റേഡിയോ ജോക്കിയുടെ കൊലപാതകം: മുഖ്യപ്രതി അലിഭായ് പൊലീസ് കസ്റ്റഡിയില്‍

കൊല്ലപ്പെട്ട രാജേഷ്

തിരുവനന്തപുരം: ആറ്റിങ്ങല്‍ മടവൂരില്‍ റേഡിയോ ജോക്കി രാജേഷിനെ സ്റ്റുഡിയോയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതി അലിഭായ് എന്ന സാലിഹ് പൊലീസ് പിടിയിലായി. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് രാവിലെയാണ് പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ഖത്തറില്‍ നിന്ന് തിരിച്ചുവരുന്ന വഴിയാണ് ഇയാള്‍ പൊലീസ് കസ്റ്റഡിയിലായത്.

രാജേഷിനെ കൊലപ്പെടുത്തുന്നതിനുള്ള ക്വട്ടേഷന്‍ ഏറ്റെടുത്തത് ഓച്ചിറ സ്വദേശിയായ അലിഭായ് ആയിരുന്നു. കൊലപാതകം നടത്തിയതിന് ശേഷം ഇയാള്‍ ഖത്തറിലേക്ക് കടക്കുകയായിരുന്നു. ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് ഇയാളെ കേരളത്തിലെത്തിച്ച് പിടികൂടിയിരിക്കുന്നത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം നാലായി.

കൊലപാതകവുമായി ബന്ധപ്പെട്ട് നേരത്തെ മൂന്ന് പേരെ പൊലീസ് പിടികൂടിയിരുന്നു. കൊലപാതകവുമായി നേരിട്ട് ബന്ധമുള്ളവരാണ് ഇവര്‍ മൂവരും. കേസിലെ സൂത്രധാരന്‍മാരില്‍ ഒരാളായ സ്വാതി സന്തോഷാണ് കഴിഞ്ഞ ദിവസം കൊല്ലത്ത് നിന്ന് പിടിയിലായത്. ഓച്ചിറ സ്വദേശികളായ യാസിന്‍, സനു എന്നിവരാണ് കേസില്‍ ആദ്യം അറസ്റ്റിലായത്.

മാര്‍ച്ച് 27 ന് പുലര്‍ച്ചെ രണ്ടരയോടെയാണ് മടവൂരിലെ സ്വന്തം സ്റ്റുഡിയോയില്‍ വെച്ച് രാജേഷ് കൊല്ലപ്പെടുന്നത്. സംഭവത്തിന് രണ്ട് ദിവസത്തിന് ശേഷം ആലപ്പുഴയിലെ കായംകുളത്ത് നിന്ന് പ്രതികള്‍ സഞ്ചരിച്ച ചുവന്ന സ്വിഫ്റ്റ് കാര്‍ പൊലീസ് കണ്ടെത്തിയിരുന്നു. രാജേഷിന്റേത് ക്വട്ടേഷന്‍ കൊലപാതകമാണെന്ന് തുടക്കത്തില്‍ തന്നെ പൊലീസ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രാജേഷിന് ഖത്തറിലുള്ള ഒരു മലയാളി യുവതിയുമായി അടുപ്പമുണ്ടെന്നും ഇവരുടെ ഭര്‍ത്താവ് നല്‍കിയ ക്വട്ടേഷനാണ് രാജേഷിന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്നും വ്യക്തമായിരുന്നു. ക്വട്ടേഷന്‍ നല്‍കിയ യുവതിയുടെ ഭര്‍ത്താവ് സത്താറാണ് ഇനി പിടിയിലാകാനുള്ളത്.

DONT MISS
Top