ഭയപ്പെടുന്നില്ല, പരാതിക്കാര്‍ തന്റെ സിനിമ കാണേണ്ടെന്ന് ഒമര്‍ ലുലു; വിവാദങ്ങള്‍ക്ക് പിന്നില്‍ പ്രശസ്തി ആഗ്രഹിക്കുന്നവരെന്ന് നിര്‍മ്മാതാവ് ഔസേപ്പച്ചന്‍

ഔസേപ്പച്ചന്‍, ഒമര്‍ ലുലു

ഒരൊറ്റ ദിവസം കൊണ്ട് സോഷ്യല്‍ മീഡിയയിലടക്കം ചര്‍ച്ചയായ ഉമര്‍ ലുലുവിന്റെ അഡാര്‍ ലവിനെയും ചിത്രത്തിലെ ഗാനത്തിനെയും ചുറ്റിപറ്റിയുള്ള വിവാദങ്ങള്‍ വിട്ടൊഴിയുന്നില്ല. ഏറ്റവും ഒടുവില്‍ ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനം നീക്കണമെന്ന ആവശ്യവുമായി സുപ്രിം കോടതിയെ സമീപിച്ചിരിക്കുകയാണ് ഹെെദരാബാദ് സ്വദേശികള്‍. 

ഗാന രംഗം മുസ്‌ലിങ്ങളെ അപകീര്‍ത്തിപെടുത്തുന്നതും മത വികാരം വ്രണ പെടുത്തുന്നതുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രിം കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. ഹൈദരാബാദ് സ്വദേശികളായ മുഖീത് ഖാന്‍, സഹീര്‍ ഉദ്ദീന്‍ അലി ഖാന്‍ എന്നിവരാണ് മാണിക്യ മലരായ പൂവി എന്ന ഗാനം നീക്കണമെന്ന ആവശ്യവുമായി സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ചിത്രത്തിന്റെ സംവിധായകന്‍ ഒമര്‍ ലുലുവും നിര്‍മാതാവ് ഔസേപ്പച്ചനും റിപ്പോര്‍ട്ടറോട് പ്രതികരിക്കുകയാണ്.

പരാതിക്കാര്‍ തന്റെ സിനിമ കാണേണ്ടെന്ന് ഒമര്‍ ലുലു

സിനിമ ഇസ്‌ലാമികമാണോ എന്നാണ് പരാതിക്കാര്‍ ആദ്യം വ്യക്തമാക്കേണ്ടതെന്ന് അഡാര്‍ ലവ് സംവിധായകന്‍ ഒമര്‍ലുലു. പരാതിക്കാര്‍ തന്റെ സിനിമ കാണേണ്ടെന്നും ഒമര്‍ പറയുന്നു. ഹര്‍ജിയില്‍ സുപ്രിം കോടതിയില്‍ നിന്നും അനുകൂല വിധി ലഭിക്കുമെന്ന് വിശ്വാസം. നമ്മുടെ രാജ്യത്ത് ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന് പറയുന്ന ഒന്നുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം ആരോപണങ്ങളെ ഭയപ്പെട്ട് കഴിഞ്ഞാല്‍ ആവിഷ്‌കാര സ്വാതന്ത്ര്യം നഷ്ടപ്പെടുമെന്നും ഒമര്‍ പ്രതികരിച്ചു.

ചിത്രത്തിനെതിരെ വിവാദങ്ങള്‍ തുടര്‍ച്ചയായി വന്നപ്പോഴാണ് തങ്ങള്‍ ഈ ഗാനം പിന്‍വലിക്കാമെന്ന് ഒരു ഘട്ടത്തില്‍ ചിന്തിച്ചത്. എന്നാല്‍ അന്ന് കേരളത്തിലെ ഇസ്‌ലാം സഹോദരന്‍മാരില്‍ നിന്നും മതപണ്ഡിതന്‍മാരുള്‍പ്പെടെയുള്ളവരില്‍ നിന്നു പോലും ചിത്രത്തിന് ലഭിച്ച പിന്തുണയാണ് ഗാനം പിന്‍വലിക്കേണ്ട എന്ന തീരുമാനത്തിലേയ്ക്ക് എത്തിയതെന്നും ഒമര്‍ പറയുന്നു. ചിത്രത്തിനെതിരെ അനാവശ്യമായുണ്ടാകുന്ന വിവാദങ്ങള്‍ മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെങ്കിലും ഒരു തരത്തിലും സിനിമയെ ബാധിക്കില്ലെന്നും ഒമര്‍ പറയുന്നു. ഇത്തരം ആരോപണങ്ങള്‍ക്ക് സുപ്രിം കോടതിയില്‍ നിന്ന് തക്ക മറുപടി ലഭിക്കുമെന്നും ഒമര്‍ റിപ്പോര്‍ട്ടറോട് പ്രതികരിച്ചു.

വിവാദങ്ങള്‍ സിനിമയെ ഒരു തരത്തിലും ബാധിക്കില്ല;  ഔസേപ്പച്ചന്‍

ചിത്രത്തിനെതിരെ വീണ്ടും അനാവശ്യ വിവാദങ്ങള്‍ കുത്തിപൊക്കി കൊണ്ടുവരുന്നത് ഖേദകരമാണെന്ന് അഡാര്‍ ലവിന്റെ സംവിധായകന്‍ ഔസേപ്പച്ചന്‍. അഡാര്‍ ലവിലെ ഗാനം ലോക ശ്രദ്ധ നേടിയതില്‍ അഭിമാനിക്കുന്നതിന് പകരം അതിനെ ഉപദ്രവിക്കുകയാണ് ചിലരെന്നും ഔസേപ്പച്ചന്‍ പറയുന്നു.

ഗാനത്തില്‍ ആ സമുദായത്തെ പറ്റി ഒന്നും പറയുന്നില്ല. ഇപ്പോള്‍ ചിത്രത്തിലെ കണ്ണിറുക്കല്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഒരു കൂട്ടം രംഗത്തെത്തിയിരിക്കുന്നതെന്നും ഔസേപ്പേച്ചന്‍ പറയുന്നു. കേരളത്തില്‍ നിന്നും ഇത്തരത്തിലൊരു ഗാനം ലോക പ്രശംസ നേടിയതില്‍ അഭിമാനിക്കുന്നതിന് പകരം അനാവശ്യമായ വിവാദങ്ങളുണ്ടാക്കുകയാണ് ചിലര്‍.

ഗാനത്തിനെതിരെ രംഗത്തെത്തിയവര്‍ അവരുടെ പ്രശസ്തിയാണ് ലക്ഷ്യവെയ്ക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. കേരളത്തില്‍നിന്നും വലിയരീതിയിലുള്ള പിന്തുണയാണ് ഗാനത്തിന് ലഭിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം വിവാദങ്ങള്‍ സിനിമയെ ഒരു തരത്തിലും ബാധിക്കില്ലെന്നും അദ്ദേഹം റിപ്പോര്‍ട്ടറോട് പ്രതികരിച്ചു.

DONT MISS
Top