മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കാന്‍ കാത്തിരിക്കുന്നു; മനസ് തുറന്ന് മഞ്ജുവാര്യര്‍, അന്യഭാഷ ചിത്രം ഈ വര്‍ഷം ഉണ്ടായേക്കുമെന്നും ലേഡി സൂപ്പര്‍സ്റ്റാര്‍

മീറ്റ് ദി എഡിറ്റേഴ്‌സില്‍ മഞ്ജുവാര്യര്‍

കൊച്ചി: മമ്മൂട്ടിയ്‌ക്കൊപ്പം ഒരു സിനിമയില്‍ അഭിനയിക്കാന്‍ കാത്തിരിക്കുകയാണെന്ന് മഞ്ജുവാര്യര്‍. ഏതെങ്കിലും സംവിധായകരോ നിര്‍മാതാക്കളോ മമ്മൂക്കയും താനുമുള്ള ഒരു പ്രൊജക്ടുമായി വരുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് മഞ്ജു പറഞ്ഞു.

‘റിപ്പോര്‍ട്ടര്‍ ടിവി’യുടെ മീറ്റ് ദിഎഡിറ്റേഴ്‌സ് പരിപാടിയില്‍ പങ്കെടുത്തപ്പോഴാണ് മലയാളത്തിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ മനസ് തുറന്നത്. ‘മോഹന്‍ലാല്‍’ എന്ന മഞ്ജുവാര്യര്‍ ചിത്രം വിഷു റിലീസായി തിയേറ്ററുകളില്‍ എത്തുകയാണ്. മോഹന്‍ലാലിനൊപ്പമാണോ മമ്മൂട്ടിക്കൊപ്പമാണോ അഭിനയിക്കാന്‍ താല്‍പര്യമെന്ന ചോദ്യത്തോട് പ്രതികരിച്ചാണ് താന്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കാനുള്ള അവസരത്തിനായി കാത്തിരിക്കുകയാണെന്ന് മഞ്ജുവാര്യര്‍ പറഞ്ഞത്.

ആറാം തമ്പുരാന്‍, കന്മദം, സമ്മര്‍ ഇന്‍ ബെദ്‌ലഹേം, എന്നും എപ്പോഴും എന്നീ ചിത്രങ്ങളില്‍ മോഹന്‍ലാലിനൊപ്പം മഞ്ജുവാര്യര്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ മഞ്ജുവാര്യര്‍ -മമ്മൂട്ടി ചിത്രം ഇതുവരെ ഇറങ്ങിയിട്ടില്ല. ഈ സാഹചര്യത്തിലാണ് മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകളില്‍ ആര്‍ക്കൊപ്പം അഭിനയിക്കാനാണ് ഇഷ്ടമെന്ന ചോദ്യത്തോട് മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കാനായി കാത്തിരിക്കുകയാണെന്ന് മഞ്ജു വ്യക്തമാക്കിയത്.

ഈ വര്‍ഷം തന്നെ ഒരു അന്യഭാഷാ ചിത്രത്തിലും അഭിയിക്കുമെന്നും മഞ്ജു അറിയിച്ചു. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും എല്ലാം ശരിയായി വരുകയാണെങ്കില്‍ ഈ വര്‍ഷം തന്നെ ആ പ്രൊജക്ട് നടക്കുമെന്നും മഞ്ജു വ്യക്തമാക്കി. അതേസമയം, സിനിമ സംവിധാനം ചെയ്യാനുള്ള സാധ്യതയെക്കുറിച്ച് ചോദിച്ചപ്പോള്‍ സംവിധാനം തനിക്ക് അറിയാവുന്ന മേഖലയല്ലെന്നും സിനിമാ സംവിധാനത്തിനില്ലെന്നും മഞ്ജു വാര്യര്‍ അറിയിച്ചു.

മോഹന്‍ലാല്‍ -മഞ്ജുവാര്യര്‍ ചിത്രമായ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയനെക്കുറിച്ചും താരം മനസ് തുറന്നു. സിനിമ രണ്ട് കാലഘട്ടത്തിന്റെ കഥപറയുന്നതാണെന്നും ഒരു കാലഘട്ടത്തില്‍ മോഹന്‍ലാലിന്റെ നായികയും മറ്റൊന്നില്‍ തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാറായ പ്രകാശ് രാജിന്റെ നായികയുമായിട്ടാണ് താന്‍ എത്തുന്നതെന്ന് മഞ്ജുവാര്യര്‍ പറഞ്ഞു. ‘ഇരുവര്‍’ എന്ന ചിത്രത്തില്‍ മോഹന്‍ലാലും പ്രകാശ് രാജും ഒന്നിച്ച് അഭിനയിച്ചിരുന്നു.

DONT MISS
Top