താജ്മഹല്‍ തങ്ങള്‍ക്ക് അവകാശപ്പെട്ടതെന്ന് വഖഫ് ബോര്‍ഡ്, ഷാജഹാന്റെ ഒപ്പ് ഹാജരാക്കി തെളിയിക്കാന്‍ സുപ്രിം കോടതി

ഫയല്‍ ചിത്രം

ദില്ലി: താജ്മഹല്‍ തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന ഉത്തര്‍പ്രദേശിലെ സുന്നി വഖഫ് ബോര്‍ഡിന്റെ അവകാശത്തില്‍ സുപ്രിം കോടതിയുടെ സുപ്രധാന നിര്‍ദേശം. അവകാശം ലഭിച്ചിട്ടുണ്ടെങ്കില്‍ ഷാജഹാന്‍ ഒപ്പിട്ട് നല്‍കിയ രേഖകള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു. താജ്മഹലിന്റെ അവകാശത്തെ ചൊല്ലി ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുമായി നിലനില്‍ക്കുന്ന തര്‍ക്കകേസിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ ഈ നിര്‍ദേശം.

താജ്മഹലിന്റെ അവകാശം ഷാജഹാന്‍ തങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്നാണ് സുന്നി വഖഫ് ബോര്‍ഡിന്റെ വാദം. അങ്ങനെയെങ്കില്‍ അവകാശം നല്‍കുന്ന, ഷാജഹാന്റെ ഒപ്പോടുകൂടിയ രേഖകള്‍ ഒരാഴ്ചയ്ക്കകം ഹാജരാക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. താജ്മഹല്‍ വഖഫ് ബോര്‍ഡിന്റെ സ്വത്തായി രജിസ്റ്റര്‍ ചെയ്യാനുള്ള വഖഫ് ബോര്‍ഡിന്റെ 2005 ലെ തീരുമാനത്തിനെതിരെ 2010 ലാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ സുപ്രിം കോടതിയെ സമീപിച്ചത്.

താജ്മഹല്‍ വഖഫ് ബോര്‍ഡിന് അവകാശപ്പെട്ടതാണെന്ന് പറഞ്ഞാല്‍ ഇന്ത്യയില്‍ ആരുവിശ്വസിക്കുമെന്ന് വാദത്തിനിടെ ചീഫ് ജസ്റ്റിസ് ദിപക് മിശ്ര ചോദിച്ചു. എങ്ങനെയാണ് ഷാജഹാന്‍ വഖഫ്‌നാമ ഒപ്പിട്ടത്. എപ്പോഴാണ് അത് നിങ്ങള്‍ക്ക് നല്‍കിയത്. ചീഫ് ജസ്റ്റിസ് ആരാഞ്ഞു.

ഷാജഹാന്റെ കാലം മുതല്‍ തന്നെ താജ്മഹല്‍ വഖഫിന് അവകാശപ്പെട്ടതാണെന്നും വഖഫ്‌നാമയുടെ കീഴിലുള്ള ആസ്തിയാണ് താജ്മഹലെന്നും ബോര്‍ഡിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വി ഗിരി പറഞ്ഞു. എന്നാല്‍ ഇതിനെ അര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ (എഎസ്‌ഐ) എതിര്‍ത്തു. ഷാജഹാന്റെ കാലത്ത് വഖഫ് ബോര്‍ഡ് ഉണ്ടായിരുന്നില്ലെന്ന് എഎസ്‌ഐയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ എഡിഎന്‍ റാവു ചൂണ്ടിക്കാട്ടി.

DONT MISS
Top