രോഗിയായ അമ്മയുടെ ഓക്‌സിന്‍ സിലിണ്ടര്‍ ചുമലില്‍ താങ്ങി ആംബുലന്‍സിന് കാത്തുനിന്ന് മകന്‍ ; സംഭവം ഉത്തര്‍പ്രദേശില്‍

അനുഗ്രഹ ദേവിയും മകനും

ആഗ്ര: ആശുപത്രി അധികൃതരുടെ ക്രൂരത വെളിപ്പെടുത്തുന്ന നിവധി സംഭവങ്ങളാണ് ഉത്തര്‍പ്രദേശില്‍ നിന്നും പുറത്തുവരുന്നത്. രോഗിയായ അമ്മയുടെ ഓക്‌സിജന്‍ സിലിണ്ടര്‍ ചുമലില്‍ താങ്ങി റോഡില്‍ നില്‍ക്കുന്ന മകന്റെ ഫോട്ടോയാണ് അവസാനമായി പുറത്തുവന്നിരിക്കുന്നത്. ആംബുലന്‍സിന് വേണ്ടിയാണ് അമ്മയോടൊപ്പം ഓക്‌സിജന്‍ സിലിണ്ടറുമായി കാത്തു നില്‍ക്കേണ്ടി വന്നത്.

ഉത്തര്‍പ്രദേശിലെ ആഗ്ര മെഡിക്കല്‍ കോളെജിലാണ് സംഭവം നടന്നത്. അനുഗ്രഹ ദേവി എന്ന അമ്മയ്ക്കും മകനുമാണ് ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നും ദുരനുഭവം ഉണ്ടായത്. പ്രഥാമിക ചികിത്സ നല്‍കിയതിനു ശേഷം വാര്‍ഡിലേക്ക് മാറ്റുന്നതിനായിരുന്നു ഇവര്‍ ആംബുലന്‍സിന് വേണ്ടി ആശുപത്രിയുടെ പുറത്ത് കാത്ത് നില്‍ക്കേണ്ടി വന്നത്.

ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്നായിരുന്നു അനുഗ്രഹ ദേവിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡോക്ടര്‍ പരിശോധിച്ചതിനു ശേഷം അനുഗ്രഹ ദേവിയെ വാര്‍ഡില്‍ പ്രവേശിപ്പിക്കാന്‍ ആവശ്യപ്പെട്ടു. ആശുപത്രിയില്‍ നിന്നും കുറച്ചു ദൂരം അകലെയുള്ള വാര്‍ഡിലേക്കായിരിന്നു ഇവരെ മാറ്റേണ്ടത്. ഇവിടേക്ക് കൊണ്ടു പോകുന്നതിനായി ആംബുലന്‍സ് വരുമെന്നും പുറത്ത് കാത്തിരിക്കണം എന്നും ആവശ്യപ്പെട്ടു.

മെഡിക്കല്‍ കോളെജില്‍ മരുന്നുകളുടെയും സ്ട്രച്ചറുകളുടേയും അപര്യാപ്തതയുള്ളതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ആരോപണങ്ങളെ ആശുപത്രി അധികൃതര്‍ തള്ളി. കൂടാതെ ഓക്‌സിജന്‍ സിലിണ്ടറുമായി അമ്മയേയും മകനേയും ആശുപത്രിയുടെ പുറത്ത് നിര്‍ത്തിയതുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.

DONT MISS
Top