സംവരണത്തിനെതിരെ ഭാരത ബന്ദിന് സമൂഹമാധ്യമങ്ങളിലൂടെ ആഹ്വാനം; മുന്നറിയിപ്പുമായി കേന്ദ്രം

ബിഹാറില്‍ പ്രതിഷേധക്കാര്‍ ട്രെയിന്‍ തടയുന്നു

ദില്ലി: ജാതി സംവരണത്തിനെതിരെ സവര്‍ണ സമുദായങ്ങളുടെ കൂട്ടായ്മ പ്രഖ്യാപിച്ച ഭാരത ബന്ദിനെ തുടര്‍ന്ന് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ജാതിയുടെ അടിസ്ഥാനത്തില്‍ തൊഴില്‍ വിദ്യാഭ്യാസ സംവരണം ഏര്‍പ്പെടുത്തുന്നതിനെതിരെയാണ് ഭാരത ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.ജാട്ട്, ഗുജ്ജര്‍, ബ്രാഹ്മിണ്‍, രജപുത്ര തുടങ്ങിയ സമുദായസംഘടനകളുടെ കൂട്ടായ്മയായ സര്‍വസമാജ് എന്ന സംഘടനയാണ് ഇന്ന് ബന്ദിന് ആഹ്വാനം നല്‍കിയിരിക്കുന്നത്.

സംഘടനകള്‍ സമൂഹമാധ്യമങ്ങളിലൂടെയാണ് ബന്ദിന് ആഹ്വാനം നടത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ആവശ്യമെങ്കില്‍ നിരോധനാജ്ഞ പുറപ്പെടുവിപ്പിക്കാനും കേന്ദ്രത്തിന്റെ നിര്‍ദേശമുണ്ട്.

അതിനിടെ ബന്ദിന് പിന്തുണയായെത്തിയവര്‍ ബിഹാറില്‍ ട്രെയിന്‍ തടഞ്ഞും ഗതാഗതം തടസ്സപ്പെടുത്തിയും പ്രതിഷേധം തുടരുകയാണ്. മധ്യപ്രദേശിലെ ഭിണ്ഡിലും മൊറേനയിലും അക്രമസംഭവങ്ങളെ തുടര്‍ന്ന് കര്‍ഫ്യൂ പ്രഖ്യാപിച്ചു. പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഉത്തര്‍പ്രദേശ് മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.

പ്രശ്‌ന സാധ്യത കണക്കിലെടുത്ത് രാജസ്ഥാനിലെ ഭാരത്പൂരില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുകയും ഇന്റര്‍നെറ്റ് അടക്കമുള്ള സേവനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. പ്രശ്‌നബാധ്യത പ്രദേശങ്ങളില്‍ സുരക്ഷ ഉറപ്പാക്കണമെന്നത് സംബന്ധിച്ച് എല്ലാ ജില്ലാ പൊലീസ് മേധാവികള്‍ക്കും കേന്ദ്രം നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ആവശ്യമെങ്കില്‍ നേതാക്കളുള്‍പ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്ത് അക്രമസംഭവങ്ങള്‍ തടയണമെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദേശം.

പട്ടികവിഭാഗ പീഡന നിരോധന നിയമത്തിലെ വ്യവസ്ഥകള്‍ ദുര്‍ബലപ്പെടുത്തിയ സുപ്രിം കോടതി വിധിയെ തുടര്‍ന്ന് ഏപ്രില്‍ രണ്ടിന് വിവിധ ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത ബന്ദില്‍ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ വന്‍ അക്രമങ്ങള്‍ നടന്ന സാഹചര്യത്തില്‍ കൂടിയാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

DONT MISS
Top