ആന്ധ്രാ പ്രത്യേക പദവി: പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ ടിഡിപി എംപിമാരുടെ ധര്‍ണ്ണ

എംപിമാരുടെ ധര്‍ണ്ണ

ദില്ലി: ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കണമെന്നാവശ്യപ്പെട്ട് തെലുങ്ക് ദേശം പാര്‍ട്ടിയുടെ എംപിമാര്‍ ദില്ലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്കു മുന്‍പില്‍ ധര്‍ണ്ണ സംഘടിപ്പിച്ചു. രാവിലെയോടെയായിരുന്നു എംപിമാര്‍ വസതിക്ക് മുന്‍പില്‍ സമരം ആരംഭിച്ചത്.

പ്ലകാര്‍ഡുകള്‍ ഉയര്‍ത്തി ബിജെപി സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചായിരുന്നു എംപിമാരുടെ പ്രതിഷേധം. തുടര്‍ന്ന് പൊലീസ് എത്തി പ്രതിഷേധക്കാരെ പൊലീസ് സ്റ്റേഷനിലേക്ക് നീക്കി. തുഗ്ലക്ക് റോഡിലുള്ള പൊലീസ് സ്റ്റേഷനിലേക്കാണ് എംപിമാരെ അറസ്റ്റ് ചെയ്ത് കൊണ്ടു പോയിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്‍പില്‍ നടത്തിയ പ്രതിഷേധം നിയന്ത്രിക്കാനാണ് എംപിമാരെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഒരു മണിക്കൂറിനുള്ളില്‍ എംപിമാരെ വിട്ടയക്കുമെന്നും എംപിമാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

നേരത്തെ പാര്‍ലമെന്റിനു മുന്‍പിലും ടിഡിപി എംപിമാര്‍ ഇതേ ആവശ്യം ഉന്നയിച്ച് സമരം ചെയ്തിരുന്നു. കൂടാതെ ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കാതിരുന്ന കേന്ദ്ര സര്‍ക്കിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതിനും ടിഡിപിയും വൈഎസ്ആര്‍ കോണ്‍ഗ്രസും നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ എഐഎഡിഎംകെ പ്രവര്‍ത്തകര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് പ്രമേയം ചര്‍ച്ച ചെയ്തില്ല.

DONT MISS
Top