കടങ്കണ്ണിറുക്കുന്നത് ഇസ്‌ലാമില്‍ വിലക്കപ്പെട്ടത്; ഒരു അഡാര്‍ ലവിലെ മാണിക്യ മലരായ പൂവി ഗാനം നീക്കണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ അപേക്ഷ

ദില്ലി: ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിലെ രംഗങ്ങള്‍ മുസ്‌ലിങ്ങളെ അപകീര്‍ത്തിപെടുത്തുന്നതും മത വികാരം വ്രണ പെടുത്തുന്നതുമാണെന്ന് ചൂട്ടിക്കാട്ടി ചിത്രത്തില്‍ നിന്ന് ഗാനം നീക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ അപേക്ഷ. ഹൈദരാബാദ് സ്വദേശികളായ മുഖീത് ഖാന്‍, സഹീര്‍ ഉദ്ദീന്‍ അലി ഖാന്‍ എന്നിവരാണ് ഒരു അഡാര്‍ ലവ് എന്ന ചിത്രത്തില്‍ നിന്ന് മാണിക്യ മലരായ പൂവി എന്ന ഗാനം നീക്കണമെന്ന ആവശ്യവുമായി സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്. പ്രിയ പ്രകാശ് വാര്യര്‍ സുപ്രിം കോടതിയില്‍ നല്‍കിയിരിക്കുന്ന ഹര്‍ജിയില്‍ കക്ഷി ചേരാന്‍ നല്‍കിയ അപേക്ഷയിലാണ് ഇരുവരും ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ചിത്രത്തിലെ ഗാനരംഗങ്ങള്‍ യൂട്യൂബില്‍ നിന്ന് നീക്കാന്‍ നിര്‍ദേശിക്കണമെന്നും സമൂഹ മാധ്യങ്ങളിലൂടെ പ്രചരിക്കുന്നത് തടയണമെന്നും അപേക്ഷയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മുഹമ്മദ് നബിയെയും ആദ്യ ഭാര്യയായ ഖദീജ ബീവിയെയും പുകഴ്ത്തി 1978 ലാ ആണ് പിഎംഎ ജബ്ബാര്‍ മാണിക്യ മലരായ പൂവി എന്ന ഗാനം എഴുതിയത്. എന്നാല്‍ ഒരു അഡാര്‍ ലവ് എന്ന ചിത്രത്തില്‍ ഈ ഗാനത്തോടൊപ്പം കാണിക്കുന്ന രംഗങ്ങള്‍ ഇസ്‌ലാം മത വിശ്വാസികളെ അപകീര്‍ത്തിപെടുത്തുന്നതും മതവികാരം വ്രണപെടുത്തുന്നതുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖീത് ഖാനും സഹീര്‍ ഉദ്ദീന്‍ അലി ഖാനും സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്.

ഒരു അഡാര്‍ ലവിലെ മാണിക്യ മലരായ പൂവി എന്ന പാട്ടിലെ രംഗങ്ങള്‍ പ്രേക്ഷകരുടെ മനം കവര്‍ന്നിരിക്കാം. എന്നാല്‍ ആ രംഗങ്ങള്‍ മുസ്‌ലിങ്ങളുടെ മുഖത്ത് പോറല്‍ ഉണ്ടാക്കിയിരിക്കുകയാണ്. പ്രവാചകനെയും ഖദീജ ബീവിയെയും പുകഴ്ത്തി എഴുതിയ ഗാനത്തോട് ഒപ്പം കടങ്കണ്ണിറുക്കുന്ന രംഗങ്ങള്‍ കാണിക്കുന്നത് ദൈവ നിന്ദയാണ്. കടങ്കണ്ണിറുക്കുന്നത് ഇസ്‌ലാമില്‍ വിലക്കിയിട്ടുള്ളതാണെന്നും സുപ്രിം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മാണിക്യ മലരായ പൂവി എന്ന പാട്ടിലെ രംഗങ്ങള്‍ മുസ്‌ലിം വിശ്വാസികളുടെ മാത്രമല്ല, ഹിന്ദുമത വിശ്വാസികളുടെയും വികാരം വ്രണപെടുത്തിയിട്ടുണ്ട് എന്ന് അപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു. മഹാരാഷ്ട്രയിലെ ജിന്‍സിയില്‍ ജനജാഗരണ്‍ സമിതി ഗാനത്തിലെ രംഗങ്ങള്‍ക്കെതിരെ കേസ് നല്‍കിയിട്ടുണ്ട്. പ്രിയ പ്രകാശ് വാര്യര്‍ ഉള്‍പ്പെടെ സുപ്രിം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തവര്‍ ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 295 എ പ്രകാരം ഉള്ള കുറ്റം ചെയ്തവരാണെന്നും അപേക്ഷയില്‍ ആരോപിക്കുന്നു. തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന് 2018 മാര്‍ച്ച് എട്ടിന് അയച്ച കത്തില്‍ എന്‍സിപി നേതാവും പാര്‍ലമെന്റ് അംഗവും പ്രമുഖ അഭിഭാഷകനുമായ മജീദ് മേമന്‍ സുപ്രിം കോടതിയില്‍ പ്രിയ പ്രകാശ് വാര്യര്‍ നല്‍കിയ ഹര്‍ജിയില്‍ മുസ്‌ലിങ്ങളുടെ വികാരങ്ങള്‍ക്ക് ക്ഷതമേല്‍ക്കാതിരിക്കാന്‍ ഉചിതമായ മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടതായും അപേക്ഷയില്‍ വെളിപ്പെടുത്തുന്നു.

ദീപക് മിശ്ര, ഹാരിസ് ബീരാന്‍, ഒമര്‍ ലുലു

ഒരു അഡാര്‍ ലവിന്റെ സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ ഹൈദരാബാദിലെ ഫലക്ക് നാമ പൊലീസ് സ്‌റ്റേഷനില്‍ കേസ് നല്‍കിയ വിദ്യാര്‍ത്ഥിയാണ് മുഖീത് ഖാന്‍, മുസ്‌ലി ങ്ങളുടെ സംസ്‌കാരവും ആചാരങ്ങളും സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തിയാണ് സഹീര്‍ ഉദ്ദീന്‍ അലി ഖാന്‍. ഹൈദരാബാദിലെ ഫലക്ക് നാമ പൊലീസ് സ്‌റ്റേഷനിലും മഹാരാഷ്ട്രയിലെ ജിന്‍സി പൊലീസ് സ്‌റ്റേഷനിലും ഒരു അഡാര്‍ ലവിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരായ കേസുകള്‍ക്ക് എതിരെ അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ മുഖേനെ പ്രിയ പ്രകാശ് വാര്യര്‍ സുപ്രിം കോടതിയെ സമീപിച്ചിരുന്നു. പ്രിയയുടെ ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് രാജ്യത്ത് ഒരിടത്തും മാണിക്യ മലരായ പൂവി എന്ന ഗാനത്തിന്റെ പേരില്‍ ഒരു അഡാര്‍ ലവിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്യരുതെന്ന് നിര്‍ദേശിച്ചിരുന്നു. മുഖീത് ഖാന്റെയും സഹീര്‍ ഉദ്ദീന്‍ അലി ഖാന്റെയും ഹര്‍ജികള്‍ സുപ്രിം കോടതി ഈ മാസം തന്നെ പരിഗണിക്കാനാണ് സാധ്യത.

DONT MISS
Top