രാജേഷിനെ കൊന്നത് സത്താറിന് വേണ്ടി, കുടുംബബന്ധം തകര്‍ത്തത് വൈരാഗ്യത്തിന് കാരണമായി; കുറ്റം സമ്മതിച്ച് അലിഭായി

മുഖ്യപ്രതി സാലിഹ്, കൊല്ലപ്പെട്ട രാജേഷ്

തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പിടിയിലായ മുഖ്യപ്രതി അലിഭായി എന്ന സാലിഹ് കുറ്റം സമ്മതിച്ചു. സുഹൃത്തായ അബ്ദുള്‍ സത്താറിന് വേണ്ടിയാണ് രാജേഷിനെ കൊലപ്പെടുത്തിയതെന്ന് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ അലിഭായി സമ്മതിച്ചു. രാജേഷുമായി ബന്ധമുള്ള ഖത്തറിലെ നൃത്താധ്യാപികയുടെ മുന്‍ ഭര്‍ത്താവാണ് സത്താര്‍.

രാജേഷുമായുള്ള ബന്ധത്തെ തുടര്‍ന്നായിരുന്നു സത്താറും ഭാര്യയും വേര്‍പിരിഞ്ഞത്. ഇതിന്റെ പ്രതികാരമായാണ് രാജേഷിനെ കൊലപ്പെടുത്താന്‍ സത്താര്‍ അലിഭായിക്ക് ക്വട്ടേഷന്‍ നല്‍കിയതെന്നാണ് പൊലീസ് കണ്ടെത്തല്‍.

സത്താറിന്റെ കുടുംബജീവിതം തകര്‍ത്തതാണ് വൈരാഗ്യത്തിലേക്ക് നയിച്ചതെന്ന് അലിഭായി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. നൃത്താധ്യാപികയില്‍ നിന്ന് രാജേഷ് പലതവണ പണം കടംവാങ്ങിയിരുന്നു. ഇത് തിരികെ നല്‍കാത്തതും ഇരുവരും തമ്മിലുള്ള ബന്ധത്താല്‍ കുടുംബജീവിതം തകര്‍ന്നതുമാണ് ക്വട്ടേഷന്‍ നല്‍കാന്‍ സത്താറിനെ പ്രേരിപ്പിച്ചത്. അലിഭായി പൊലീസിന് മൊഴി നല്‍കി. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം പൊലീസ് അലിഭായിയുമായി കരുനാഗപ്പള്ളിയിലേക്ക് തെളിവെടുപ്പിന് പോയിരിക്കുകയാണ്.

ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് അലിഭായിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഖത്തറില്‍ നിന്ന് തിരിച്ച് വരുന്ന വഴിയായിരുന്നു അറസ്റ്റ്. ഇന്റര്‍പോളിന്റെ സഹായത്തോടെയായിരുന്നു അറസ്റ്റ്. കൊലപാതകത്തിന് ശേഷം മൂന്ന് ദിവസത്തിനകം അലിഭായി ഖത്തറിലേക്ക് കടന്നിരുന്നു.


കൊലപാതകവുമായി ബന്ധപ്പെട്ട് നേരത്തെ മൂന്ന് പേരെ പൊലീസ് പിടികൂടിയിരുന്നു. കൊലപാതകവുമായി നേരിട്ട് ബന്ധമുള്ളവരാണ് ഇവര്‍ മൂവരും. കേസിലെ സൂത്രധാരന്‍മാരില്‍ ഒരാളായ സ്വാതി സന്തോഷാണ് കഴിഞ്ഞ ദിവസം കൊല്ലത്ത് നിന്ന് പിടിയിലായത്. ഓച്ചിറ സ്വദേശികളായ യാസിന്‍, സനു എന്നിവരാണ് കേസില്‍ ആദ്യം അറസ്റ്റിലായത്.

മാര്‍ച്ച് 27 ന് പുലര്‍ച്ചെ രണ്ടരയോടെയാണ് മടവൂരിലെ സ്വന്തം സ്റ്റുഡിയോയില്‍ വെച്ച് രാജേഷ് കൊല്ലപ്പെടുന്നത്. സംഭവത്തിന് രണ്ട് ദിവസത്തിന് ശേഷം ആലപ്പുഴയിലെ കായംകുളത്ത് നിന്ന് പ്രതികള്‍ സഞ്ചരിച്ച ചുവന്ന സ്വിഫ്റ്റ് കാര്‍ പൊലീസ് കണ്ടെത്തിയിരുന്നു. രാജേഷിന്റേത് ക്വട്ടേഷന്‍ കൊലപാതകമാണെന്ന് തുടക്കത്തില്‍ തന്നെ പൊലീസ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രാജേഷിന് ഖത്തറിലുള്ള ഒരു മലയാളി യുവതിയുമായി അടുപ്പമുണ്ടെന്നും ഇവരുടെ ഭര്‍ത്താവ് നല്‍കിയ ക്വട്ടേഷനാണ് രാജേഷിന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്നും വ്യക്തമായിരുന്നു. ക്വട്ടേഷന്‍ നല്‍കിയ യുവതിയുടെ ഭര്‍ത്താവ് സത്താറാണ് ഇനി പിടിയിലാകാനുള്ളത്.

DONT MISS
Top