“ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ന്നത് തന്റെ തെറ്റ്, മാപ്പ്”, യുഎസ് സെനറ്റ് സമിതി മുമ്പാകെ സക്കര്‍ബര്‍ഗിന്റെ ഏറ്റുപറച്ചില്‍

വാഷിംഗ്ടണ്‍: ഫെയ്‌സ്ബുക്കിലെ എട്ടരക്കോടിയിലേറെ ആളുകളുടെ എല്ലാവിവരങ്ങളും കേംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തിയ സംഭവത്തില്‍ സക്കര്‍ബര്‍ഗ് വീണ്ടും മാപ്പുപറഞ്ഞു. ഇത്തവണ യുഎസ് സെനറ്റ് സമിതി മുമ്പാകെയാണ് സക്കര്‍ബര്‍ഗ് മാപ്പുപറഞ്ഞത്. നേരത്തെ സ്വന്തം കുറിപ്പിലും പരസ്യങ്ങള്‍ വഴിയും ഫെയ്‌സ്ബുക്ക് സിഇഒ ക്ഷമാപണം നടത്തിയിരുന്നു.

“ഞാനാണ് ഫെയ്‌സ്ബുക്ക് ആരംഭിച്ചത്. എന്റെ ചുമതലയിലാണ് അതിപ്പോഴും. ഉപയോക്താവിനെ ദുരുപയോഗം ചെയ്യുന്ന രീതിയിലും ഫെയ്‌സ്ബുക്ക് ഉപയോഗിക്കാം എന്ന വസ്തുത ഞാന്‍ ഗൗരവകരമായി എടുത്തില്ല. വ്യാജ വാര്‍ത്തകളിലും തെരഞ്ഞെടുപ്പിലെ പുറത്തുനിന്നുള്ള ഇടപെടലുകളിലും വെറുപ്പും വിദ്വേഷവും ഉണ്ടാക്കുന്ന കുറിപ്പുകളിലും എനിക്ക് ജാഗ്രതക്കുറവുണ്ടായി”, സക്കര്‍ബര്‍ഗ് എഴുതിനല്‍കിയ ക്ഷമാപണത്തില്‍ വിശദമാക്കി.

“2015ല്‍ത്തന്നെ കേംബ്രിഡ്ജ് അനലറ്റിക്ക വിവരങ്ങള്‍ ചോര്‍ത്തുന്നത് മനസിലാക്കിയിരുന്നു. അക്കാര്യത്തില്‍ അവര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ആവര്‍ത്തിക്കില്ല എന്ന് അവര്‍ പറഞ്ഞത് എനിക്ക് മുഖവിലയ്‌ക്കെടുക്കേണ്ടിവന്നു. അത് പൂര്‍ണമായും എന്റെ തെറ്റാണെന്ന് സമ്മതിക്കുന്നു”, സക്കര്‍ബര്‍ഗ് പറഞ്ഞു.

യുഎസ് സെനറ്റിന്റെ നീതിന്യായ വാണിജ്യ ശാസ്ത്ര ഗതാഗത സംയുക്ത സമിതിക്ക് മുമ്പാകെയാണ് സക്കര്‍ബര്‍ഗ് മാപ്പപേക്ഷ നല്‍കി തെറ്റുകള്‍ ഏറ്റുപറഞ്ഞത്. സഭയുടെ ഊര്‍ജ്ജ വാണിജ്യ സമിതിക്ക് മുമ്പാകെ ഇന്നും സക്കര്‍ബര്‍ഗ് ഹാജരായി വിശദീകരണം നല്‍കും.

DONT MISS
Top