നീരവ് മോദിയുടെ യുകെയിലെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാന്‍ അപേക്ഷ നല്‍കുമെന്ന് സിബിഐ; അപേക്ഷ നല്‍കാന്‍ കോടതിയുടെ അനുമതി ലഭിച്ചു

ദില്ലി: നീരവ് മോദിയുടെ യുകെയിലെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാന്‍ അപേക്ഷ നല്‍കുന്നതിനുള്ള അനുമതി തേടി സിബിഐ സംഘം കോടതിയില്‍. അക്കൗണ്ട് മരവിപ്പിക്കുന്നതിന് അപേക്ഷ നല്‍കുന്നതിനുള്ള അനുമതി തേടി സിബിഐ സംഘം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിച്ചിരുന്നു.  ഇതേത്തുടര്‍ന്ന് കോടതി അനുമതി നല്‍കി.

നീരവ് മോദിയുമായി തുടര്‍ന്ന് പണമിടപാടിന് താല്‍പര്യമില്ലാത്തതിനാല്‍ യുകെയിലെ ബാര്‍ക്ലെയ്‌സ് ബാങ്ക് അധികൃതര്‍ അക്കൗണ്ടിലെ പണം നീരവ് മോദിക്ക് തിരികെ നല്‍കാന്‍ ശ്രമിക്കുന്നതായി സിബിഐ സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.  ഈ ശ്രമം തടഞ്ഞ് പണം ഇന്ത്യയിലെത്തിക്കാനാണ് സിബിഐയുടെ ശ്രമം.

പന്ത്രണ്ട് ലക്ഷം പൗണ്ടും 1244 അമേരിക്കന്‍ ഡോളറുമാണുഅക്കൗണ്ടിലുള്ളത്. ഇന്ത്യന്‍ രൂപ പന്ത്രണ്ട് കോടി മൂല്യമുള്ള തുകയാണിത്. എന്നാല്‍ നീരവ്‌മോദിയുമായി തുടര്‍ന്ന് പണമിടപാട് നടത്താന്‍ ബാങ്കിന് താല്‍പര്യമില്ല. അതിനാല്‍ ഈ തുക നീരവ് മോദിക്ക് തിരികെ നല്‍കാന്‍ ബാങ്ക് ശ്രമിക്കുന്നതായാണ് വിവരങ്ങള്‍.

അക്കൗണ്ട് മരവിപ്പിക്കാന്‍ അപേക്ഷ നല്‍കുന്നതിന് അനുമതി തേടി സിബിഐ സമര്‍പ്പിച്ച ഹര്‍ജി കോടതി പരിഗണിച്ചു. പണം തിരിച്ചുപിടിക്കുന്നതിന് അപേക്ഷ നല്‍കാന്‍ കോടതി അനുമതി നല്‍കുകയും ചെയ്തു.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 11,346 കോടി രൂപ തട്ടിപ്പ് നടത്തിയ നീരവ് മോദിയും കുടുംബവും ജനുവരി ഒന്നാം വാരം തന്നെ രാജ്യം വിട്ടിരുന്നു. ബയേഴ്‌സ് ക്രെഡിറ്റ് സംവിധാനം ഉപയോഗിച്ചാണ് ആയിരക്കണക്കിന് കോടി രൂപ തട്ടിച്ച് നീരവ് മോദി രാജ്യം വിട്ടത്.

സ്വന്തം പേരിലും സഹോദരന്റെയും ഭാര്യയുടെയും അമ്മാവന്റെയും പേരിലും നീരവ് മോദി, പിഎന്‍ബിയുടെ മുംബൈ ഫോര്‍ട്ടിലെ വീര്‍ നരിമാന്‍ റോഡ് ബ്രാഡി ഹൗസിലെ ശാഖയെ കബളിപ്പിച്ച് 280 കോടി രൂപ തട്ടിയ കേസില്‍ സിബിഐ അന്വേഷണം നടത്തിയപ്പോഴാണ് 2011 മുതല്‍ ബയേഴ്‌സ് ക്രെഡിറ്റ് സംവിധാനം ഉപയോഗപ്പെടുത്തി മോദി വന്‍ വെട്ടിപ്പ് നടത്തിയ വിവരം പുറത്തുവന്നത്. ഇയാള്‍ക്ക് പണം അനുവദിച്ചതുമായി ബന്ധപ്പെട്ട് ഡപ്യൂട്ടി ജനറല്‍ മാനേജരടക്കം പത്തോളം ബാങ്ക് ജീവനക്കാര്‍ക്ക് പങ്കുള്ളതായും കണ്ടെത്തിയിരുന്നു

DONT MISS
Top