഉള്‍പ്പെട്ട ഇന്ത്യന്‍ സഖ്യം ചരിത്രത്തില്‍ ആദ്യമായി സ്വര്‍ണം നേടിയിരുന്നു. പുരുഷ വിഭാഗം ബാഡ്മിന്റണില്‍ ശ്രീകാന്ത് ക്വാര്‍ട്ടറില്‍ കടന്ന് മെഡല്‍ പ്രതീക്ഷ സജീവമാക്കിയിട്ടുണ്ട്.

DONT MISS
Top