ഇത് ഐപിഎല്‍ കളിക്കേണ്ട സമയമല്ലെന്ന് രജനീകാന്ത്: കാവേരിയില്‍ തമിഴകത്ത് പ്രതിഷേധമിരമ്പുന്നു

ചെന്നൈ: കാവേരി നദീജല വിഷയത്തില്‍ തമിഴ്‌നാട്ടില്‍ പ്രക്ഷോഭം ശക്തമാകുമ്പോള്‍ പ്രതിഷേധമറിയിക്കാനുള്ള മാര്‍ഗമായി ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിനെ ഉപയോഗിക്കാനുള്ള നീക്കത്തിന് പിന്തുണയുമായി നടന്‍ രജനീകാന്ത്. ഐപിഎല്‍ കളിക്കാനുള്ള സമയമല്ലിതെന്നും കാവേരി പ്രശ്‌നത്തിലെ പ്രതിഷേധം ഐപിഎല്‍ വേദിയിലുണ്ടാകണമെന്നും രജനീകാന്ത് പ്രതികരിച്ചു.

ഇത് ക്രിക്കറ്റ് കളിക്കാനുള്ള സമയമല്ലെന്നും കാവേരി പ്രശ്‌നത്തിനെതിരായ പ്രതിഷേധം ഐപിഎല്‍ വേദിയില്‍ അലയടിക്കണമെന്നും രജനീകാന്ത് ആവശ്യപ്പെട്ടു. ചെന്നൈയില്‍  മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു അദ്ദേഹം കാവേരി വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്. ഏപ്രില്‍ 10ന് ചെന്നൈ ചെപ്പോക്ക് എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് ചെന്നൈയിലെ ആദ്യ ഐപിഎല്‍ മത്സരം നടക്കുന്നത്. പ്രതിഷേധസൂചകമായി ചെന്നൈ സൂപ്പര്‍ കിങ്‌സ് താരങ്ങള്‍ അന്നേ ദിവസം കറുത്ത ബാഡ്ജ് അണിഞ്ഞ് കളത്തിലിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കാത്ത സര്‍ക്കാര്‍ നിലപാടിനെതിരെ തമിഴ്‌നാട്ടിലെ സിനിമാതാരങ്ങളുടെ സംഘടനയായ നടികര്‍ സംഘവും പ്രതിഷേധ യോഗം സംഘടിപ്പിച്ചു. പ്രതിഷേധ കൂട്ടായ്മയിലും രജനീ കാന്ത് പങ്കെടുത്തു. ഉലകനായകന്‍ കമലഹാസനും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

ഇവര്‍ക്ക്പുറമെ സൂര്യ,വിജയ്, സത്യരാജ്, വിവേക്, ധനുഷ്, ശിവകാര്‍ത്തികേയന്‍, തുടങ്ങി നിരവധി താരങ്ങളാണ് വള്ളുവര്‍ കോട്ടത്തില്‍ നടക്കുന്ന ഉപവാസ സമരത്തില്‍ പങ്കെടുക്കുന്നത്. നടികര്‍ സംഘത്തിന് പുറമെ തമിഴ് ചലച്ചിത്ര സംഘടനകളായ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍, സൗത്ത് ഇന്ത്യന്‍ ആര്‍ടിസ്റ്റ് അസോസിയേഷന്‍, ഫിലിം എംപ്ലോയിസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ തുടങ്ങിയവയും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്.

DONT MISS
Top