ചെറുവാടി പുഴയിലെ അപകടത്തില്‍ മരണം മൂന്നായി

മുഫീദ

കോഴിക്കോട്: കോഴിക്കോട് മുക്കത്തിന് സമീപം ചെറുവാടി പുഴയില്‍ ഗൃഹനാഥനും രണ്ട് കുട്ടികളും
അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന രണ്ടാമത്തെ കുട്ടിയും മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മുഫീദ (14) ആണ് മരിച്ചത്.  ഇതോടെ അപകടത്തില്‍ മരണം മൂന്നായി.

ഈ മാസം അഞ്ചിനാണ് മുക്കം ചെറുവാടിക്കടവില്‍ അപകടമുണ്ടായത്. ചെറുവാടിക്കടവിലെ ബന്ധുവീട്ടില്‍ വിരുന്നെത്തിയ മലപ്പുറം കൊണ്ടോട്ടി മേലങ്ങാടി കണ്ണഞ്ചേരി മുഹമ്മദ് അലി (39)യും ഇയാളുടെ മകള്‍ മുഫീദയും ബന്ധുവായ മലപ്പുറം മോങ്ങം ഒളമതിൽ നെല്ലിക്കുന്നുമ്മൽ അബൂബക്കറി​​​ന്റെ മകൾ ഫാത്തിമ റിന്‍സ(12)യുമാണ് അപകടത്തില്‍പ്പെട്ടത്. മുഹമ്മദ് അലിയും  ഫാത്തിമ റിന്‍സയും സംഭവദിവസം തന്നെ മരിച്ചിരുന്നു. ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുന്നതിനിടെയാണ് ഇന്ന്  മുഹമ്മദ് അലിയുടെ മകള്‍ മുഫീദയും മരണത്തിന് കീഴടങ്ങിയത്.

വ്യാഴാഴ്​ച വൈകീട്ട്​ 3.30ഒാടെയാണ്‌ ചെറുവാടി തറമ്മൽ കുണ്ടുകടവിലാണ്​ നാടി​നെ നടുക്കിയ ദുരന്തം. ചെറുവാടി തറമ്മൽ കുട്ടൂസയുടെ വീട്ടിൽ വിരുന്നെത്തിയ ഇവർ ഉച്ചഭക്ഷണത്തിനുശേഷം പുഴ കാണാൻ കടവിൽ ഇറങ്ങിയതായിരുന്നു. അബദ്ധത്തിൽ വെള്ളത്തിൽവീണ റിൻസയെ പിടിക്കുന്നതി​നിടെ മുഫീദയും പുഴയിൽ വീഴുകയായിരുന്നു.  കുട്ടികളെരക്ഷിക്കാനിറങ്ങിയ മുഹമ്മദലിയും മുങ്ങിപ്പോയി. കൂടെയുണ്ടായിരുന്ന മുഹമ്മദലിയുടെ ഭാര്യയാണ്​ വീട്ടുകാരെ വിവരമറിയിച്ചത്​.

തുടർന്ന്​ ബഹളംകേട്ട്​ ഒാടിക്കൂടിയ നാട്ടുകാർ മൂവരെയും പുറത്തെടുത്ത്​ ബൈക്കുകളിലും കാറിലുമായി മെഡിക്കൽ കോളജ്​ ആശുപത്രിയിൽ എത്തി​ച്ചെങ്കിലും മുഹമ്മദലിയുടെയും ഫാത്തിമ റിൻഷയുടെയും ജീവൻ രക്ഷിക്കാനായിരുന്നില്ല. ഗുരുതരാവസ്ഥയിലായിരുന്ന മുഫീദയും ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.

DONT MISS
Top