കാവേരി പ്രക്ഷോഭം ശക്തമാകുന്നു; ഐപിഎല്‍ ചെന്നൈയ്ക്ക് പുറത്തേക്ക്, കേരളത്തിന് സാധ്യത

ചെന്നൈ: കാവേരി പ്രക്ഷോഭം ശക്തമാകുന്നതിനെ തുടര്‍ന്ന് ഐപിഎല്‍ മത്സരങ്ങള്‍ ചെന്നൈയ്ക്ക് പുറത്തേക്ക് മാറ്റാന്‍ തീരുമാനം. കാവേരി നദീജല വിഷയത്തില്‍ വിവിധ തമിഴ്‌സംഘടനകളും രാഷ്ട്രീയപാര്‍ട്ടികളും സിനിമാ താരങ്ങളും ഉള്‍പ്പെടെ വന്‍പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിലാണ് മത്സരങ്ങള്‍ ചെന്നൈയില്‍ നിന്ന് മാറ്റാന്‍ വീണ്ടും തീരുമാനമായിരിക്കുന്നത്. ഇതോടെ പതിനൊന്നാം ഐപിഎല്ലിന് വേദിയാകാന്‍ കേരളത്തിന് വീണ്ടും സാധ്യത വന്നിരിക്കുകയാണ്.

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഹോം മത്സരങ്ങള്‍ക്ക് ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയമാണ് വേദിയാകേണ്ടത്. ഏപ്രില്‍ പത്തിന് കനത്ത സുരക്ഷയിലായിരുന്നു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരം നടന്നത്. എന്നാല്‍ പ്രക്ഷോഭം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് വേദിമാറ്റമെന്ന തീരുമാനത്തിലേക്ക് വീണ്ടും എത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം മത്സരം നടക്കുന്നതിനിടെ ഗ്യാലറിയില്‍ നിന്ന് ചിലര്‍ ഗ്രൗണ്ടിലേക്ക് ചെരുപ്പെറിഞ്ഞിരുന്നു. ഈ സംഭവത്തില്‍ എട്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. എംഎ ചിദംബരം സ്റ്റേഡിയത്തിന് സമീപം റോഡ് ഉപരോധിച്ച സംവിധായകരായ ഭാരതി രാജ, വെട്രിമാരന്‍, സീമാന്‍, കവി വൈരമുത്തു എന്നിവരെയും അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.

പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ മത്സരങ്ങള്‍ ചെന്നൈയില്‍ നിന്ന് മാറ്റുമെന്നും ചെന്നൈയുടെ ഹോം മത്സരങ്ങള്‍ക്ക് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകുമെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഐപിഎല്‍ ചെന്നൈയില്‍ നിന്ന് മാറ്റില്ലെന്ന് വ്യക്തമാക്കി ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല തന്നെ കഴിഞ്ഞയാഴ്ച രംഗത്ത് വന്നിരുന്നു. മുന്‍ നിശ്ചയിച്ച പ്രകാരം മത്സരങ്ങള്‍ നടക്കുമെന്നും ഐപിഎല്ലിനെ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിന് പിന്നാലെയാണ് ചെന്നൈയുടെ ആദ്യഹോം മത്സരം ഏപ്രില്‍ പത്തിന് നടന്നത്.

DONT MISS
Top