അമേരിക്കയില്‍ കാണാതായ നാലംഗ മലയാളി കുടുംബം പുഴയില്‍ ഒഴുക്കില്‍പ്പെട്ടതാണെന്ന് സംശയം; ഈല്‍ നദിയില്‍ കാര്‍ ഒഴുകിപ്പോയതായി പൊലീസിന് വിവരം ലഭിച്ചു

കാലിഫോര്‍ണിയ: അമേരിക്കയില്‍ കാണാതായ നാലംഗ മലയാളി കുടുംബം പുഴയില്‍ ഒഴുക്കില്‍പ്പെട്ടതാണെന്ന് സംശയം. കാലിഫോര്‍ണിയക്കടുത്ത് ഈല്‍ നദിയില്‍ കുടുംബം സഞ്ചരിച്ചിരുന്നതിന് സമാനമായ എസ്‌യുവി കാര്‍ ഒഴുകിപ്പോയതായി കാലിഫോര്‍ണിയ പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് കുടുംബം ഒഴുക്കില്‍പ്പെട്ടതാവാമെന്ന സംശയം ബലപ്പെടുന്നത്.

കാലിഫോര്‍ണിയയില്‍ വിനോദ യാത്രയ്ക്ക് എത്തിയ നാലംഗ മലയാളി കുടുംബത്തെ ഏപ്രില്‍ അഞ്ചാം തീയതി മുതലാണ് കാണാതായത്. ലോസ് ആഞ്ചലസില്‍ താമസിക്കുന്ന സന്ദീപ് തോട്ടപ്പിള്ളി (42), ഭാര്യ സൗമ്യ (38), മക്കളായ സിദ്ധാന്ത് (12), സാച്ചി (9) എന്നിവരെയാണ് കാണാതായത്. പോര്‍ട്ട്‌ലന്‍ഡില്‍ നിന്നും സാന്‍ഹൊസെ വഴി കാലിഫോര്‍ണിയയിലേക്ക് കുടുംബം സഞ്ചരിക്കുന്നതിനിടെ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം.

വെള്ളിയാഴ്ച വൈകിട്ട് വടക്കന്‍ കലിഫോര്‍ണിയ വഴി സഞ്ചരിച്ച കുടുംബത്തിന്റെ വാഹനം മോശം കാലാവസ്ഥ കാരണം അപകടത്തില്‍പെട്ടിരിക്കാമെന്ന നിഗമനത്തിലാണ് കുടുംബവും അധികൃതരും. വെള്ളിയാഴ്ച കലിഫോര്‍ണിയയില്‍ കനത്ത മഴയും കാറ്റുമുണ്ടായിരുന്നു.

യാത്രയ്ക്കിടയില്‍ സാന്‍ജോസിലുള്ള സുഹൃത്തിനെ സന്ദീപ് ഫോണില്‍ ബന്ധപ്പെട്ടിരുന്നു. വെള്ളിയാഴ്ച വൈകിട്ടോടെ അവിടെ എത്തുമെന്നും രാത്രി അവിടെ തങ്ങുമെന്നുമാണ് സന്ദീപ് സുഹൃത്തിനോട് പറഞ്ഞത്. അവധിക്ക് ശേഷം തിങ്കളാഴ്ച സ്‌കൂള്‍ തുറക്കുമെന്നതിനാല്‍ ശനിയാഴ്ച വീട്ടിലേക്ക് മടങ്ങാനായിരുന്നു കുടുംബത്തിന്റെ പദ്ധതി.

പുഴയില്‍ വാഹനം ഒഴുകിപ്പോയെന്ന വാര്‍ത്ത വെള്ളിയാഴ്ചയാണ് പൊലീസിന് ലഭിക്കുന്നത്. കനത്ത മഴയില്‍ പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങിക്കിടന്ന രീതിയിലായിരുന്നു വാഹനം. ഹോണ്ട പൈലറ്റിന്റെ മറൂണ്‍ കളര്‍ കാറാണ് ഒഴുക്കില്‍പ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചത്. സമാനമായ കാറിലാണ് കുടുംബം സഞ്ചരിച്ചിരുന്നത്. ഈല്‍ നദിയില്‍ വാഹനത്തിനായി പൊലീസും രക്ഷാപ്രവര്‍ത്തകരും തിരച്ചില്‍ തുടരുകയാണ്.

യൂണിയന്‍ ബാങ്ക് ട്രഷറി വൈസ് പ്രസിഡന്റായ സന്ദീപ് തോട്ടപ്പിള്ളിയുടെ മാതാപിതാക്കള്‍ ഗുജറാത്തിലാണ് താമസിക്കുന്നത്. മകനെയും കുടുംബത്തെയും കാണാതായതോടെ സന്ദീപിന്റെ പിതാവ് വിവരമറിയിച്ച് വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് ട്വീറ്റ് ചെയ്തിരുന്നു. കഴിയുന്ന സഹായങ്ങള്‍ ഉടന്‍ ലഭ്യമാക്കുമെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റ് വഴി അമേരിക്കന്‍ പൊലീസിനെ ബന്ധപ്പെടുമെന്നും സുഷമാ സ്വരാജ് ഉറപ്പു നല്‍കിയിരുന്നു.

DONT MISS
Top