ഇന്ത്യ സ്വര്‍ണം ഉയര്‍ത്തുന്നു, ഭാരോദ്വഹനത്തില്‍ സതീഷിലൂടെ മൂന്നാം പൊന്ന്

സതീഷ് ശിവലിംഗം

ഗോള്‍ഡ് കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ മെഡല്‍ വേട്ട തുടരുന്നു. തുടര്‍ച്ചയായ മൂന്നാം ദിനവും ഇന്ത്യ സ്വര്‍ണം കരസ്ഥമാക്കി മെഡല്‍ നേട്ടം അഞ്ചാക്കി ഉയര്‍ത്തി. ഭാരോദ്വഹനത്തിലൂടെയാണ് മൂന്നാം ദിനത്തിലും ഇന്ത്യ സ്വര്‍ണം കണ്ടെത്തിയത്. ഇതുവരെ മൂന്ന് സ്വര്‍ണവും ഓരോ വെള്ളിയും വെങ്കലവുമാണ് ഇന്ത്യയുടെ നേട്ടം. അഞ്ച് മെഡലുകളും ഭാരോദ്വഹനത്തില്‍ നിന്നാണ് സ്വന്തമാക്കിയിരിക്കുന്നത്.

പുരുഷന്‍മാരുടെ 77 കിലോ വിഭാഗത്തില്‍ നിലവിലെ കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍ സതീഷ് ശിവലിംഗമാണ് ഇന്ത്യയ്ക്കായി മൂന്നാം സ്വര്‍ണം ഉയര്‍ത്തിയത്. സ്‌നാച്ച്, ക്ലീന്‍ ആന്റ് ജെര്‍ക്ക് വിഭാഗങ്ങളിലായി ആകെ 317 കിലോ ഉയര്‍ത്തിയാണ് സതീഷ് പൊന്നണിഞ്ഞത്. സ്‌നാച്ചില്‍ 144 കിലോ ഉയര്‍ത്തിയ സതീഷ് ക്ലീന്‍ ആന്റ് ജെര്‍ക്കില്‍ 173 കിലോയാണ് ഉയര്‍ത്തിയത്.

ഇംഗ്ലണ്ടിന്റെ ജാക്ക് ഒളിവര്‍ (312, 145+167) വെള്ളിയും ഓസ്‌ട്രേലിയയുടെ ഫ്രാന്‍കോയിസ് ഇറ്റൗണ്ടി (305, 136+169) വെങ്കലവും സ്വന്തമാക്കി.

2014 ലെ ഗ്ലാസ്‌ഗോ ഗെയിംസില്‍ സ്‌നാച്ച്, ക്ലീന്‍ ആന്റ് ജെര്‍ക്ക് വിഭാഗങ്ങളിലായി 328 കിലോ (149+179) ഉയര്‍ത്തിയായിരുന്നു സതീഷിന്റെ സ്വര്‍ണനേട്ടം. അന്ന് സ്‌നാച്ചില്‍ ഉയര്‍ത്തിയ 149 കിലോ ഇന്നും ഗെയിംസ് റെക്കോര്‍ഡായി തുടരുകയാണ്.

നേരത്തെ ഗെയിംസിന്റെ ആദ്യ ദിനത്തില്‍ വനിതകളുടെ 48 കിലോ വിഭാഗത്തില്‍ മീരാബായ് ചാനു ഗെയിംസ് റെക്കോര്‍ഡോടെയും രണ്ടാം ദിനത്തില്‍ വനിതകളുടെ 53 കിലോ വിഭാഗത്തില്‍ സഞ്ജിത ചാനുവും ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയിരുന്നു. ആദ്യ ദിനത്തില്‍ പുരുഷന്‍മാരുടെ 56 കിലോ വിഭാഗത്തില്‍ ഗുരുരാജ വെള്ളിയും രണ്ടാം ദിനത്തില്‍ പുരുഷന്‍മാരുടെ 69 കിലോ വിഭാഗത്തില്‍ ദീപക് ലാത്തര്‍ വെങ്കലവും സ്വന്തമാക്കിയിരുന്നു.

DONT MISS
Top