സല്‍മാന്റെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി; വിധി ഉച്ചതിരിഞ്ഞ്

ജോധ്പൂര്‍: കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസില്‍ ശിക്ഷിക്കപ്പെട്ട ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ ജോധ്പൂര്‍ സെഷന്‍സ് കോടതി ഉച്ചഭക്ഷണത്തിന് ശേഷം വിധി പറയും. തങ്ങളുടെ വാദങ്ങള്‍ കോടതിയെ ബോധിപ്പിച്ചിട്ടുണ്ടെന്ന് സല്‍മാന് വേണ്ടി ഹാജരായ ഹസ്തിമല്‍ സരസത് മാധ്യമങ്ങളോട് പ്രതികരിച്ചു. സല്‍മാനെതിരെയുള്ള സാക്ഷിമൊഴികള്‍ അവശ്വസനീയമാണെന്നും ശിക്ഷ കടുത്തതാണെന്നും അദ്ദേഹം കോടതിയില്‍ വാദിച്ചു.

അതേസമയം സല്‍മാന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്ന സെഷന്‍സ് ജഡ്ജിയുള്‍പ്പെടെ 87 പേരെ രാജസ്ഥാന്‍ ഹൈക്കോടതി സ്ഥലംമാറ്റി. സല്‍മാന്‍ ഖാന് ജയില്‍ ശിക്ഷ വിധിച്ച ദേവ് കുമാര്‍ ഖാത്രിയ്ക്കും ഇന്ന് ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കാനിരുന്ന ജോധ്പൂര്‍ സെഷന്‍സ് കോടതി ജഡ്ജി രവീന്ദ്ര കുമാര്‍ ജോഷിയ്ക്കുമാണ് സ്ഥലമാറ്റമുണ്ടായത്.

സ്ഥലം മാറ്റിയെങ്കിലും പുതിയ സ്ഥലത്ത് ചുമതലയേല്‍ക്കാന്‍ ജഡ്ജിമാര്‍ക്ക് സാധാരണ ഏഴ് ദിവസത്തെ സമയമാണ് അനുവദിക്കാറുള്ളത്. അതിനാല്‍ രവീന്ദ്ര കുമാര്‍ ജോഷി തന്നെയാണ് ഇന്ന് സല്‍മാന്റെ ജാമ്യാപേക്ഷയില്‍ വാദം കേട്ടത്.

സല്‍മാന്റെ ജാമ്യാപേക്ഷയില്‍ കോടതിയില്‍ ഇന്നലെ വാദം പൂര്‍ത്തിയായിരുന്നു. കേസില്‍ വിധി പറയാന്‍ ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു. കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സല്‍മാന്‍ ഖാന് ജോധ്പൂര്‍ കോടതി അഞ്ച് വര്‍ഷം തടവ് ശിക്ഷയാണ് വിധിച്ചത്. കേസിലെ മറ്റ് പ്രതികളായ സെയ്ഫലി ഖാന്‍, തബു, സൊനാലി ബിന്ദ്ര, നീലം എന്നിവരെ കോടതി വെറുതെ വിട്ടിരുന്നു. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് സല്‍മാന്‍ ഖാനെ കോടതി ശിക്ഷിച്ചിരിക്കുന്നത്.

സല്‍മാന്‍ ഖാനെതിരെ പ്രോസിക്യൂഷന്‍ ശേഖരിച്ച എല്ലാ തെളിവുകളും വിശദമായി പരിശോധിച്ച കോടതി അത് നിയമപരമായി നിലനില്‍ക്കുന്നതായി കണ്ടെത്തുകയായിരുന്നു. കേസെടുത്ത് 20 വര്‍ഷത്തിന് ശേഷമാണ് വിധി വന്നിരിക്കുന്നത്.

DONT MISS
Top