‘ഇത്രയും കാലം ശബ്ദം ഉയർത്താതെ അവസാന ദിവസം ബോട്ടിൽ നിന്ന് ചാടുന്നതല്ല ഹീറോയിസം’; ബല്‍റാമിനെതിരെ കെഎസ് ശബരീനാഥന്‍

ഫയല്‍ചിത്രം

കണ്ണൂര്‍, കരുണ മെഡിക്കല്‍ പ്രവേശനം ക്രമപ്പെടുത്തുന്ന ബില്‍ നിയമസഭ പാസ്സാക്കിയതിനെ തുടര്‍ന്ന് വിടി ബല്‍റാം ഉന്നയിച്ച വിമര്‍ശനങ്ങളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കെഎസ് ശബരീനാഥന്‍ എംഎല്‍എ.  ഇത് ഒരു രാത്രികൊണ്ട് യുഡിഎഫ് എടുത്ത തീരുമാനമല്ലെന്നും മറിച്ചു പ്രതിപക്ഷത്തിനകത്തും പാർട്ടിയിലും നിയമസഭസമ്മേളത്തിനിടയിലും ഈ ബില്ല്‌യുഡിഎഫ് പലവട്ടം ചർച്ചചെയ്തതാണെന്നും ശബരിനാഥന്‍ പറയുന്നു.

എന്നാല്‍ അന്ന് ഇതിനെ ഒരു തരി പോലും എതിർക്കാതെ, ചർച്ചയിൽ ഒരു വാക്കുപോലും രേഖപ്പെടുത്താതെ രാവിലെ നിയമസഭയിൽ വന്നു ആരോടും ചർച്ചചെയ്യാതെ സ്വന്തം നിലപാട് പ്രഖ്യാപിക്കുന്നത് ആർക്കും ഭൂഷണമല്ലെന്നും അദ്ദേഹം ഒാര്‍മപ്പെടുത്തുന്നു. ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് ശബരീനാഥന്‍  നിലപാട് വ്യക്തമാക്കിയത്.

കേരള നിയമസഭയിലെ പരിണിത പ്രജ്ഞരും പുതുമുഖങ്ങളും അടങ്ങുന്ന 140 എംഎല്‍എമാർ എല്ലാവരും തന്നെ വ്യക്തമായ അഭിപ്രായമുള്ളവരാണ്. കണ്ണൂർ കരുണ മെഡിക്കൽ കോളെജ് വിഷയത്തിൽ ഒരുമിച്ച് ഒരു നിലപാടെടുത്തു. ഈ നിലപാട് തെറ്റാണെന്നു കോടതി പറഞ്ഞതും നമ്മൾ അംഗീകരിക്കുന്നു. കോടതി വിധി മനസിലാക്കികൊണ്ട് എന്തുകൊണ്ട് ഈ നിലപാടെടുത്തു എന്ന് വ്യക്തമാക്കുന്നതാണ് എന്റെ എളിയ അഭിപ്രായത്തിൽ ശരി. അല്ലാതെ ഇത്രയും കാലം ഇതിനെതിരെ ശബ്ദം ഉയർത്താതെ അവസാന ദിവസം ബോട്ടിൽ നിന്ന് ചാടുന്നതല്ല ഹീറോയിസമെന്നും ശബരീനാഥന്‍ പറയുന്നു.

ഒരുമിച്ചെടുത്ത തീരുമാനത്തിനൊടുവിൽ പാർട്ടിയ്ക്ക് ക്ഷീണമുണ്ടാകുമ്പോൾ വീണ്ടും കല്ലെറിയാൻ താനില്ലെന്നും അതുകൊണ്ട് ട്രോളുകൾക്കു സ്വാഗതമുണ്ടെന്നും ശബരീനാഥന്‍ പറയുന്നു. താൻ ഏതായാലും കൈയ്യടിവാങ്ങാൻ ഉദ്ദേശിക്കുന്നില്ലെന്നും പറഞ്ഞുകൊണ്ടാണ് ശബരീനാഥന്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ശബരീനാഥന്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം, 

നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ചു കൈകോർക്കുന്ന അവസരങ്ങൾ ചുരുക്കമാണ് . എസ്ബിടിയെ എസ്ബിഐയിൽ ലയിപ്പിക്കുന്ന അവസരത്തിൽ ഞാൻ അടക്കമുള്ള സാമാജികർ ഒരുമിച്ചുനിന്ന് എസ്ബിടിയുടെ നിലനിൽപ്പിനുവേണ്ടി പോരാടിയത് ഈ അവസരത്തിൽ ഓർക്കുന്നു.

കണ്ണൂർ കരുണ മെഡിക്കൽ കോളേജ് വിഷയത്തിൽ ഓർഡിനൻസ് എന്നൊരു ഉപാധി ഭരണപക്ഷം അവതരിപ്പിച്ചപ്പോൾ ഭരണപക്ഷത്തിന് പ്രഹരം ഏല്പിക്കാൻ പറ്റിയ ഒരു അവസരമായിക്കണ്ട് “attack” ചെയ്തു എതിർക്കാൻ പ്രതിപക്ഷത്തിന് യാതൊരു ബുദ്ധിമുട്ടുംമുണ്ടായിരുന്നില്ല. കൈയ്യടിവാങ്ങുവാനും ഇതായിരുന്നു എളുപ്പം. അതിനുപകരം “വിദ്യാർത്ഥികളുടെ ഭാവി” എന്നൊരു പൊതുമാനദണ്ഡമാണ് വ്യക്‌തിപരമായ അഭിപ്രായവ്യതാസങ്ങൾ പലർക്കുമുണ്ടായിട്ടും പ്രതിപക്ഷം ഈ വിഷയത്തിൽ സ്വീകരിച്ചത്.

ഈ വിഷയത്തിൽ കോടതിയുടെ പ്രഹരം ഏൽക്കേണ്ടി വരും എന്നൊരു സംശയം നിലനിൽക്കെതന്നെ പ്രതിപക്ഷം ഈ ബില്ലിനെ പിന്തുണച്ചു. നമ്മൾ ഭയന്നതുപോലെ ഇന്നലെ കോടതി ഉത്തരവ് സർക്കാർ നിലപാടിനെതിരായി.

ഇത് ഒരു രാത്രികൊണ്ട് യുഡിഎഫ് എടുത്ത തീരുമാനമല്ല, മറിച്ചു പ്രതിപക്ഷത്തിനകത്തും പാർട്ടിയിലും നിയമസഭസമ്മേളത്തിനിടയിലും ഈ ബില്ല്‌യുഡിഎഫ് പലവട്ടം ചർച്ചചെയ്തു. അന്ന് ഇതിനെ ഒരു തരി പോലും എതിർക്കാതെ, ചർച്ചയിൽ ഒരു വാക്കുപോലും രേഖപ്പെടുത്താതെ രാവിലെ നിയമസഭയിൽ വന്നു ആരോടും ചർച്ചചെയ്യാതെ സ്വന്തം നിലപാട് പ്രഖ്യാപിക്കുന്നത് ആർക്കും ഭൂഷണമല്ല.

കേരള നിയമസഭയിലെ പരിണിത പ്രജ്ഞരും പുതുമുഖങ്ങളും അടങ്ങുന്ന 140 എംഎല്‍എമാർ എല്ലാവരും തന്നെ വ്യക്തമായ അഭിപ്രായമുള്ളവരാണ്. കണ്ണൂർ കരുണ മെഡിക്കൽ കോളേജ് വിഷയത്തിൽ ഒരു നിലപാട് ഒരുമിച്ചു നമ്മൾ എടുത്തു;ഈ നിലപാട് തെറ്റാണെന്നു കോടതി പറഞ്ഞതും നമ്മൾ അംഗീകരിക്കുന്നു. കോടതി വിധി മനസിലാക്കികൊണ്ട് എന്തുകൊണ്ട് ഈ നിലപാടെടുത്തു എന്ന് വ്യക്തമാക്കുന്നതാണ് എന്റെ എളിയ അഭിപ്രായത്തിൽ ശരി. അല്ലാതെ ഇത്രയും കാലം ഇതിനെതിരെ ശബ്ദം ഉയർത്താതെ അവസാന ദിവസം ബോട്ടിൽ നിന്ന് ചാടുന്നതല്ല ഹീറോയിസം.

PS: യുഡിഎഫ് ഒരുമിച്ചെടുത്ത തീരുമാനത്തിനൊടുവിൽ പാർട്ടിയ്ക്ക് ക്ഷീണമുണ്ടാകുമ്പോൾ വീണ്ടും കല്ലെറിയാൻ ഞാനില്ല. അതുകൊണ്ട് ട്രോളുകൾക്കു സ്വാഗതം. ഞാൻ ഏതായാലും കൈയ്യടിവാങ്ങാൻ ഉദ്ദേശിക്കുന്നില്ല.

DONT MISS
Top