ഐപിഎല്‍ കേരളത്തിലേക്ക്, ചെന്നൈയുടെ ഹോം മത്സരങ്ങള്‍ക്ക് തിരുവനന്തപുരം വേദിയായേക്കും

തിരുവനന്തപുരം: ഐപിഎല്‍ മത്സരങ്ങള്‍ കേരളത്തിലേക്ക് തിരിച്ചുവരാന്‍ വഴിയൊരുങ്ങുന്നു. പതിനൊന്നാം ഐപിഎല്ലിന് കേരളം വേദിയാകുമെന്ന് സൂചന. ഐപിഎല്‍ ടീം ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ ഹോം മത്സരങ്ങള്‍ക്ക് തിരുവനന്തപുരം വേദിയാകാനാണ് സാധ്യത. കാവേരി നദീജല വിഷയത്തില്‍ തമിഴ്‌നാട്ടില്‍ പ്രതിഷേധം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. ഏപ്രില്‍ പത്തിന് ചെപ്പോക്കിലെ എംഎ ചിദംബരം സ്‌റ്റേഡിയത്തിലാണ് ചെന്നൈയുടെ ആദ്യ ഹോം മത്സരം നിശ്ചയിച്ചിരിക്കുന്നത്.

കാവേരി പ്രശ്‌നം നിലനില്‍ക്കെ തമിഴ്‌നാട് ഐപിഎല്‍ മത്സരങ്ങള്‍ നടത്തുന്നതിനെതിരെ വന്‍പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ വേദി കേരളത്തിലേക്ക് മാറ്റുന്നതിനെ കുറിച്ച് ബിസിസിഐ കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളുമായി സംസാരിച്ചിരുന്നു. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാക്കുന്നതില്‍ ബിസിസിഐക്ക് സമ്മതമാണെന്ന് അറിയിച്ചതായി കെസിഎ സെക്രട്ടറി ജയേഷ് ജോര്‍ജ് പറഞ്ഞു. ഇക്കാര്യത്തില്‍ മൂന്ന് ദിവസത്തിനകം തീരുമാനം ഉണ്ടാകും.

തമിഴ്‌നാട്ടില്‍ ഐപിഎല്‍ നടത്തുന്നതിനെതിരെ നടന്‍ രജനീകാന്ത് നേരത്തെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഇത് ഐപിഎല്‍ കളിക്കാനുള്ള സമയമല്ലെന്നും കാവേരി പ്രശ്‌നത്തിലെ പ്രതിഷേധം ഐപിഎല്‍ വേദിയില്‍ ഉണ്ടാകുമെന്നും രജനീകാന്ത് വ്യക്തമാക്കിയിരുന്നു. കാവേരി പ്രശ്‌നത്തില്‍ തമിഴ് ചലച്ചിത്ര താരങ്ങളുടെ കൂട്ടായ്മ നടത്തുന്ന ഉപവാസ വേദിയിലായിരുന്നു രജനീകാന്തിന്റെ പ്രതികരണം.

DONT MISS
Top