ബിജെപി എംഎല്‍എയും സുഹൃത്തുക്കളും കൂട്ടബലാത്സംഗം ചെയ്തതില്‍ പരാതി നല്‍കി; നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് യോഗിയുടെ വസതിക്ക് മുന്നില്‍ യുവതിയുടെയും കുടുംബത്തിന്റെയും ആത്മഹത്യാശ്രമം


ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിന്റെ വസതിക്ക് മുന്നില്‍ യുവതിയുടേയും കുടുംബത്തിന്റെയും ആത്മഹത്യാ ശ്രമം. നിയമസഭയിലെ ഒരംഗം ബലാത്സംഗം ചെയ്തതായി പരാതി നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതിലാണ് യുവതി ആത്മഹത്യ ചെയ്യാനൊരുങ്ങിയത്.

മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നിലെത്തിയ ഇവര്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്താനാണ് ശ്രമിച്ചത്. തുടര്‍ന്ന് ഇവരെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയെങ്കിലും അവിടെവച്ചും യുവതി ആത്മഹത്യാ പ്രവണത പ്രകടിപ്പിച്ചു. ഒരു വര്‍ഷമായി യോഗി ആദിത്യനാഥിന്റെ ഓഫീസില്‍ കയറിയിറങ്ങി മടുത്തു, തനിക്ക് നീതി ലഭിക്കുന്നില്ല എന്നും യുവതി അലറിക്കരഞ്ഞുകൊണ്ട് പറഞ്ഞു.

പരാതി നല്‍കിയതിന്റെ പേരില്‍ ബിജെപിക്കാരെത്തി ഭീഷണിപ്പെടുത്തി. തന്റെ പിതാവിനെ ക്രൂരമായി മര്‍ദ്ദിച്ചു. എങ്കിലും എംഎല്‍എയ്‌ക്കെതിരായ പരാതിയില്‍നിന്ന് പിന്മാറാന്‍ തയാറല്ല എന്നും യുവതി കൂട്ടിച്ചേര്‍ത്തു.

ഉന എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗറിനെതിരെയാണ് ഇപ്പോള്‍ ആരോപണം ഉയര്‍ന്നിരിക്കുന്നത്. സെന്‍ഗറും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് യുവതി നല്‍കിയിരിക്കുന്ന പരാതി. കേസ് ലഖ്‌നൗവിലേക്ക് മാറ്റിയതായി പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.

DONT MISS
Top