നാല്‍പ്പത്തിനാലാം വയസില്‍ ഡേവിസ് കപ്പില്‍ ചരിത്രം കുറിച്ച് ലിയാണ്ടര്‍ പേസ്

ലിയാണ്ടര്‍ പേസ്

ടിയാന്‍ജിന്‍: ഡേവിസ് കപ്പ് ടെന്നീസിന്റെ ചരിത്രത്തിലെ ഇതിഹാസ ഡബിള്‍സ് താരമെന്ന ബഹുമതി ഇന്ത്യയുടെ ലിയാണ്ടര്‍ പേസ് സ്വന്തമാക്കി. ഡേവിസ് കപ്പില്‍ ഏറ്റവും കൂടുതല്‍ ഡബിള്‍സ് വിജയങ്ങള്‍ സ്വന്തമാക്കുന്ന താരമെന്ന ബഹുമതിയാണ് നാല്‍പ്പത്തിനാലാം വയസില്‍ പേസ് കരസ്ഥമാക്കിയത്. ചൈനയ്‌ക്കെതിരായ മത്സരത്തില്‍ ബൊപ്പണ്ണയ്‌ക്കൊപ്പമായിരുന്നു പേസ് വിജയം കുറിച്ചത്. ഡബിള്‍സ് വിജയത്തോടെ ഇന്ത്യ ചൈനയ്‌ക്കെതിരെ പ്രതീക്ഷയും നിലനിര്‍ത്തി.

പേസ്-ബൊപ്പണ്ണ സഖ്യം ചൈനയുടെ മോ സിന്‍ ഗോങ്-സീ ചാങ് ജോഡികളെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് തോല്‍പ്പിച്ചത്. സ്‌കോര്‍ 5-7, 7-6(5), 7-6(3). ആദ്യ രണ്ട് സിംഗിള്‍സ് മത്സരങ്ങളും തോറ്റ ഇന്ത്യയ്ക്ക് ഏറെ നിര്‍ണായകമായിരുന്നു ഡബിള്‍സ് മത്സരം. ഇനിയുള്ള രണ്ട് റിവേഴ്‌സ് സിംഗിള്‍സ് മത്സരങ്ങളും ജയിച്ചാല്‍ മാത്രമെ ഇന്ത്യയ്ക്ക് മുന്നോട്ട് പോകാനാകൂ.

ഇന്നത്തെ ജയത്തോടെ പേസ് ഡേവിസ് കപ്പിലെ 43-ാം വിജയമാണ് കരസ്ഥമാക്കിയിരിക്കുന്നത്. 42 വിജയങ്ങളോടെ ഇറ്റലിയുടെ ഇതിഹാസ താരം നിക്കോള പീട്രാന്‍ഗെലിനൊപ്പമായിരുന്നു ഇതുവരെ പേസ്. കഴിഞ്ഞ 28 വര്‍ഷങ്ങളായി ടെന്നീസ് കളത്തില്‍ ഇന്ത്യയുടെ അഭിമാനമാണ് പേസ്.

1990 ല്‍ സീഷന്‍ അലിക്കൊപ്പമാണ് പേസ് ഡേവിസ് കപ്പില്‍ അരങ്ങേറുന്നത്. ഇപ്പോള്‍ ടീം ഇന്ത്യയുടെ പരിശീലകനാണ് സീഷന്‍. മഹേഷ് ഭൂപതിക്കൊപ്പമായിരുന്നു പേസ് തന്റെ മികച്ച വിജയങ്ങളില്‍ ഭൂരിഭാഗവും കരസ്ഥമാക്കിയത്. ഒരു കാലത്ത് ലോക ടെന്നീസിലെ തന്നെ അപകടകാരികളായ ജോഡിയായിരുന്നു പേസ്-ഭൂപതി സഖ്യം. തുടര്‍ച്ചയായി 24 മത്സരങ്ങള്‍ ജയിച്ച് ചരിത്രം രചിച്ചിച്ചുണ്ട് ഈ സഖ്യം. കടുത്ത അഭിപ്രായഭിന്നതകളെ തുടര്‍ന്ന് ഇരുവരും വഴി പിരിയുകയായിരുന്നു.

ചൈനയ്‌ക്കെതിരായ മത്സരത്തില്‍ പേസിനൊപ്പം കളിക്കാനാകില്ലെന്ന ഉറച്ച നിലപാടില്‍ നില്‍ക്കുകയായിരുന്നു രോഹന്‍ ബൊപ്പണ്ണ. എന്നാല്‍ ടെന്നീസ് അസോസിയേഷന്റെ കര്‍ശന നിര്‍ദേശത്തിന് വഴങ്ങി മത്സരത്തിനിറങ്ങുകയായിരുന്നു.

DONT MISS
Top