കപട സദാചാര മുഖംമൂടികള്‍ അഴിഞ്ഞുവീഴുമോ? മെഗാതാരത്തിന്റെ ‘അങ്കിള്‍’ ടീസര്‍ ശ്രദ്ധേയമാകുന്നു


കപടസദാചാര ബോധത്തെ കൃത്യമായി ചൂണ്ടിക്കാട്ടിക്കൊണ്ട് മെഗാതാരം മമ്മൂട്ടിയുടെ അങ്കിള്‍ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നു. കഷ്ടിച്ച് ഒരുമിനുട്ട് മാത്രമുള്ള ടീസര്‍ സമകാലിക സംഭവങ്ങളുമായി ബന്ധപ്പെട്ട് ശ്രദ്ധേയമാണ്. രണ്ടുപേരുടെ തീരുമാനങ്ങള്‍ക്കിടയില്‍ മറ്റാരും വേണ്ട എന്ന സന്ദേശമാണ് ആദ്യ കാഴ്ച്ചയില്‍ ടീസര്‍ തരുന്നത്.

“ചങ്ങാതിമാരുടെകൂടെ പെണ്‍കുട്ടികളെ വിടുന്നതൊക്കെ നല്ലതാ, പക്ഷേ കുട്ടികള്‍ നമ്മുടെയാണെന്ന ബോധം വേണം” എന്ന സംസാരശകലത്തോടെയാണ് ടീസര്‍ ആരംഭിക്കുന്നത്. പിന്നീട് കഥാനായിക മമ്മൂട്ടിയുടെയൊപ്പം സമയം ചെലവിടുന്നതും ഇണക്കങ്ങളും പിണക്കങ്ങളും കാണിക്കുന്നു. ഇതോടെ ഓരോരുത്തര്‍ക്കുമുള്ള സ്വാതന്ത്ര്യം മറ്റുള്ളവര്‍ തെരഞ്ഞെടുക്കേണ്ട എന്നൊരു സന്ദേശവും ടീസറില്‍നിന്ന് ലഭിക്കുന്നു.

വീണ്ടും അവള്‍ എന്റെ മകളാണെന്ന് സൂചിപ്പിച്ച് സദാചാരം വീണ്ടും ചില കഥാപാത്രങ്ങള്‍ പ്രകടിപ്പിക്കുന്നതും കാണാം. തുടര്‍ന്ന് മമ്മൂട്ടിയുടെ ഒരു ക്ലോസപ്പ് ഷോട്ടോടെ ടീസര്‍ അവസാനിക്കുന്നു. നിശബ്ദമായി വന്ന് തിയേറ്ററുകളും മനസും കീഴടക്കുന്ന ഒരു മമ്മൂട്ടിച്ചിത്രമാകും ഇത് എന്ന സൂചന ടീസര്‍ നല്‍കുന്നുണ്ട്. ചിത്രം മമ്മൂട്ടിയുടെ വിജയവഴിയിലേക്കുള്ള തിരിച്ചുവരവാകാനും സാധ്യതയുണ്ട്.

ജോയ് മാത്യുവിന്റെ രചനയില്‍ ഗിരീഷ് ദാമോദറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഏപ്രില്‍ 27ന് ‘അങ്കിള്‍’ തിയേറ്ററുകളിലെത്തുമെന്നാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത് എങ്കിലും സെന്‍സറിംഗുമായി ബന്ധപ്പെട്ട് തിയതിക്ക് മാറ്റം വരാം. ഇന്ന് പുറത്തുവന്ന ടീസര്‍ താഴെ കാണാം.

DONT MISS
Top