ആലപ്പുഴയില്‍ പഴകിയ ഹോട്ടല്‍ ഭക്ഷണം പിടികൂടി

ഫയല്‍ ചിത്രം

ആലപ്പുഴ : ആലപ്പുഴ നഗരത്തിലെ വിവിധ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു. ഒരാഴ്ചയോളം പഴക്കമുള്ള പാകം ചെയ്തതും അല്ലാത്തതുമായ ഭക്ഷണ പദാർത്ഥങ്ങളാണ് ഇന്ന് നടത്തിയ റെയ്ഡിൽ പിടികൂടിയത് .

നഗരത്തിലെ ആറോളം ഹോട്ടലുകളിലാണ് നഗരസഭയുടെ ആരോഗ്യ വിഭാഗം ഇന്ന് പരിശോധന നടത്തിയത്. ഇതിൽ നാലിടത്ത് നിന്ന് ഒരാഴ്ചയിലധികം പഴക്കമുള്ള ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു. നഗരത്തിലെ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന ആയിരപ്പറ, മോഹൻ ഹോട്ടൽ, കല്ലുപാലത്തിനടുത്തുള്ള നാടൻ ഊണ്, വൈഎംസിഎയ്ക്ക് സമീപമുള്ള ഫായിസ് ഹോട്ടൽ എന്നിവിടങ്ങളിലാണ് പഴകിയ ഭക്ഷണ സാധനങ്ങൾ കണ്ടെത്തിയത്.

ഫ്രിഡ്ജിലും ഫ്രീസറിനുള്ളിലുമായി സൂക്ഷിച്ചിരുന്ന പകുതി വേവിച്ച പല തരം ഇറച്ചികൾ, പാകം ചെയ്ത കറികൾ ,ബിരിയാണി, ചപ്പാത്തി, വിവിധ തരം പലഹാരങ്ങൾ എന്നിവയാണ് പിടികൂടിയത്. നഗരസഭ സെൻട്രൽ സർക്കിൾ ഹെൽത്ത് ഇൻസ്പെക്ടർ ടി പ്രകാശിന്റെ നേതൃത്വത്തിലുള്ള ഹെൽത്ത് സ്‌ക്വാഡാണ് പരിശോധന നടത്തിയത്. ആലപ്പുഴ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്ത്വത്തിൽ നടത്തുന്ന പരിശോധന വരും ദിവസങ്ങളിലും തുടരും

DONT MISS
Top