‘മോഹന്‍ലാല്‍’ വരാന്‍ വെെകും, റിലീസിന് കോടതിയുടെ സ്റ്റേ

ഫയല്‍ചിത്രം

തൃശൂര്‍: മഞ്ജു വാര്യര്‍ നായികയായെത്തുന്ന ഏറ്റവും പുതിയ ചിത്രം മോഹന്‍ലാല്‍ എന്ന ചിത്രത്തിന്റെ റിലീസിന് സ്‌റ്റേ. തിരക്കഥാ കൃത്ത് കലവൂര്‍ രവികുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. തന്റെ കഥയായ ‘മോഹന്‍ലാലിനെ എനിക്ക് പേടിയാണ്’ എന്ന കഥ മോഷ്ടിച്ചാണ് ചിത്രം തയ്യാറാക്കിയത് എന്നാണ് രവികുമാറിന്റെ പരാതി.

സാജിദ് യാഹിയ സംവിധാനം ചെയ്യുന്ന ചിത്രം വിഷുവിന് റിലീസ് ചെയ്യാനിരിക്കെയാണ് കോടതിയുടെ ഇടപെടല്‍. തൃശൂര്‍ അതിവേഗ കോടതിയുടേതാണ് നടപടി.  സിനിമയുടെ വരുമാനത്തിന്റെ 25 ശതമാനം നഷ്ടപരിഹാരമായി വേണമെന്നും കലവൂര്‍ രവി കുമാര്‍  ആവശ്യപ്പെട്ടിട്ടുണ്ട്.

തന്റെ  കഥാസമാഹാരത്തെ ആസ്പദമാക്കിയാണ് മോഹന്‍ലാലെന്ന സിനിമ ഒരുക്കിയിരിക്കുന്നതെന്നാണ് കലവൂര്‍ രവികുമാറിന്റെ വാദം. മോഹന്‍ലാല്‍ എന്ന സിനിമ പ്രഖ്യാപിച്ച വേളയിലും രവികുമാര്‍ ഇത്തരത്തില്‍ ആരോപണമായി രംഗത്തെത്തിയിരുന്നു. പിന്നീട് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടി സിനിമ സംഘടനയായ ഫെഫ്കയില്‍ പരാതി നല്‍കുകയായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ സിനിമയുടെ ചിത്രീകരണം സംബന്ധിച്ച് ഫെഫ്കയില്‍ അന്ന് നടന്ന ചര്‍ച്ചയില്‍ കലവൂരിന് ഒരു ലക്ഷം രൂപ നല്‍കാനും സിനിമയുടെ തുടക്കത്തില്‍ നന്ദി എഴുതികാണിക്കാനും ധാരണയായിരുന്നു. മോഹന്‍ലാല്‍ ആരാധകരടക്കം ഏറെ ആവേശത്തോടെ ചിത്രം തിയേറ്ററില്‍ കാത്തിരിക്കുന്നതിനിടയിലാണ് പഴയ വിവാദം വിണ്ടും തലപൊക്കുന്നത്.

DONT MISS
Top